പാലക്കാട്: പുന്നപ്ര – വയലാര്‍ സമരങ്ങളെ സ്വാതന്ത്ര്യസമരമായി പ്രഖ്യാപിച്ച മുന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം റദ്ദ് ചെയ്യണമെന്ന് ഭാരതീയ വിചാരകേന്ദ്രം ജില്ലാസമ്മേളനം കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
പുന്നപ്ര-വയലാര്‍ സംഘര്‍ഷത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാക്കി വളച്ചൊടിക്കുകയാണ് ചെയ്തത്. ഇത് സ്വാതന്ത്യസമര സേനാനികളെ അപമാനിക്കലാണ്. ഭാരത വിഭജനം എന്ന മുസ്ലീം ലീഗ് ആവശ്യത്തിനു ബലം നല്‍കി, രണ്ടായിട്ടല്ല പതിന്നാലായി രാജ്യത്തെ വെട്ടിമുറിക്കണമെന്നതിന് ന്യായം നിരത്തിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭാരതീയ ദേശീയ ധാര പ്രബലമാക്കുവാനൊരു സമരം നടത്താനുള്ള സാധ്യതയും അക്കാലത്ത് കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. അതിനാല്‍ പുന്നപ്ര-വയലാര്‍ സംഘര്‍ഷങ്ങളുടെ വസ്തുതകളിലേക്കുള്ള ചരിത്രാന്വേഷണം ഉണ്ടാകേണ്ടതുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു. അവയൊരിക്കലും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നില്ല.
അണികളെ കൊലയ്‌ക്കു കൊടുക്കുക എന്ന കമ്യൂണിസ്റ്റ് പാരമ്പര്യം ഇന്നും തുടരുന്നു. കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ പിന്‍ബലത്തില്‍ നിലനിന്നിരുന്ന കേന്ദ്ര ഭരണകൂടത്തെ സ്വാധീനിച്ച് ചരിത്രം തിരുത്തുവാനാണ് അവര്‍ ശ്രമിച്ചത്.
അനര്‍ഹര്‍ക്ക് സ്വാതന്ത്യസമര സേനാനികളെന്ന പരിഗണനയും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നത് അവസാനിപ്പിക്കുക, പുന്നപ്ര- വയലാര്‍ സംഘര്‍ഷങ്ങളുടെ ചരിത്രം അന്വേഷിച്ച് വസ്തുതകള്‍ സത്യസന്ധമായി രേഖപ്പെടുത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ മുന്‍കൈ എടുക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. വിജയകൃഷ്ണന്‍ ചെറുകാട്ട് പ്രമേയം അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: