കുന്നത്തൂര്‍: വേനല്‍ച്ചൂടില്‍ നാട് വെന്തുരുകുമ്പോള്‍ കുളിര്‍മയേകി ആശ്വാസം പകര്‍ന്ന് കണ്ണാടിക്കുളം. ശാസ്താംകോട്ട ഭരണിക്കാവ് മുതുപിലാക്കാട് അശ്വതി ജംഗ്ഷന് സമീപത്തെ കണ്ണാടിക്കുളത്തില്‍ നീന്തിക്കുളിച്ച് ഉല്ലസിക്കാന്‍ നൂറുകണക്കിനാളുകളാണ് ദിവസേന എത്തുന്നത്.
ജലദൗര്‍ലഭ്യം നേരിടുന്ന വേനല്‍ക്കാലത്ത് പ്രദേശവാസികള്‍ കുളിക്കുന്നതിനും തുണി അലക്കുന്നതിനും ഉപയോഗിച്ചിരുന്ന മുണ്ടുചിറകുളത്തില്‍ മറ്റിടങ്ങളില്‍ നിന്നും ആളുകള്‍ എത്തിയതോടെയാണ് കണ്ണാടിക്കുളം എന്ന പുതിയ പേര് നല്‍കപ്പെട്ടത്.
കണ്ണാടി പോലെ തെളിമയുള്ള കുളത്തിന് അവര്‍ ആ പേര് നല്‍കിയതില്‍ അത്ഭുതമില്ല. കണ്ണാടിക്കുളത്തിന്റെ പേരും പെരുമയും വ്യാപിച്ചതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സമീപ ജില്ലകളില്‍ നിന്നും ആളുകള്‍ ഇവിടേക്ക് എത്തുകയാണ്. നീന്തല്‍ പഠിക്കാനെത്തുന്നവരും ഏറെ. കഴിഞ്ഞവര്‍ഷം ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ കണ്ണാടിക്കുളത്തില്‍ പ്രദേശവാസികള്‍ മാത്രമാണ് നീന്തിക്കുളിക്കാന്‍ എത്തിയത്. പേരുപോലെ തന്നെ തെളിമയും വെള്ളത്തിന് തണുപ്പും ഉള്ളതാണ് കുളത്തെ പ്രിയങ്കരമാക്കുന്നത്. കുളത്തിനോട് ചേര്‍ന്നുള്ള ഓടയിലൂടെ കൃഷിക്കാവശ്യമായ വെള്ളം ഒഴുക്കുന്നതിനാല്‍ കുളത്തില്‍ മാലിന്യവും കെട്ടികിടക്കാറില്ല.
പതിനഞ്ച് അടിയിലേറെ ആഴമുള്ള കുളത്തില്‍ ഇതുവരെ ഒരു അത്യാഹിതവും സംഭവിച്ചിട്ടില്ല എന്നതും പ്രത്യേകതയാണ്. കുളത്തില്‍ സദാസമയവും തിരക്കായതിനാല്‍ ബുദ്ധിമുട്ടിലായത് പ്രദേശവാസികളാണ്. കിണറുകള്‍ വറ്റിവരണ്ടതോടെ തുണി അലക്കാനും കുളിക്കാനും കുളത്തെ ആശ്രയിക്കാന്‍ കഴിയുന്നില്ലെന്ന പരിഭവത്തിലാണ് നാട്ടുകാര്‍.
ബിജു സോപാനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: