കല്‍പ്പറ്റ: കാരാപ്പുഴ ഡാം പരിസരത്ത് എത്തിയ വിനോദസഞ്ചാരികള്‍ വൈദ്യുതിലൈന്‍ വകവെക്കാതെ കെഎസ്ആര് ടി സി ബസിന് മുകളില്‍ കയറി റോഡ് ഷോ നടത്തുന്ന ദൃശ്യം വിവാദമാകുന്നു. അപകടകരമായ രീതിയിലാണ് വിനോദസഞ്ചാരികളെ ബസിന് മുകളില്‍ കയറ്റിയത്.
വിനോദ സഞ്ചാരികളുമായി വന്ന രണ്ട് ബസുകളിലാണ് സഞ്ചാരികളുടെ അഭ്യാസം. സര്‍ക്കാര്‍ വാഹനത്തിന് മുകളില്‍ അഭ്യാസം നടത്തിയാല്‍ മോട്ടോര്‍ വാഹന വകുപ്പിനും പോലീസിനും ബാധകമല്ലേ എന്നും ഡ്രൈവര്‍ സീറ്റില്‍ കയറി ഫോട്ടോ എടുക്കുകയും ലൈസന്‍സ് പോലുമില്ലാത്തവര്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്യുകയും ചെയ്യുന്നത് നിയമ വിരുദ്ധമല്ലേ എന്നും ആക്ഷേപമുയരുന്നുണ്ട്.
അപകടം ക്ഷണിച്ചുവരുത്തുന്ന ഇത്തരം പ്രവര്‍ത്തികള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും സമൂഹ മാധ്യമങ്ങളിലും പുറത്തും നടന്ന ചര്‍ച്ചയില്‍ പലരും പ്രതികരിച്ചു. യാത്രികരെ ബസിന് മുകളില്‍ നിര്‍ത്തി ബസ് റിവേഴ്സ് എടുക്കുന്നതും മറ്റുമായ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ബത്തേരി ഡിപ്പോയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് വാടകക്കെടുത്ത് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആഘോഷങ്ങള്‍ നടത്തിയതായാണ് പരാതി.
കഴിഞ്ഞ ദിവസമാണ് ഒരു ഓണ്‍ലൈന്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസിയുടെ രണ്ട് ബസ്സുകള്‍ വാടകക്കെടുത്ത് ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് യാത്രനടത്തിയത്. ഈ യാത്രക്കിടയിലാണ് നിയമംലംഘിച്ച് കെഎസ്ആര്‍ടിസി ബസ്സിന് മുകളില്‍ കയറി യാത്ര ചെയ്യുകയും വൈദ്യുതി ലൈനുകള്‍ക്ക് തൊട്ടുതാഴെ നിന്ന് അപകടകരമാം വിധത്തില്‍ സെല്‍ഫിയും മറ്റുമെടുത്തതും. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വിവാദമായതും പരാതി നല്കിയതും. മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ തന്നെ ആഘോഷങ്ങള്‍ നടത്തിയതായും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: