ഒരു സംരംഭം തുടങ്ങുമ്പോള്‍ നിയപരമായ ഒത്തിരി സങ്കീര്‍ണതകള്‍ അഭിമുഖീകരിക്കേണ്ടി വരും. എന്നാല്‍ സംരംഭകര്‍ ഒരു രൂപ പോലും കൈക്കൂലി കൊടുക്കരുത്. നിയമത്തിനകത്തു നിന്നുകൊണ്ടു തന്നെ എല്ലാ കാര്യങ്ങളും ചെയ്യുക. പിന്നീട് അഡ്ജസ്റ്റ് ചെയ്യാമെന്ന ചിന്ത ഒരിക്കലും ഉണ്ടാകരുത്. അത് സംരംഭകന് എന്നും പ്രശ്നങ്ങളുണ്ടാക്കും. ബാങ്ക് വായ്പകള്‍ക്കും മറ്റും കഴിയുന്നതും പേഴ്സണല്‍ ഗാരന്റി കൊടുക്കാതിരിക്കുക. അങ്ങനെ ചെയ്താല്‍ സംരംഭകന് എന്നും കുടുക്കിലാകും. ഏതെങ്കിലും ആസ്തി ഈടായി കൊടുക്കുന്നതാണ് ഉചിതം
ഉപയോഗപ്പെടുത്താവുന്ന മേഖലകളിലെല്ലാം പ്രൊഫഷണലുകളുടെ സഹായം സ്വീകരിക്കുക. പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയാറാക്കാനും മറ്റും ഏതെങ്കിലും ചാര്‍ട്ടേഡ് എക്കൗണ്ടന്റുമാരുടെ സേവനം തേടാം. സ്ഥാപനത്തിലെ സ്ഥാനങ്ങളിലേക്ക് ബന്ധുക്കളെ തിരുകിക്കയറ്റരുത്, അനുയോജ്യരായവരെ മാത്രം നിയമിക്കുക. പ്രവാസികളും മറ്റും തിരികെയെത്തി സംരംഭം തുടങ്ങുമ്പോള്‍ കാണിക്കുന്ന ഒരു അബദ്ധമാണിത്. ബികോം പാസായ ഒരു അളിയനുണ്ടെങ്കില്‍ അയാളെ ഫിനാന്‍സിന്റെ ചുമതലക്കാരനാക്കാമെന്ന് കരുതരുത്.
ആരെയും ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍, പ്രത്യേകിച്ച് രാഷ്ട്രീയക്കാരുടെ ശുപാര്‍ശയില്‍ നിയമിക്കരുത്. സ്ഥാപനത്തിന്റെ തകര്‍ച്ചയുടെ തുടക്കം അവിടെയാണെന്നോര്‍ക്കുക. അര്‍ഹതപ്പെടാത്ത ജോലി കിട്ടുന്ന വ്യക്തി അയാളുടെ അപകര്‍ഷതാ മനോഭാവം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുകയും സ്ഥാപനത്തില്‍ സ്വാധീനമുറപ്പിക്കാന്‍ സ്ഥാപന ഉടമയ്ക്കെതിരെ തന്നെ തിരിയുന്നതായും കാണാറുണ്ട്. ശുപാര്‍ശകള്‍ ലഭിച്ചാല്‍ അവര്‍ നിയമനത്തിന് അര്‍ഹരാണോയെന്ന് പരിശോധിച്ച ശേഷം മാത്രം ജോലി നല്‍കുക.
പണമില്ലെങ്കില്‍ ബിസിനസ് മുന്നോട്ടു പോകില്ലെന്നത് സരളമായ തത്വമാണ്. ഫണ്ട് ഒഴുക്ക് സുഗമമാക്കണം. പലിശ നിരക്ക് കൂടുതലുള്ള അനൗദ്യോഗിക സാമ്പത്തിക മേഖലയില്‍ നിന്ന് ഒരിക്കലും പണം കടമെടുക്കരുത്. സര്‍ക്കാര്‍ തലത്തിലെ സബ്സിഡികളും മറ്റും കാഷ് ഫ്ളോയുടെ ഭാഗമായി കാണരുത്. അത് കിട്ടുമ്പോള്‍ കിട്ടിക്കോട്ടെ എന്നതായിരിക്കണം നിലപാട്. കേരളത്തിനെ സംബന്ധിച്ച് ഏറ്റവും പോസിറ്റീവായ കാര്യം മാനവ ലഭ്യത തന്നെയാണ്. ലോകം മുഴുവന്‍ ജോലി ചെയ്ത അനുഭവ പരിചയമുള്ള മികച്ച തൊഴില്‍ ശക്തി കേരളത്തിന് സ്വന്തമായുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളായി നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്ത്, പ്രത്യേകിച്ച് എന്‍ജിനീയറിംഗ് രംഗത്തുണ്ടായ തകര്‍ച്ച മൂലം ആ മുന്‍തൂക്കം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇന്ന് 5,000-6,000 പേരെ ടെസ്റ്റെഴുതിച്ചാല്‍ ഗുണമേന്മയുള്ള 20-25 പേരെ മാത്രമേ കിട്ടുന്നുള്ളൂ.
ഐടിയില്‍ കേരളം ചെയ്യേണ്ടത്
ഐടി മേഖലയില്‍ കേരളത്തിന് ഒരിക്കലും ആദ്യ അഞ്ചിലെത്താന്‍ സാധിക്കില്ലെന്നതാണ് വാസ്തവം. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ കേരളവും മറ്റ് സംസ്ഥാനങ്ങളും തമ്മിലുള്ള വിടവ് അത്രത്തോളം വര്‍ധിച്ചിട്ടണ്ട്. പക്ഷേ ഉന്നത നിലവാരമുള്ള കളിക്കാരനായി കേരളത്തിന് മാറാനാവും. ഇപ്പോള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ വേണ്ടവിധം പ്രോല്സാഹിപ്പിച്ചാല് മാറ്റമുണ്ടാകും. പക്ഷേ അതിന് സഹായകമായ ഒരു ഇക്കോസിസ്റ്റം രൂപപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
ഉന്നത വിദ്യാഭ്യാസ രംഗത്തെ തകര്‍ച്ച ഒഴിവാക്കി പുതിയ നിലവാരം കൊണ്ടുവന്നാല്‍ ഐടി രംഗത്തും പുതിയ ടാലന്റുകള്‍ ഉദയം ചെയ്യും. നമ്മുടെ സമ്പത്തായ ജനങ്ങളുടെ ഗുണനിലവാരം കൂടി വര്‍ധിപ്പിക്കേണ്ടതുണ്ട്്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ഐടി മേഖലയും ഒരുമിച്ച് കൈകോര്‍ത്തു നീങ്ങിയാല്‍ സ്വാഭാവികമായും ഈ മേഖല വളരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: