ലഖ്നോ: ഉത്തര്‍പ്രദേശില്‍ ആറ് വര്‍ഷം മുമ്പ് മുഖ്യമന്ത്രിയായിരിക്കെ സന്യാസിമാരെ ലാത്തിച്ചാര്‍ജ്ജ് ചെയ്യാന്‍ ഉത്തരവിട്ടതില്‍ മാപ്പ് ചോദിച്ച് സമാജ് വാദി പാര്‍ട്ടിനേതാവ് അഖിലേഷ് യാദവ്.
2015ല്‍ അഖിലേഷ് യാവദ് യുപി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ഗംഗാനദിയില്‍ ഗണേശ വിഗ്രഹം മുക്കാന്‍ ശ്രമിച്ച സന്യാസിമാരെ അതില്‍ നിന്നും തടഞ്ഞത്. സര്‍ക്കാരിന്റെ ഏകപക്ഷീയമായ ഉത്തരവില്‍ പ്രതിഷേധിച്ച് സന്യാസിമാര്‍ പ്രതിഷേധിക്കാന്‍ തുടങ്ങി. സമരം ചെയ്യുന്ന സന്യാസിമാരെ പിരിച്ചുവിടാന്‍ അഖിലേഷ് യാദവ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മൃഗീയമായ പൊലീസ് നടപടിക്ക് ഉത്തരവിട്ടു. ഈ ലാത്തിച്ചാര്‍ജ്ജില്‍ നിരവധി സന്യാസിമാര്‍ക്ക് പരിക്കേറ്റു. ഇത് സന്യാസസമൂഹത്തിനിടയില്‍ വ്യാപകമായ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു.
ഇപ്പോള്‍ ഏപ്രില്‍ 2021. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ഏതാനും മാസങ്ങള്‍ മാത്രമേയുള്ളൂ. ഈ സാഹചര്യത്തില്‍ അഖിലേഷ് യാദവ് ഹരിദ്വാറിലെ കന്‍ഖലില്‍ ശങ്കരാചാര്യ സ്വരൂപാനന്ദ് സരസ്വതിയുടെ ആശ്രമം സന്ദര്‍ശിച്ചു. 2015ല്‍ സന്യാസിമാര്‍ക്ക് നേരെ നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
അന്നത്തെ ലാത്തിച്ചാര്‍ജ്ജില്‍ ശങ്കരാചാര്യരുടെ ശിഷ്യനായ സ്വാമി അവിമുക്തേശ്വരാനന്ദിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇദ്ദേഹവുമായും അഖിലേഷ് യാദവ് ആശ്രമത്തില്‍ കൂടിക്കാഴ്ച നടത്തി.
പക്ഷെ ലാത്തിച്ചാര്‍ജ്ജോ വെടിവെപ്പോ നടത്തിയ ശേഷം മാപ്പ് പറയുക എന്നത് സമാജ് വാദി പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം പുതുമയുള്ള വിഷയമല്ല. ഇതുപോലെ 1990ല്‍ അഖിലേഷിന്റെ അച്ഛനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായി മുലായം സിംഗ് യാദവ് കര്‍സേവകരെ വെടിവെക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതില്‍ കോത്താരി സഹോദരന്മാര് ഉള്‍പ്പെടെ പല കര്‍സേവകരുടെയും ജീവന് നഷ്ടമായി. എന്നാല്‍ 2016ല്‍ മുലായംസിംഗ് 1990ലെ വെടിവെപ്പില്‍ മാപ്പ് ചോദിച്ചു. 2017ലെ യുപി നിയമസഭാതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടായിരുന്നു അച്ഛന് മുലായം സിംഗിന്റെ മാപ്പിരക്കല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: