ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനത്തിന് ഭക്തരെ പ്രവേശിപ്പിക്കില്ലെന്ന ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ വാര്‍ത്താകുറിപ്പ് വിവാദത്തില്‍. വിഷുക്കണി ദര്‍ശനം ചടങ്ങ് മാത്രമാക്കിയത് അറിഞ്ഞില്ലെന്ന് ദേവസ്വം ഭരണസമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും വ്യക്തമാക്കി.
ഭരണസമിതിയിലെ സ്ഥിരാംഗമായ മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരിപ്പാട്, മറ്റംഗങ്ങളായ എ.വി. പ്രശാന്ത്, കെ.വി. ഷാജി, അഡ്വ. കെ.വി. മോഹനകൃഷ്ണന്, കെ. അജിത് എന്നിവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഗുരുവായൂര്‍ ദേവസ്വത്തില്‍ കൂടിയാലോചന ഇല്ലാതെയും ഭരണ സമിതി അറിയാതെ ചെയര്‍മാനും അഡ്മിനിസ്ട്രേറ്ററും ചേര്‍ന്ന് കാര്യങ്ങള്‍ തീരുമാനിക്കുകയാണെന്നും ഭരണസമിതി അംഗങ്ങള്‍ ആരോപിച്ചു. കൊവിഡ് മാനദണ്ഢങ്ങള്‍ പാലിച്ച് വിഷുക്കണി ദര്‍ശനത്തിന് സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ഭരണസമിതി അംഗങ്ങള്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്ക് കത്ത് നല്കി.
ദേവസ്വം ചെയര്‍മാനും അഡ്മിനിസ്ട്രേറ്ററും ചേര്‍ന്ന് ഭരണസമിതി അംഗങ്ങളോട് കൂടിയാലോചിക്കാതെ തീരുമാനങ്ങളെടുക്കുന്നതില്‍ മുന്‍പും പ്രതിഷേധമുണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: