തിരുവനന്തപുരം : മൻസൂർ വധക്കേസിലെ രണ്ടാം പ്രതി കൂലോത്ത് രതീഷിനെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ. ഒളിവിൽ കഴിയുകയായിരുന്ന രതീഷ് ഒരു നേതാവിനെ ഭീഷണിപ്പെടുത്തി സംസാരിച്ചു. തുടർന്നാണ് രതീഷ് കൊല്ലപ്പെട്ടത്. ഈ നേതാവിന്റെ പേര് പുറത്ത് പറയാൻ താൽപര്യമില്ലെന്നും കെ. സുധാകരൻ അറിയിച്ചു.
രതീഷിനെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്നുള്ള സംശയം നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിർണായക വെളിപ്പെടുത്തലുമായി കെ. സുധാകരൻ രംഗത്തെത്തിയത്. ഒരു നേതാവിനെ രതീഷ് ഭീഷണിപ്പെടുത്തിയതിൽ തുടങ്ങിയ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മറ്റ് പ്രതികൾ കൂട്ടം ചേർന്ന് മർദ്ദിച്ചതോടെ രതീഷ് ബോധരഹിതനായി വീഴുകയായിരുന്നു. തുടർന്ന് എല്ലാവരും ചേർന്ന് രതീഷിനെ കെട്ടിത്തൂക്കി. പാർട്ടിയിൽ നിന്നും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും കെ. സുധാകരൻ കൂട്ടിച്ചേർത്തു.
രതീഷിന്റെ ആന്തരീകാവയവങ്ങൾക്ക് ക്ഷതം സംഭവിക്കുകയും മുഖത്ത് മുറിവേൽക്കുകയും ചെയ്തിരുന്നു. കൊപാതകത്തിന്റെ എല്ലാ തെളിവുകളും മൃതദേഹത്തിൽ അവശേഷിച്ചിരുന്നു. ഈ സാഹചര്യത്തിൽ കഴിഞ്ഞ ദിവസവും രതീഷ് ആത്മഹത്യ ചെയ്ത സ്ഥലത്തെത്തി പോലീസ് പരിശോധന നടത്തിയിരുന്നു. നിലവിൽ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.
തൂങ്ങി മരിക്കുന്നതിന് മുന്നേ തന്നെ രതീഷ് കൊലപ്പെട്ടിരുന്നുവെന്നാണ് പോലീസിന്റെയും നിഗമനം. കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിൻ` മേലെ കടുത്ത രാഷ്‌ട്രീയ സമ്മർദ്ദം ഉണ്ടെന്നാണ് സൂചന. എസ്.പി നേരിട്ടാണ് ഫോറൻസിക് വിഗഗ്ധരുമായി ചേർന്ന് കേസിൽ അന്വേഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: