കോട്ടയം: വിവരാവകാശ നിയമം വഴി ജനങ്ങള്‍ക്ക് ലഭിച്ച, അറിയാനുള്ള അവകാശത്തെ സര്‍ക്കാര്‍ അട്ടിമറിക്കുന്നു. സര്‍ക്കാര്‍ തലങ്ങളിലെ ഉദ്യോഗസ്ഥ നടപടികളെക്കുറിച്ച് സാധാരണക്കാര്‍ക്ക് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കാനുള്ള ഏകമാര്‍ഗം വിവരാവകാശ നിയമം മാത്രമാണ്.
പക്ഷേ, ഇത് ഫലപ്രദമല്ല. എങ്ങനെ വിവരങ്ങള്‍ നല്‍കാതിരിക്കാനാകുമെന്നത് സംബന്ധിച്ച ‘ഗവേഷണങ്ങളാണ്’ വിവരങ്ങള്‍ കൈമാറാന്‍ നിയോഗിക്കപ്പെട്ടവര്‍ നടത്തുന്നത്. അപേക്ഷകളിലെ വാചകവും ഘടനയും വ്യാഖ്യാനിച്ച് അപേക്ഷ നിരസിക്കുകയോ, വിവരം നല്‍കാതെ ഒഴിഞ്ഞുമാറുകയോ ചെയ്യുന്നത് പതിവായി. ഇക്കാര്യത്തില്‍ അപ്പീല്‍ അധികാരികളില്‍ നിന്നുപോലും അനുകൂലമായ സമീപനങ്ങളുണ്ടാകാറില്ല. അപേക്ഷകര്‍ക്ക്, വിവരാവകാശ അപേക്ഷ തയാറാക്കാന്‍ സ്‌റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസ് സഹായങ്ങള്‍ ചെയ്തു കൊടുക്കണമെന്നാണ് നിയമം. അക്കമിട്ട് ആവശ്യപ്പെടുന്ന വിവരം ഓരോന്നിനും പ്രത്യേകം മറുപടി നല്‍കണമെന്നാണ് ചട്ടം. പക്ഷേ അങ്ങനെയൊന്നും നല്‍കാറില്ല.
വിവരാവകാശം തേടിയ 80 വയസ്സുള്ള ഒരു വിമുക്തഭടന്, ഉദ്യോഗസ്ഥരില്‍ നിന്ന് പലപ്പോഴും വ്യക്തിഹത്യപോലും നേരിടേണ്ടതായി വന്നിട്ടുണ്ട്. വിവരാവകാശ സംവിധാനങ്ങളില്‍ പോലും അധികാര ദുര്‍വിനിയോഗവും, നീതിനിഷേധവും സംഭവിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അപേക്ഷകളിലെ സിറ്റിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യഥാസമയം അറിയിക്കാതിരിക്കുക, പലപ്പോഴും അഴിമതിക്കാരായ ഉദ്യോഗസ്ഥരെ രക്ഷിക്കുന്നതിന് കൂടുതല്‍ ഊന്നല്‍ നല്‍കുക തുടങ്ങിയവ തനിക്ക് അനുഭവപ്പെട്ടിട്ടുണ്ടെന്ന് പാമ്പാടി വെള്ളൂര്‍ വെട്ടിയില്‍ വി.എം. രവീന്ദ്രന്‍ നായര്‍ പറഞ്ഞു. ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ റവന്യൂ വിഭാഗത്തില്‍ നിന്ന് ലഭ്യമാകുന്നതിന് 15ഓളം അപേക്ഷകള്‍ നല്‍കേണ്ടിവന്നു. എല്ലാത്തിലും ഒന്നും, രണ്ടും അപ്പീല്‍ അധികാരികളുടെ സമീപത്തും പോകേണ്ടതായിവന്നു. ഇവിടെ അനുഭവിച്ച നീതികേട് സംസ്ഥാനത്തെ വിവരാവകാശ സംവിധാനങ്ങള്‍ക്ക് ജനങ്ങളോടുള്ള പ്രതിബദ്ധത എത്രത്തോളം ഉണ്ടെന്ന് തിരിച്ചറിയാന്‍ വഴിയൊരുക്കിയെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം അപ്പീല്‍ അധികാരിയുടെ തീരുമാനങ്ങളിലെ പരിഹാരം ഹൈക്കോടതിയാണ്. ഇത് ചെലവേറിയതായതിനാല്‍ സാമ്പത്തികശേഷിക്കുറവുള്ളവര്‍ അതിന് തുനിയാറില്ല. ഇത് പലപ്പോഴും പ്രതിപ്പട്ടികയിലുള്ളവര്‍ക്ക് അനുകൂല സാഹചര്യങ്ങള്‍ക്ക് വഴിയൊരുക്കുന്നു. വിവരാവകാശ നിയമത്തിലൂടെ ജനങ്ങള്‍ക്ക് സഹായകമാകേണ്ടവര്‍ തന്നെ അത് അട്ടിമറിക്കുകയാണെന്നും രവീന്ദ്രന്‍ നായര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: