ആലപ്പുഴ: ബ്രഷുകളിലും, സ്കൂള്‍ സ്ളേറ്റുകളിലും തുമ്പികളും ചിത്രശലഭങ്ങളും പാറിപ്പറക്കുകയാണ് ചിത്രകാരന് രാകേഷ് അന്‍സേരയുടെ കരവിരുതിലൂടെ. ആലപ്പുഴ നഗത്ത്വരത്തിലെ ആര്‍ട്ട് ഗ്യാലറിയിലെ ചിത്രപ്രദര്‍ശനം വേറിട്ടതായി. ഉല്ലാസത്തോടെ പറക്കുന്ന തുമ്പികളും ശലഭങ്ങളുമാണ് ഗ്യാലറിയിലെ കാഴ്ച. പൂവുകളില്‍നിന്ന് തേന്‍ കുടിക്കുന്ന ശലഭങ്ങളുമുണ്ട്. ചുവരുകള്‍ പെയിന്റ് ചെയ്യുന്ന സാദാ ബ്രഷാണ് രാകേഷ് ഉപയോഗിച്ചിരിക്കുന്നത്.
മുന്‍പൊരിക്കല്‍ വീട് പെയിന്റടിച്ചശേഷം ബ്രഷ് കഴുകുന്നതിനിടെയാണ് ഇതൊരു ഭംഗിയുള്ള കാന്വാസാണല്ലോ എന്ന് തോന്നുന്നത്. അപ്പോള്‍തന്നെ പുത്തന്‍ കാന്‍വാസില്‍ ചിത്രം വരച്ച് ഫേസ്ബുക്കിലിട്ടു. അത് ക്ലിക്കായി. അന്വേഷിച്ചപ്പോള്‍ ബ്രഷുകളില്‍ ആരും ചിത്രം വരച്ചിട്ടുള്ളതായി അറിഞ്ഞില്ല. മൂന്ന്, നാല് ഇഞ്ചുകളുടെ പെയിന്റിങ് ബ്രഷുകളാണ് രാകേഷിന്റെ കാന്‍വാസ്. ആദ്യം വെള്ളയും കറുപ്പും എമല്‍ഷന്‍ അടിച്ച് ബേസ് റെഡിയാക്കും. അതുണക്കിയശേഷമാണ് അക്രിലിക്ക് പെയിന്റ് ഉപയോഗിച്ച് ചിത്രം വരയ്ക്കുന്നത്.
ബ്രഷിന് വീതി കുറവായതുകൊണ്ടാണ് തുമ്പിയെയും ചിത്രശലഭത്തെയും തെരഞ്ഞെടുത്തത്. ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്ഡ്സിലെത്തുകയാണ് രാകേഷിന്റെ ലക്ഷ്യം. ബ്രഷുകള്‍ക്ക് പുറമേ സ്കൂള്‍ സ്ലേറ്റുകളിലും ചിത്രങ്ങളുണ്ട്. ചിത്രശലഭങ്ങളുടെയും തുമ്പികളുടെയും വൈവിധ്യം കണ്ടെത്തിയത് ഇന്റര്‍നെറ്റ് സഹായത്തോടെയാണെന്ന് രാകേഷ് പറഞ്ഞു.
എസ്എസ് സ്കൂള്‍ ഓഫ് ആര്‍ട്സില്‍നിന്ന് ഫൈന്‍ ആര്‍ട്സില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയ രാകേഷ് വിവിധ ക്യാമ്പുകളിലും കൊച്ചി ബിനാലെ, നെഹ്റുട്രോഫി വരമേളം, നിയമസഭയില്‍ ചിരിവര, കൃതി ഇന്റര്‍നാഷണല്‍ ബുക്ക് ഫെസ്റ്റ് തുടങ്ങിയ സ്പോട്ട് കാരിക്കേച്ചറുകളിലും പങ്കാളിയായി. സ്കൂള്‍ ഓഫ് ആര്‍ട്സ് സംഘടിപ്പിച്ച ചിത്രകലാ പ്രദര്‍ശനം, ഔട്ട്ഡോര്‍ പെയിന്റിങ് എക്സിബിഷന്‍സ്, സോളോ കാര്‍ട്ടൂണ്‍ പ്രദര്‍ശനങ്ങള്‍, സച്ചിന് തെന്‍ഡുല്‍ക്കറിന് ആദരമായി ബാറ്റും തുഴയും പ്രദര്‍ശനം തുടങ്ങിയവയും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: