മട്ടാഞ്ചേരി: കൊവിഡ് രോഗഭീതിയിൽ ആഡംബര യാത്രാ കപ്പലുകളില്ലാതായത് കൊച്ചി തുറമുഖത്തിന് കോടികളുടെ വരുമാന നഷ്ടമുണ്ടാക്കി. 2020-21 ൽ കപ്പൽ വരവ് ഇല്ലാതായതോടെ ക്രൂയീസ് ടൂറിസം മേഖലയിൽ മാത്രം തുറമുഖത്തിന് 10- 15 കോടി രൂപയാണ് വരുമാന നഷ്ടമുണ്ടായത്.
കൂടാതെ സംസ്ഥാന ടുറിസം രംഗത്ത് വിവിധമേഖലകളിലായി സംസ്ഥാനത്തിന് 50-60 കോടിയിലെറെ രൂപയുടെ നഷ്ടവും കണക്കാക്കുന്നു. പ്രതിവർഷം ഒക്ടോബർ – മെയ് സീസണിൽ 45 ഓളം ആഡംബര വിദേശ വിനോദ സഞ്ചാര കപ്പലുകളാണ് കൊച്ചി തുറമുഖത്ത് എത്താറുള്ളത്. ചെറുതും വലുതുമായ കപ്പലുകൾ തുറമുഖത്ത് എത്തിയാൽ വാർഫേജ് നിരക്കടക്കം ശരാശരി 40-60 ലക്ഷം രൂപ വരെയാണ് തുറമുഖത്തിന് വരുമാനമുണ്ടാകുക.
കൂടാതെ ക്ലീയറിങ്, കുടിവെള്ളം, ചികിത്സ പരിശോധന, മാലിന്യനീക്കം തുടങ്ങിയവയിലും വരുമാനമുണ്ട്. 400 മുതൽ 2800 യാത്രക്കാരും 1200 ഓളം കപ്പൽ ജീവനക്കാരുമാണ് ഒരു കപ്പലിലെത്തുക. ഒരു സീസണിൽ അരലക്ഷം പേരാണ് കൊച്ചിയിലെത്തുക. ഒരു വിനോദ കേന്ദ്രങ്ങളിലിറങ്ങുന്ന ഒരാൾ ശരാശരി 600-800 ഡോളർ വരെ (5000 -8000 രൂപ) ചിലവഴിക്കപ്പെടുമെന്നാണ് കണക്ക്. 2020 മാർച്ച് ആദ്യവാരമാണ് രാജ്യത്തെ മേജർ തുറമുഖങ്ങളിൽ ആഡംബര വിദേശ വിനോദസഞ്ചാര കപ്പലുകൾക്ക് വിലക്കെർപ്പെടുത്തിയത്. മാർച്ച് മെയ് കാലയളിൽ മാത്രം ആറ് കപ്പലുകൾക്കാണ് കൊച്ചിയിൽ വിലക്കേർപ്പെടുത്തിയത്.
മറ്റു തുറമുഖങ്ങളിലടക്കം 25 ഓളം കപ്പലുകൾ ഇന്ത്യൻ തുറമുഖങ്ങളിൽ അടുപ്പിക്കുന്നതിന് വിലക്കെർപ്പെടുത്തി. കൊച്ചി, മംഗലാപുരം, ഗോവ, ചൈന്നൈ, മുംബൈ, തുടങ്ങി മേജർ തുറമുഖങ്ങളിലാണ് ആഡംബര കപ്പലുകളെത്താറ്. 2020-21 സീസണിൽ 60 കപ്പലുകൾ വരെ കൊച്ചി ലക്ഷ്യമിട്ടിരുന്നു. ഇതിനായി ആധുനിക സൗകര്യവുമായി ക്രൂയിസ് ടെർമിനൽ സജ്ജീകരിക്കുകയും ചെയ്തു. 2020ൽ 50 ദശലക്ഷംവിദേശ വിനോദസഞ്ചാരികളാണ് ഇന്ത്യൻ ടുറിസം മേഖല ലക്ഷ്യമിട്ടതെന്ന് ഇന്ത്യൻ ക്രൂയീസ് ലൈനേഴ്‌സ് അസോസിയേഷൻ അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: