ന്യൂയോർക്ക് : ചൈനയ്ക്കെതിരായ നീക്കം കടുപ്പിച്ച് അമേരിക്ക. ഏഴോളം ചൈനീസ് സൂപ്പർ കമ്പ്യൂട്ടിംഗ് കമ്പനികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയാണ് ഇക്കുറി ബൈഡന്റെ നീക്കം. സ്ഥാപനങ്ങൾക്ക് ചൈനീസ് സൈന്യമായും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ബന്ധമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വിലക്കേര്‍പ്പെടുത്തിയത്.
ടിയാൻജിൻ ഫൈറ്റിയം ഇൻഫർമേഷൻ ടെക്നോളജി, ഷാങ്ഹായ് ഹൈ-പെർഫോമൻസ് ഇന്റഗ്രേറ്റഡ് സർക്യൂട്ട് ഡിസൈൻ സെന്റർ, സൺവേ മൈക്രോ ഇലക്ട്രോണിക്സ്, നാഷണൽ സൂപ്പർകമ്പ്യൂട്ടിംഗ് സെന്റർ ജിനാൻ, നാഷണൽ സൂപ്പർകമ്പ്യൂട്ടിംഗ് സെന്റർ ഷെൻഷെൻ, നാഷണൽ സൂപ്പർ കമ്പ്യൂട്ടിംഗ് സെന്റർ വുക്സി, നാഷണൽ സൂപ്പർ കമ്പ്യൂട്ടിംഗ് സെന്റർ ഷെങ്ഷ്വ എന്നീ കമ്പനികളെയാണ് അമേരിക്കൻ വാണിജ്യ വിഭാഗം കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്.
ചൈനീസ് സൈന്യത്തിന് സൂപ്പര്‍കമ്പ്യൂട്ടറുകള്‍ വികസിപ്പിക്കാന്‍ സഹായിച്ചു, കൂട്ടനാശത്തിന് സഹായിക്കുന്ന ആയുധങ്ങള്‍ വികസിപ്പിക്കാന്‍ സഹായിച്ചു എന്നിവയാണ് ഈ കമ്പനികള്‍ക്കെതിരായ പ്രധാന കുറ്റങ്ങള്‍. ഈ ചൈനീസ് കമ്പനികള്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് അനുഭാവം പ്രകടിപ്പിക്കുന്നവരാണെന്ന് കുറക്കാലമായി യുഎസ് ഉദ്യോഗസ്ഥര്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളെ നിഷേധിച്ച്, വ്യാവസായിക ചാരപ്രവര്‍ത്തനത്തില്‍ തങ്ങള്‍ ഏര്പ്പിട്ടിട്ടില്ലെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രഖ്യാപനം നടത്തിയിരുന്നു.
ദേശീയ സുരക്ഷാസംവിധാനങ്ങളും ആധുനിക ആയുധങ്ങളും വികസിപ്പിക്കുന്നതില്‍ സൂപ്പര്‍കമ്പ്യൂട്ടിംഗ് കഴിവുകള്‍ നിര്‍ണ്ണായകമാണെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഗിന റെയ്മോണ്ടോ പറഞ്ഞു. നേരത്തെ ട്രംപ് ഭരണകാലത്തും ഹ്യൂവാവേ ഉള്‍പ്പെടെ ചില പ്രധാന ചൈനീസ് കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: