കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ നാലാംഘട്ട വോട്ടെടുപ്പിനിടെ ബിജെപി എംപി ലോക്കറ്റ് ചാറ്റര്‍ജിയുടെ കാറിനുനേരെ ആക്രമണം. മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്കും കേടുപാടുകള്‍ വരുത്തി. ഹൂഗ്ലി ജില്ലയിലെ ബൂത്ത് നമ്പര്‍ 66-ലായിരുന്നു സംഭവം. ലോക്കറ്റ് ചാറ്റര്‍ജിയുടെ കാര്‍ തടഞ്ഞ് ഒരുസംഘം പ്രദേശവാസികള്‍ ആക്രമിക്കാനായി നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. പൊലീസ് ഉള്‍പ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരെത്തി ആളുകളെ വഴിയില്‍നിന്ന് നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.
‘അവരെന്റെ കാര്‍ തകര്‍ത്തു. ഞാന്‍ 66-ാം ബൂത്തിലായിരുന്നു. അവരെന്റെ ജാക്കറ്റ് കവര്‍ന്ന് കാര്‍ ആക്രമിച്ചു. ചില്ലുകള്‍ തെറിച്ച് എനിക്കും മുറിവേറ്റു. പിന്നീട് അവര്‍ മാധ്യമപ്രവര്‍ത്തകരെ കാറില്‍നിന്ന് ഇറക്കി മര്‍ദിച്ചു’.- തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോട് എംപി ഫോണിലൂടെ പറഞ്ഞു.
‘ഞങ്ങളുടെ(ബിജെപി) ഒരുപാട് പ്രവര്‍ത്തകര്‍ ഇപ്പോഴും അവിടെയുണ്ട്. പെട്ടെന്ന് സിആര്‍പിഎഫിനെ അവിടേക്ക് അയയ്ക്കുക. ഏതാനും മാധ്യമപ്രവര്‍ത്തകരും കടുങ്ങിയിട്ടുണ്ട്’- അവര്‍ കൂട്ടിച്ചേര്‍ത്തു. ബിജെപി കടന്നെത്തുംവരെ തൃണമൂലിന്റെ ശക്തികേന്ദ്രമായിരുന്നു ഹൂഗ്ലി. ഇവിടെനിന്നുള്ള എംപിയാണ് ലോക്കറ്റ് ചാറ്റര്‍ജി. ഈ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: