തിരുവനന്തപുരം: ന്യൂനപക്ഷ വികസന കോര്‍പ്പറേഷനിലെ ബന്ധു നിയമനത്തില്‍ മന്ത്രി കെ.ടി. ജലീലിനെതിരെ തെളിവുകള്‍ പുറത്ത്. ജലീലിന്റെ ബന്ധുവായ അദീപിന്റെ നിയമനത്തിനായി കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലെ യോഗ്യതയില്‍ മാറ്റം വരുത്താന്‍ നിര്‍ദ്ദേശിച്ചതിന്റെ കത്താണ് പുറത്തുവന്നിരിക്കുന്നത്. ഇതോടെ മന്ത്രിയുടെ നില പരുങ്ങലിലായിരിക്കുകയാണ്.
ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ സെക്രട്ടറിക്കായച്ച ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് ലോകായുക്ത മന്ത്രി ജലീലിനെതിരെ ഉത്തരവിറക്കിയത്. സ്വജനപക്ഷപാതം കാണിച്ച ജലീല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നുമാണ് ലോകായുക്താ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. കോര്‍പ്പറേഷന്‍ നിര്‍ദ്ദേശിക്കാതെ മന്ത്രി മാറ്റം ആവശ്യപ്പെട്ടത് ബന്ധുവിന് വേണ്ടിയാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്. മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി നല്‍കിയ പരാതിയിലാണ് വിധി.
ബന്ധുനിയമനത്തില്‍ ജലീലിന്റേത് അധികാര ദുര്‍വിനിയോഗമാണെന്ന് പറഞ്ഞ ലോകായുക്ത അദീബിനെ ന്യൂനപക്ഷ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ ആക്കിയത് ചട്ടം ലംഘിച്ചാണ്. ജലീലിനെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കണമെന്നും മുഖ്യമന്ത്രിയോട് ലോകായുക്താ കോടതി വിധിയില്‍ ആവശ്യപ്പെടുന്നുണ്ട്.
ലോകായുക്തയുടെ ഈ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ജലീലും അറിയിച്ചിട്ടുണ്ട്. നിയമ വിദഗ്ധരുമായി ഇതുസംബന്ധിച്ച് സംസാരിച്ചശേഷമായിരിക്കും നടപടി കൈക്കൊള്ളുക. ഹൈക്കോടതി വെക്കേഷന്‍ ബെഞ്ചിലേക്ക് അടിയന്തിര പ്രാധാന്യത്തോടെ എത്തിക്കാനാണ് ജലീലിന്റെ നീക്കം.
അതേസമയം കോടതി വിധി വന്നാലും ജലീല്‍ മന്ത്രി സ്ഥാനം ഉടന്‍ രാജിവെയ്‌ക്കേണ്ടതില്ലെന്ന് എ.കെ. ബാലന്‍ പ്രതികരിച്ചു. ഡെപ്യൂട്ടേഷനില്‍ ബന്ധുക്കളെ നിയമിക്കരുതെന്ന് വ്യവസ്ഥയില്ല. വിധിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജലീല്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ തലത്തില്‍ എന്തുചെയ്യണമെന്നുള്ളത് ആലോചിക്കുമെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു.
മഞ്ഞളാംകുഴി അലിയും അന്തരിച്ച കെ.എം. മാണിയും ഡെപ്യൂട്ടേഷനില്‍ ആളുകളെ നിയമിച്ചിരുന്നു. ഡെപ്യൂട്ടേഷനില്‍ ബന്ധുക്കളെ നിയമിക്കരുതെന്ന് ഒരു നിയമത്തിലും വ്യവസ്ഥയില്ല. നിയമിക്കുന്ന ആള്‍ക്ക് ആവശ്യമായ യോഗ്യത ഉണ്ടായിരിക്കണം എന്നതിലാണ് കാര്യം. ജലീല്‍ നിയോഗിച്ചയാള്‍ക്ക് യോഗ്യത ഉണ്ടെന്ന് ഹൈക്കോടതിയെയും ഗവര്‍ണറെയും ബോധ്യപ്പെടുത്തിയതാണ്. ലോകായുക്തയുടെ വിധിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജലീല്‍ അറിയിച്ചിട്ടുണ്ട്. എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്നും എ.കെ. ബാലന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: