ഭക്തി വിശ്വാസങ്ങളുടെ പ്രകാശ പ്രചുരിമയില്‍ ദേവഭൂമിയായ ഭാരതത്തില്‍ സനാതന സംസ്കൃതിയെ പുനഃസൃഷ്ടിക്കാന്‍ അവതരിച്ച ഋഷിപരമ്പരയുടെ ചരിത്രം വിശുദ്ധശ്രേണിയില്‍ വിളങ്ങുന്നു.
ഹൈന്ദവ സംസ്കൃതിയില്‍ കടന്നു കൂടുന്ന കാലിക ധര്മവിലോപത്തെ തിരിച്ചറിയാനും തിരസ്കരിക്കാനും നവോത്ഥാന ദശയില്‍ ചാലക ശക്തിയായി ആര്‍ഷമൂല്യങ്ങള്‍ വെളിവാക്കി പുനഃപ്രതിഷ്ഠ നടത്തുകയായിരുന്നു ഗുരുജന ലക്ഷ്യം. ബുദ്ധ ജൈന മതങ്ങളുടെ ആവിര്‍ഭാവവും ചിന്താപദ്ധതിയുമെല്ലാം ഇതിന്റെ പശ്ചാത്തലത്തിലാണ് ചര്‍ച്ച ചെയ്യേണ്ടത്. ഈ മതങ്ങളുടെ പ്രചാരണ ശക്തിയും പ്രവാഹവും മന്ദഗതി പ്രാപിച്ച കാലമാണ് അധിനിവേശ ശക്തികളുടെ കടന്നു കയറ്റവും ക്രൈസ്തവ ഇസ്ലാം മതങ്ങളുടെ രംഗപ്രവേശവും. പ്രശ്നസങ്കുലവും സങ്കീര്‍ണവുമായ ആ കാലത്ത് രാഷ്ട്രസ്വത്വവും വിശുദ്ധിയും പരീക്ഷിക്കപ്പെടുകയായിരുന്നു.
മധ്യകാലഭാരതത്തില്‍ പരിവര്‍ത്തനത്തിന്റെ ശംഖനാദം മുഴക്കി നവോത്ഥാന പ്രത്യയങ്ങളും പ്രതീക്ഷകളും പ്രവഹിക്കാന്‍ തുടങ്ങി. കശ്മീര്‍, ബംഗാള്‍, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, തമിഴ്നാട്, തെലുങ്കുദേശം, കര്‍ണാടകം, കേരളം തുടങ്ങിയ പ്രദേശങ്ങളില്‍ സനാതന ധര്മവീചികളുടെ വേലിയേറ്റമുണ്ടായി. പതിനാറാം നൂറ്റാണ്ടില്‍ രാമഭക്തിയുടെ അഭിരാമമായ ഉഷഃസന്ധ്യകള്, വിടര്‍ത്തിയ ഗോസ്വാമി തുളസീദാസിനെപ്പോലുള്ള യതിവര്യന്മാരുടെ പരമ്പര ഇതിന്റെ ഐതിഹാസിക പശ്ചാത്തലം സൃഷ്ടിക്കുന്നു.
രാമോപാസനയുടെ വര്‍ണാങ്കിതമായ ചരിതമാണ് ഗുരു നാഭാദാസിന്റെ ജീവനകാണ്ഡം രേഖപ്പെടുത്തുന്നത്. ഗുരു രാമാനന്ദയുടെ ശിഷ്യപരമ്പരയില്‍ ജ്വലിക്കുന്ന തേജസ്സായി വിളികൊണ്ട നാഭാദാസ് 1570 ല്‍ ഗ്വാളിയോറിലെ ഒരു സാധാരണ കുടുംബത്തിലാണ് ജനിച്ചത്. അന്ധനായ കുഞ്ഞിനെ അഞ്ചാം വയസ്സില്‍ വനാന്തരങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു മാതാപിതാക്കള്‍. ആചാര്യന് അഗ്രദാസ് ആ ബാലനെ വീണ്ടെടുത്ത് സംരക്ഷണം നല്‍കുകയായിരുന്നു. പരമ്പരാഗത വിദ്യാദാനത്തിലൂടെ നാഭാദാസിനെ ഗുരു ഉത്തമനായ ജ്ഞാനാന്വേഷിയാക്കിയെന്നാണ് പ്രചാരം നേടിയ കഥ. ദക്ഷിണഭാരതത്തിലാണ് നാഭാദാസ് ജനിച്ചതെന്നുംഅച്ഛന്റെ വിയോഗശേഷം ജീവിതം വഴിമുട്ടി അമ്മ കാട്ടില്‍ ഉപേക്ഷിച്ചതാണെന്നുമുള്ള മറ്റൊരു പഴങ്കഥയുമുണ്ട്.
ഗുരു ശ്രീകൃഷ്ണദാസ് പയ്ഹാരിജിയുടെ സമാധിയെ തുടര്‍ന്നാണ് ആചാര്യന് അഗ്രദാസ്, രൈവാസാ എന്ന ഗ്രാമത്തിലേക്ക് ചെന്നു ചേര്‍ന്നത്. നാഭാദാസ് ഗുരുസേവയും രാമോപാസനയുമായി ആചാര്യനെ അനുഗമിക്കുകയായിരുന്നു. രാമാരാധന കേവലഭക്തിയില്‍ നിന്ന് തത്ത്വോപാസനയുടെ ഉദാത്ത മാര്‍ഗങ്ങളിലേക്ക് നാഭാദാസിനെ നയിച്ചു. ‘രാമോഹം’, ഞാന്‍ രാമനാകുന്നു എന്ന ആത്മദര്‍ശന പ്രത്യക്ഷങ്ങളിലേക്ക് നാഭാദാസിന്റെ ഭക്തിമന്ദാരം ഉണര്‍ന്നുയര്‍ന്നു. ‘അയോധ്യാരാമന്’ തന്നെ ‘ആത്മാരാമന്’ എന്നര ആത്മദര്‍ശന പ്രത്യക്ഷ വിഭൂതിയിലൂടെയാണ് നാഭാദാസ് സാക്ഷാത്ക്കരിക്കുന്നത്. ഗുരു അഗ്രദാസിന്റെ അനുഗ്രഹ പ്രേരണയാണ് ആചാര്യനെ അക്ഷരോപാസനയിലേക്ക് നയിച്ചത്. ‘രാമാഷ്ടയാം’ എന്ന രചന രണ്ടു ഭാഗങ്ങളിലൊയി ഗവേഷകന്മാര് വീണ്ടെടുത്തിട്ടുണ്ട്. രാമപ്രകീര്ത്തിതമായ അനുഭൂതി വൈഭവങ്ങളുടെ പൂര്‍ണ സാഫല്യം ഇതില്‍ ദര്‍ശിക്കാം. കണ്ടെത്തിയ സമ്പൂര്‍ണകൃതികളുടെ മൂന്ന് ഭാഗങ്ങളും ആചാര്യന്റെ തപസ്സമാധിതമായ പ്രതിഭയില്‍ വിടര്‍ന്ന രഘുവര തിലകമാണ്. ആത്മീയ ചേതനയുടെ തരംഗതാളമെന്ന് വിശേഷിപ്പിക്കാവുന്ന ‘ഭക്തമാല്’ 1642 ലാണ് രചന സാധിക്കുന്നത്. മധ്യകാല ഭാരതത്തിലെ ഇരുനൂറോളം യോഗാത്മക കവികളുടെ ധന്യധന്യമായ ജീവിത വ്യവഹാരങ്ങളുടെ സാരസംഗ്രഹമാണ് നാഭാദാസിന്റെ ഉത്കൃഷ്ട രചനയായി വിളി കൊള്ളുന്നത്. വ്രജഭാഷയിലെഴുതിയ ഈ ഗ്രന്ഥം ചരിത്രാന്വേഷികളുടെയും ഗവേഷകരുടെയും ആകര ഗ്രന്ഥമാണ്.
മുനി പ്രതിഭകളുടെ ആത്മദളങ്ങളില്‍ കൊരുത്തെടുത്ത ഭക്തിയുടെ മണിമാലയാണ് ഈ കൃതി.
ഗുരു അഗ്രദാസിന്റെ സമാധിയെ തുടര്‍ന്ന് ഗുരുകുലാധിപനായി തീര്‍ന്ന ആചാര്യന്റെ മഹിതജീവിതം മാതൃകാപരമായിരുന്നു. രാമന്റെ ധര്മവിഗ്രഹത്തില് ആര്ഷഗന്ധിയായ വനമാല അര്‍പ്പിക്കുകയായിരുന്നു നാഭാദാസ്. ആദിത്യഹൃദയം പോലെ ഊര്‍ജ പ്രസരണിയായ ആചാര്യാക്ഷരങ്ങള് കാലങ്ങളില്‍ സംസ്കൃതി ചരിതം ചമയ്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: