തൃശ്ശൂര്‍: ബന്ധുനിയമനത്തില്‍ കെടി ജലീല്‍ കുറ്റക്കാരനാണെന്ന് ലോകായുക്ത വിധിവന്ന പശ്ചാതലത്തില്‍ മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്. മന്ത്രി സ്വജന പക്ഷപാതം നടത്തിയെന്ന് ലോകായുക്തക്ക് ബോധ്യപ്പെട്ടിരിക്കുന്നു. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിയെ എത്രയും വേഗം പുറത്താക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുരളീധരന് ആവശ്യപ്പെട്ടു.
ബന്ധുനിയമന വിവാദം ഉയര്‍ന്നപ്പോള്‍ ജലീലിന് പൂര്‍ണ്ണ പിന്തുണ നല്കുന്ന സമീപനമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നത്. തെറ്റ് ഏറ്റ് പറഞ്ഞ് ജനങ്ങളോട് മാപ്പ് പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന് തയ്യാറാകണം. വിധി വന്നശേഷവും നിയമ വിദഗ്ധരുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന ജലീലിന്റെ വാദം നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.
ബന്ധുവായ കെടി അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി നിയമിച്ചതാണ് കുറ്റകരമായി ലോകായുക്ത കണ്ടെത്തിയിരിക്കുന്നത്. ബന്ധുവിന് വേണ്ടി യോഗ്യതയില്‍ ഇളവ് വരുത്തി ജലീല്‍ വിജ്ഞാപനം ഇറക്കിയിരുന്നു. വിധി പ്രസ്താവത്തില്‍ ലോകായുക്ത ജലീലിന്റെ എല്ലാ വാദങ്ങളും തള്ളിക്കളഞ്ഞു.
വിഷയത്തില്‍ സര്‍ക്കാരിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷനും രംഗത്തെത്തി. ജലീലിനെ ഉടന്‍ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു. ജലീല്‍ ബന്ധുനിയമനത്തില്‍ തെറ്റുകാരനാണെന്ന ലോകായുക്തയുടെ കണ്ടെത്തല്‍ ഗൗരവകരമാണ്. മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്നും സുരേന്ദ്രന് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: