തിരുവനന്തപുരം: ബന്ധുനിയമന ആരോപണത്തില്‍ മന്ത്രി കെ.ടി ജലീല്‍ അധികാരദുര്‍വിനിയോഗം നടത്തിയെന്ന് ലോകായുക്ത. ജലീല്‍ കുറ്റക്കാരനാണ്. അദേഹത്തില്‍ ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ യോഗ്യനല്ല. മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്ന് ലോകായുക്ത ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നല്‍കും. ജലീലിന്റെ എല്ലാ വാദങ്ങളും ലോകായുക്ത തള്ളി.
ബന്ധുവായ കെ.ടി. അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി നിയമിച്ചതാണ് കുറ്റകരമായി ലോകായുക്ത കണ്ടെത്തിയിരിക്കുന്നത്. ബന്ധുവിന് വേണ്ടി യോഗ്യതയില്‍ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കി.
വി.കെ. മുഹമ്മദ് ഷാഫി എന്ന വ്യക്തിയാണ് പരാതി നല്‍കിയിരുന്നത്. പരാതിയില്‍ ഉന്നയിച്ച എല്ലാ കാര്യങ്ങളും സത്യമാണെന്നും മന്ത്രി സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതിത്വവും കാണിച്ചെന്നും ലോകായുക്ത പറയുന്നു. ലോകായുക്ത ഡിവിഷന് ബെഞ്ചിന്റേതാണ് വിധി.
മന്ത്രി കെ.ടി ജലീല്‍ ബന്ധുനിയമനത്തില്‍ തെറ്റുകാരനാണെന്ന ലോകായുക്തയുടെ കണ്ടെത്തല്‍ ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. ജലീലിനെ ഉടന്‍ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണം. പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ക്ക് ഉറപ്പാണ് ജയിലെന്ന് സുരേന്ദ്രന് പ്രസ്താവനയില്‍ പറഞ്ഞു. ജലീല്‍ തന്റെ ബന്ധുവായ അദീബിനെ ന്യൂനപക്ഷ കോര്‍പ്പറേഷന്റെ ജനറല്‍ മാനേജരായി നിയമിച്ചത് അനധികൃതമായാണെന്ന് വ്യക്തമായ സ്ഥിതിക്ക് മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം. ജലീല്‍ സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയത്. വരും ദിവസങ്ങളില്‍ സര്‍ക്കാരിന്റെ കൂടുതല്‍ അഴിമതികള്‍ പുറത്തു വരുമെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: