ന്യൂദൽഹി: ആകാശ യാത്രയ്‌ക്കിടയിൽ യാത്രക്കാരിലൊരാളുടെ നഗ്നതാ പ്രദർശനത്തിൽ ഞെട്ടലോടെ സഹ യാത്രക്കാർ. യാത്രക്കാരിലൊരാൾ വസ്ത്രങ്ങൾ അഴിച്ചുമാറ്റി നഗ്നനാവുകയും ജീവനക്കാരിലൊരാളോട് അപമര്യാദയായി പെരുമാറുകയും ചെയ്തു. ബംഗളൂരുവിൽ നിന്നും ദൽഹിയിലേക്ക് പോയ എയർ ഏഷ്യയുടെ ഐ 5-722 വിമാനത്തിലാണ് സംഭവം നടന്നത്.
മദ്യലഹരിയിൽ അക്രമാസക്തനായ യാത്രക്കാരൻ ആദ്യം ലൈഫ് ജാക്കറ്റിന്റെ പേരിൽ ജീവനക്കാരിലൊരാളോട് ഉച്ചത്തിൽ സംസാരിച്ചു. പിന്നീട് വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചുമാറ്റി നഗ്നനാവുകയും ചെയ്തുവെന്ന് യാത്രക്കാർ പറഞ്ഞു. ജീവനക്കാരനോട് നഗ്നയാവാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതേത്തുടർന്ന് ജീവനക്കാർ ദൽഹി എയർ ട്രാഫിക് കൺട്രോളറെ വിവരം അറിയിക്കുകയും അടിയന്തിര ലാന്റിങ് നടത്തുകയുമായിരുന്നു. ഇയാളെ ദൽഹി പോലീസിന് കൈമാറി.
തന്നോടൊപ്പം സഹകരിക്കാതെ വന്നതിനെത്തുടർന്ന് തർക്കങ്ങളും ബഹളങ്ങളും ഉണ്ടാക്കിയ യാത്രക്കാരനെ പൈലറ്റിന്റെ സഹായത്തോടെയാണ് പോലീസിനെ വിട്ടു നൽകിയത്. വസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ എതിർപ്പു പ്രകടിപ്പിക്കുകയും കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും ഉദ്യോഗസ്ഥർ പറയുന്നു. നിരവധി തവണ അഭ്യർത്ഥനകൾ നടത്തിയ ശേഷമാണ് ഇയാൾ പിന്മാറാൻ തയ്യാറായതെന്നും ദൽഹി പോലീസ് കേസെടുത്തിട്ടുണ്ടെന്നും എയർ ഏഷ്യ ഇന്ത്യൻ വക്താവ് വ്യക്തമാക്കി.
എയർലൈൻ എന്ന നിലയ്‌ക്ക് തങ്ങളുടെ അതിഥികളുടെയും ജീവനക്കാരുടെയും സുരക്ഷയ്‌ക്ക് കോട്ടം വരുന്ന ഒരു പ്രവർത്തിയിലും സഹിഷ്ണുത പുലർത്താൻ ആകില്ലെന്നും ശക്തമായി പ്രതികരിക്കുമെന്നും എയർലൈൻ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: