രാജപുരം: കൊവിഡ് കാലമായിട്ടും ഭക്തിനിറഞ്ഞ മനസ്സുമായി മഹാദേവന്റെയും പാര്‍വതി ദേവിയുടെയും അനുഗ്രഹത്തിനായി മല കയറാനെത്തിയത് നിരവധി വിശ്വാസികള്‍. ഹരിഗോവിന്ദ വിളികളോടെ പെരുതടിയപ്പന് ഗിരിമുകളില്‍ മഹാപൂജ.
കൊടുംകാടിന് നടുവിലൂടെ കുത്തനെയുള്ള മല കയറി വേണം പെരുതടിയപ്പന്റെ ആരൂഢസ്ഥാനമെന്ന് കരുതുന്ന റാണിപുരം ഗിരിമുകളിലേക്ക് എത്താന്‍. പെരുതടി മഹാദേവ ക്ഷേത്രോത്സവത്തിന്റെ ഭാഗമായാണ് റാണിപുരം ബ്രഹ്മഗിരി മുകളില്‍ ഗിരിപൂജ നടത്തുന്നത്.
ക്ഷേത്രത്തില്‍നിന്ന് റാണിപുരം വനമേഖലയിലൂടെ നാല് കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഗിരിമുകളിലെത്തുക. സമുദ്രനിരപ്പില്‍നിന്ന് 1049 മീറ്റര്‍ ഉയരുമുള്ള റാണിപുരം മലമുകളിലെ ബ്രഹ്മഗിരിയിലെ പാറക്കൂട്ടത്തിനിടയിലുള്ള താതനാര്‍ കല്ലില്‍ മഹാദേവനും ഇതിന്റെ താഴ്ഭാഗത്തുള്ള തായ്മളിയില് പാര്‍വതി ദേവിയും വസിച്ചിരുന്നതായാണ് വിശ്വാസം. മല കയറിയെത്തുന്ന വിശ്വാസികള്‍ ആദ്യം പാറക്കൂട്ടങ്ങള്‍ക്കിടയിലെ തായ്മളിയില് ഇറങ്ങി പാര്‍വതി ദേവിക്കുള്ള പൂജ തുടങ്ങും. എന്നാല്‍ ഇത് പൂര്‍ത്തിയാക്കും മുന്‍പേ മഹാദേവന്റെ ഇരിപ്പിടമായ ബ്രഹ്മഗിരിയിലേക്ക് ഗുഹാമാര്‍ഗം യാത്ര ചെയ്ത് അവിടെയും പൂജാകര്‍മങ്ങള്‍ ചെയ്യും. തുടര്‍ന്ന് തിരിച്ചെത്തി പാര്‍വതി ദേവിക്കുള്ള പൂജയും പൂര്‍ത്തിയാക്കിയ ശേഷം നിവേദ്യവും കഴിച്ച ശേഷമാണ് മലയിറങ്ങുക.
ഈ വര്‍ഷത്തെ ഗിരിപൂജയ്ക്ക് ശ്രീനിവാസ ശിവരൂരായ, സുരേഷ് ശിവരൂരായ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: