അധോലോകത്തിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണത്തില്‍ പലപ്പോഴും പോയിട്ടുള്ള നഗരമാണ് മുംബൈ. ലക്ഷക്കണക്കിന് കോടി രൂപ ദിവസവും വന്നുമറിയുന്ന രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തെ സംഭവങ്ങള്‍ക്ക് മിക്കപ്പോഴും ഒരു ക്രൈം സസ്പെന്‍സ് ത്രില്ലര്‍ സിനിമയുടെ രൂപഭാവാദികളുണ്ട്. അല്ലെങ്കില്‍ മുംബൈയിലെ സംഭവങ്ങളില്‍ നിന്നാണ് ബോളിവുഡിലെ മിക്ക സിനിമകളും ഉത്ഭവിച്ചതെന്നും പറയാം. 2007ല്‍ വിവിധ ആരോപണങ്ങളെ തുടര്‍ന്ന് മുംബൈ പോലീസില്‍ നിന്ന് രാജിവെച്ച് പോയ ഉദ്യോഗസ്ഥനെ ഒരു വ്യാഴവട്ടത്തിന് ശേഷം സേനയില്‍ തിരിച്ചെടുക്കുകയെന്ന കേട്ടുകേള്‍വിയില്ലാത്ത നടപടികളും അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ മാത്രമായ വാസെയെ മുംബൈ നഗരത്തിന്റെ ക്രൈം ഇന്റലിജന്‍സ് എന്ന ഏറ്റവും പ്രധാന യൂണിറ്റിന്റെ മേധാവിയാക്കിയതും സിനിമാ കഥകളില്‍ പോലും ചിത്രീകരിക്കാന്‍ മടിക്കും. അതാണ് മുംബൈ. സിനിമയും രാഷ്‌ട്രീയവും അധോലോകവും പണവും കെട്ടുപിണഞ്ഞു കിടക്കുന്ന മുംബൈയില്‍ ശിവസേന-എന്‍സിപി -കോണ്‍ഗ്രസ് സര്‍ക്കാരിനെ ആടിയുലയ്‌ക്കുകയാണ് സച്ചിന്‍ വസെയും അംബാനിയുടെ വീടിന് മുമ്പിലെ സ്ഫോടന ശ്രമവും എന്നതുറപ്പാണ്. മഹാരാഷ്‌ട്ര സര്‍ക്കാരിനെ തന്നെ താഴെയിടാന്‍ കെല്‍പ്പുണ്ട് ഈ വിവാദങ്ങള്‍ക്ക്. ദേശീയ അന്വേഷണ ഏജന്‍സി മുതല്‍ സുപ്രീംകോടതി വരെ ശക്തമായ നിലപാടുകളുമായി മുന്നോട്ട് പോകുമ്പോള്‍ വിവാദങ്ങളുടെ അവസാനം സര്‍ക്കാരിന്റെ പതനമാണ് സംഭവിക്കുകയെന്ന് കണക്കുകൂട്ടുന്നവര്‍ നിരവധിയാണ്.
ആരാണ് സച്ചിന്‍ വസെ
1990ല്‍ മുംബൈ പോലീസിന്റെ ഭാഗമായ വസെ നിരവധി ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്ക് നേതൃത്വം വഹിച്ചിട്ടുണ്ട്. എന്നാല്‍ 2004ല്‍ സച്ചിന്‍ വസെ അടക്കം 15 ഉദ്യോഗസ്ഥരെ ക്വാജ യൂനസിന്റെ കസ്റ്റഡി കൊലപാതക കേസില്‍ സസ്പെന്റ് ചെയ്തു. തുടര്‍ന്ന് 2007ല്‍ വസെ മുംബൈ പോലീസില്‍ നിന്ന് രാജിവെയ്‌ക്കുകയും ചെയ്തു. ഒരുവര്‍ഷത്തിന് ശേഷം ശിവസേനയില്‍ ചേര്‍ന്ന വസെ എക്കാലവും ശിവസേനയുടെ വിശ്വസ്തനായി നിലയുറപ്പിച്ചു. ദേവേന്ദ്ര ഫട്നവിസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ സമയം വസെയെ തിരികെ സര്‍വ്വീസിലെടുക്കണമെന്ന ആവശ്യവുമായി നിരവധി തവണയാണ് ശിവസേന മേധാവി ഉദ്ധവ് താക്കറെ ഫട്നാവിസിനെ കണ്ടത്. എന്നാല്‍ വസെയ്‌ക്കെതിരായ പോലീസ് റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ തിരികെ സര്‍വ്വീസില്‍ എടുക്കേണ്ട എന്നു തീരുമാനിക്കുകയായിരുന്നുവെന്ന് ഫട്നവിസ് കഴിഞ്ഞ ദിവസം പ്രതികരിച്ചു.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മുംബൈ പോലീസില്‍ ഉദ്യോഗസ്ഥരുടെ ക്ഷാമമുണ്ടെന്ന മുംബൈ കമ്മീഷണര്‍ പരംബീര്‍സിങിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ജൂണിലായിരുന്നു വസെയുടെ പുനര്‍ നിയമനം. തന്ത്രപ്രധാന കേസന്വേഷണ ചുമതലയുള്ള ക്രൈം ഇന്റലിജന്‍സ് യൂണിറ്റില്‍ വസെയെ പുനര്‍ നിയമിച്ച ശേഷം ആ യൂണിറ്റിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ മുഴുവന്‍ സ്ഥലം മാറ്റുകയും വസെയ്‌ക്ക് യൂണിറ്റിന്റെ പൂര്‍ണ്ണ ചുമതല കൈമാറുകയുമായിരുന്നു. ഇതോടെ ശിവസേനയുടെ മുഴുവന്‍ രഹസ്യ ദൗത്യങ്ങളും സച്ചിന്‍ വസെയുടെ ചുമതലയിലായി. അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്ത് വലിച്ചിഴച്ചതും കങ്കണ റണാവത്തിന്റെ മുംബൈയിലെ വസതി ഇടിച്ചു നിരത്തിയതുമെല്ലാം സച്ചിന്‍ വസെയുടെ നേതൃത്വത്തിലായിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍.
ആന്റിലിയ ബോംബ് കേസ്
ഫെബ്രുവരി 25നാണ് മുംബൈയിലെ അതിസമ്പന്നരുടെ മലബാര്‍ ഹില്‍സിലുള്ള മുകേഷ് അംബാനിയുടെ വസതിയായ ആന്റിലിയയ്‌ക്ക് സമീപം ജലാറ്റിന്‍ സ്റ്റിക്കുകള്‍ നിറച്ച സ്‌കോര്‍പ്പിയോ വാഹനം അംബാനിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെടുക്കുന്നത്. കേസന്വേഷണ ചുമതല സച്ചിന്‍ വസെ ഏറ്റെടുക്കുകയും വാഹന ഉടമ മന്‍സൂക്ക് ഹിരണിനെ അറസ്റ്റ് ചെയ്യാനും നീക്കം നടക്കുന്നതിനിടെ മന്‍സൂക്കിന്റെ മൃതദേഹം താനെയില്‍ നിന്ന് കണ്ടെടുത്തു. ഇതോടെ കേസന്വേഷണം എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. മന്‍സൂക്കിന്റെ മരണത്തിന് പിന്നില്‍ സച്ചിന്‍ വസെ ആയിരുന്നുവെന്നും സ്‌കോര്‍പ്പിയോ നിരവധി നാളുകളായി സച്ചിന്‍ മന്‍സൂക്കില്‍ നിന്ന് വാങ്ങി ഉപയോഗിക്കുകയായിരുന്നുവെന്നും എന്‍ഐഎ കണ്ടെത്തി. അംബാനിയുടെ വീടിന് മുന്നില്‍ സ്‌കോര്‍പ്പിയോ കൊണ്ടിട്ടത് സച്ചിന്‍ വസെയാണെന്ന് കൂടി തിരിച്ചറിഞ്ഞതോടെ മഹാരാഷ്‌ട്ര രാഷ്‌ട്രീയവും നിന്നു കത്തി. ഇതോടെ സച്ചിനെ തിരിച്ചെടുത്ത പരംബീര്‍ സിങിനെ രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങളുടെ ഭാഗമായി കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കേണ്ടിവന്നു. മുംബൈയിലെ ഡാന്‍സ് ബാറുകളില്‍ നിന്ന് പ്രതിമാസം നൂറു കോടി രൂപ വീതം പിരിച്ചു നല്‍കാന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് തനിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതായ സച്ചിന്‍ വസെയുടെ വെളിപ്പെടുത്തലോടെ അനില്‍ ദേശ്മുഖിനെ പുറത്താക്കേണ്ട അവസ്ഥ വന്നു. അനില്‍ ദേശ്മുഖിനെതിരെ സിബിഐ അന്വേഷണവും ആരംഭിച്ചു. സിബിഐ അന്വേഷണത്തിനെതിരെ ഇന്നലെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്നും അതിനാല്‍ അന്വേഷണം അനിവാര്യമാണെന്നും സുപ്രീംകോടതി വിധിച്ചു. സിബിഐ അന്വേഷണത്തിനെതിരെ ഉദ്ധവ് താക്കറെ സര്‍ക്കാരും അനില്‍ ദേശ്മുഖും നല്‍കിയ ഹര്‍ജികളും സുപ്രീംകോടതി തള്ളി.
സച്ചിന്‍ വസെയെ ക്രൈം ഇന്റലിജന്‍സ് യൂണിറ്റിലേക്ക് നിയോഗിച്ചതും യൂണിറ്റിന്റെ മേധാവിയാക്കിയും മുംബൈ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിങ് ആണെന്ന് പുതിയ കമ്മീഷണര്‍ ഹേമന്ത് നഗ്രാലെ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നിരവധി ഉയര്‍ന്ന ഉദ്യോഗസ്ഥരെ മറികടന്ന് സച്ചിനെ കമ്മീഷണറുടെ നേരിട്ടുള്ള നിയന്ത്രണത്തിലേക്ക് മാറ്റിയിരുന്നുവെന്നും ക്രൈം ഇന്റലിജന്‍സ് യൂണിറ്റിന് ഒരിക്കലും ഒരു അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ നയിച്ചിട്ടില്ലെന്നും സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. ശിവസേനയ്‌ക്കും ഉദ്ധവ് താക്കറെയ്‌ക്കും സച്ചിന്‍ വസെ സംഭവത്തിലും അംബാനിയുടെ വസതിക്ക് സമീപത്തെ ബോംബ് കേസിലും പങ്കുണ്ടെന്ന ആരോപണങ്ങള്‍ ശക്തമാകുന്നത് താക്കറെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും ഉപമുഖ്യമന്ത്രി അജിത് പവാറും അഹമ്മദാബാദില്‍ കൂടിക്കാഴ്ച നടത്തിയതും ശിവസേന സര്‍ക്കാരിനെ ഉലയ്‌ക്കുന്നു. ഫട്നവിസ് സര്‍ക്കാരിന്റെ കാലത്ത് ഒതുങ്ങിയ അധോലോകവും മാഫിയകളും മുംബൈയില്‍ വീണ്ടും ശക്തി പ്രാപിക്കുന്നതും വിവിധ ദേശീയ വിഷയങ്ങളിലെ ശിവസേനയുടെ ദുരൂഹമായ നിലപാടുകളും ഏറെ സംശയങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്. എന്‍ഐഎയും സിബിഐയും നടത്തുന്ന അന്വേഷണങ്ങള്‍ ഇക്കാര്യങ്ങളിലെല്ലാം വെളിച്ചം വീശുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: