വാഷിങ്‌ടൺ: അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് ഔദ്യോഗിക വസതിയിലേക്ക് താമസം മാറുന്നു. നമ്പർ വൺ ഒബ്സർവേറ്ററി സർക്കിളാണ് വൈസ് പ്രസിഡന്റുമാരുടെ ഔദ്യോഗിക വസതി. ഒബ്സർവേറ്ററി സർക്കിളിന്റെ താക്കോൽ ഇതാദ്യമായി 56 കാരിയായ കമല ഹാരിസിലൂടെ സ്ത്രീയുടെ കരങ്ങളിൽ എത്തുകയാണ്. ചൊവ്വാഴ്ച അവർ താമസം മാറും.
വൈസ് പ്രസിഡന്റായി അധികാരം ഏറ്റതോടെ വൈറ്റ് ഹൗസിന് സമീപം ബ്ലെയർ ഹൗസിലേക്ക് കമല ഹാരിസ് സകുടുംബം താമസം മാറ്റിയിരുന്നു. ഔദ്യോഗിക വസതിയുടെ നവീകരണം പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുക്കുന്നത്തിൽ ഹാരിസ് പലപ്പോഴും അസ്വസ്ഥയായിരുന്നു. ഭർത്താവ് ഡഗ് എംഹോഫുമായി വൈസ് പ്രസിഡന്റ് ഒബ്സർവേറ്ററി സർക്കിളിൽ താമസിക്കാൻ ഒരുങ്ങിയെന്നുള്ള ഔദ്യോഗിക സ്ഥിരീകരണം ഇന്നലെയാണ് പുറത്തുവന്നത്.
വൈറ്റ് ഹൗസിന് വടക്കുവശത്ത് 2.5 മൈൽ അകലെയായി യു എസ് നേവൽ ഒബ്‌സർവേറ്ററിയുടെ മൈതാനത്താണ് പത്തൊൻപതാം നൂറ്റാണ്ടിൽ ക്വീൻ ആൻ ശൈലിയിൽ വൺ ഒബ്സർവേറ്ററി സർക്കിൾ പണികഴിപ്പിച്ചത്. 1893 ൽ പൂർത്തീകരിച്ച ഈ വസതിക്ക് മൂന്ന് നിലകളിലായി 10,000 ചതുരശ്ര അടി വിസ്തീർണമുണ്ട് . 1974 ലാണ് കോൺഗ്രസ് ചേർന്ന് വൺ ഒബ്സർവേറ്ററി സർക്കിൾ വൈസ് പ്രസിഡന്റിന്റെ വസതിയാക്കുന്നതിന് പച്ചക്കൊടി നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: