ന്യൂദല്‍ഹി: കോവിഡ് വ്യാപനം വര്‍ധിച്ചതോടെ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഉണ്ടായേക്കാമെന്ന ഭീതിയില്‍ ദല്‍ഹി, മുംബൈ നഗരങ്ങളില്‍ നിന്നും സ്വന്തം നാടുകളിലേക്ക് അന്യസംസ്ഥാനത്തൊഴിലാളികളുടെ ഒഴുക്ക് വീണ്ടും.
ദല്‍ഹിയില്‍ ആനന്ദ് വിഹാര്‍ ബസ് ടെര്‍മിനലില്‍ അന്യസംസ്ഥാനത്തൊഴിലാളികളുടെ വന്‍തിരക്കാണ്. വീണ്ടും ലോക്ഡൗണ്‍ ഉണ്ടായേക്കാമെന്ന ഭീതി മൂലമാണ് തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് എത്താന്‍ തിക്കിത്തിരക്കുന്നത്. കഴിഞ്ഞ തവണ ലോക്ഡൗണ്‍ ഉണ്ടായപ്പോള്‍ കയ്യില്‍ പണവും വിശക്കുമ്പോള്‍ ഭക്ഷണവും ഇല്ലാതെ നൂറുകണക്കിന് തൊഴിലാളികള്‍ അനുഭവിച്ച ദുരിതം ആവര്‍ത്തിക്കാതിരിക്കാനാണ് മുന്‍കരുതലെന്ന നിലയില്‍ തൊഴിലാളികള്‍ വീണ്ടും ജന്മനാട്ടിലെത്താന് നെട്ടോട്ടമോടുന്നത്.
മുംബൈയിലും സമാനസ്ഥിതിയാണ്. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും അന്യസംസ്ഥാനത്തൊഴിലാളികളുടെ തിരക്കാണ്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ദല്‍ഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ രാത്രികാല കര്‍ഫ്യൂവും ലോക്ഡൗണുകളും പ്രഖ്യാപിച്ചു. വീണ്ടും ജോലി ചെയ്യുന്ന നഗരത്തില്‍ കുടുങ്ങിപ്പോകുന്നതിനാല്‍ നേരത്തെ സ്ഥലംവിടുന്നതാണ് നല്ലതെന്ന മനോഭാവമാണ് തൊഴിലാളികളില്‍. ദല്‍ഹി സര്‍ക്കാര്‍ രാത്രി 10 മണി മുതല്‍ രാവിലെ അഞ്ച് വരെ കര്‍ശന ലോക്ഡൗണ്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.
ഹോട്ടലുകള്‍ അടയ്ക്കുന്നതിനാല്‍ ഈ മേഖലയിലെ തൊഴിലാളികളില്‍ 50 ശതമാനം പേരെങ്കിലും നാട്ടിലേക്ക് പോകാനൊരുങ്ങുകയാണെന്ന് പൂനെ ഹോട്ടലിയേഴ്സ് അസോസിയേഷന് പ്രസിഡന്റ് ഗണേഷ് ഷെട്ടി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ആയിരക്കണക്കിന് അന്യസംസ്ഥാനത്തൊഴിലാളികള്‍ പൊടുന്നനെയുള്ള ലോക്ഡൗണ്‍ മൂലം കഠിനമായ ചൂടില്‍ ഹൈവേകളിലൂടെ കിലോമീറ്ററുകളോളം കാല്‍നടയായും സൈക്കിള്‍ ചവിട്ടിയും സ്വന്തം നാടുകളിലേക്ക് പ്രയാണം ചെയ്യേണ്ടതായി വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: