നാല്‍പ്പത്തിയൊന്നാം സ്ഥാപന ദിനത്തില്‍ ബിജെപിയുടെ എല്ലാ പ്രവര്‍ത്തകര്‍ക്കും ആശംസയര്‍പ്പിക്കുന്നു. നമ്മുടെ യാത്ര 41 വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. സേവനത്തിലൂടെയും സമര്‍പ്പണത്തിലൂടെയും ഒരു രാഷ്ട്രീയ പാര്‍ട്ടി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന് ഉദാഹരണമാണ് ബിജെപി. ഈ 41 വര്‍ഷം ആ കാര്യത്തിന് സാക്ഷിയാണ്.
സാധാരണ പ്രവര്‍ത്തകന്റെ തപസ്സും ത്യാഗവും ഒരു പാര്‍ട്ടിയെ എവിടെ നിന്ന് എവിടേക്ക് എത്തിക്കുമെന്നതിന് ഉത്തമ ഉദാഹരണമാണ് ബിജെപി. ഈ പാര്‍ട്ടിക്കായി രണ്ടു തലമുറ പ്രവര്‍ത്തിച്ചിട്ടില്ലാത്ത ഒരു സംസ്ഥാനവും ജില്ലയും ഇന്ന് രാജ്യത്തുണ്ടാകില്ല.
ജനസംഘകാലം മുതല്‍ ബിജെപി വരെയുള്ള കാലയളവില്‍ രാഷ്ട്രസേവനത്തില്‍ പങ്കാളികളായ എല്ലാ പ്രവര്‍ത്തകരേയും ഈ അവസരത്തില്‍ ഞാന്‍ ആദരവോടെ നമിക്കുന്നു. ശ്യാമപ്രസാദ് മുഖര്‍ജി, ശ്രീ ദീനദയാല്‍ ഉപാദ്ധ്യായ, അടല്‍ ബിഹാരി വാജ്പേയ് ജി, രാജമാത വിജയരാജ സിന്ധ്യാജി എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത നേതാക്കള്‍ക്ക് ബിജെപി പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ഞാന്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു. പാര്‍ട്ടിക്ക് ഇന്നത്തെ ഈ രൂപം നല്കി, പാര്‍ട്ടിയെ വളര്‍ത്തി വലുതാക്കിയ അദ്വാനിജി, മുരളി മനോഹര്‍ ജോഷിജി തുടങ്ങി നിരവധി മുതിര്‍ന്നവരുടെ അനുഗ്രഹവും നമുക്ക് നിരന്തരം ലഭിച്ചുകൊണ്ടിരിക്കുന്നു. പാര്‍ട്ടിക്കായി തങ്ങളുടെ ജീവിതം അര്പ്പിച്ചവരെയും ഈ അവസരത്തില്‍ ഞാന്‍ സാഷ്ടാംഗം പ്രണമിക്കുന്നു.
വ്യക്തിയേക്കാള്‍ പ്രധാനം പാര്‍ട്ടി, പാര്‍ട്ടിയേക്കാള്‍ പ്രധാനം രാഷ്ട്രം എന്നതാണ് നമ്മുടെ മന്ത്രം. ഈ പരമ്പര ശ്യാമപ്രസാദ് മുഖര്‍ജിയില്‍ നിന്ന് ഇന്നുവരെ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ശ്യാമപ്രസാദ് മുഖര്‍ജിയുടെ ബലിദാനത്തിന്റെ ശക്തിയില്‍ നമ്മള് ഇന്ന് ആ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. ആര്‍ട്ടിക്കിള്‍ 370 മാറ്റി കശ്മീരിന് ഭരണഘടനാപരമായ അധികാരം നല്‍കാനായി.
ഒരു വോട്ടിന് സര്‍ക്കാര്‍ വീഴുമ്പോഴും അടല്‍ജി പാര്‍ട്ടിയുടെ ആദര്‍ശങ്ങള്‍ ബലികഴിച്ചില്ല. അടിയന്തരാവസ്ഥയില്‍ ജനാധിപത്യം സംരക്ഷിക്കാന്‍ നമ്മുടെ പ്രവര്‍ത്തകര്‍ എന്തെല്ലാം ത്യാഗങ്ങള്‍ സഹിച്ചു. നമ്മുടെ നാട്ടില്‍ രാഷ്ട്രീയമായ സ്വാര്‍ത്ഥതയ്ക്ക് വേണ്ടി പാര്‍ട്ടികള്‍ പിളര്‍ന്നതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട്. എന്നാല്‍ രാഷ്ട്ര ഹിതത്തിനും ജനാധിപത്യ സംരക്ഷണത്തിനുമായി പാര്‍ട്ടികള്‍ പരസ്പരം ലയിച്ചതിന്റെ ഉദാഹരണങ്ങള്‍ വിരളമാണ്. ഭാരതീയ ജനസംഘം അതും പ്രാവര്‍ത്തികമാക്കി കാണിച്ചു. ജനസംഘ കാലം മുതല്‍ ഇന്നുവരെ ഈ തപസ്സ് നമ്മുടെ പ്രവര്‍ത്തകര്‍ക്ക് പ്രേരണയാണ്.
കഴിഞ്ഞവര്‍ഷം കൊറോണ എന്ന മഹാമാരി രാജ്യത്ത് വലിയ വിപത്താണ് ഉണ്ടാക്കിയത്. അപ്പോള്‍ നിങ്ങള്‍ എല്ലാവരും നിങ്ങളുടെ സുഖവും ദുഃഖവും മാറ്റിവെച്ച് ജനസേവനത്തില്‍ മുഴുകി. നിങ്ങള്‍ ‘സേവനമാണ് സംഘടന’ എന്ന പ്രതിജ്ഞയെടുത്തു. ഗ്രാമങ്ങളിലും നഗരങ്ങളിലും വീടുവീടാന്തരം എത്തി നിങ്ങള്‍ പ്രവര്‍ത്തിച്ചു. അത്തരത്തിലുള്ള പ്രവര്‍ത്തനം തന്നെയാണ് അന്ത്യോദയ എന്ന പ്രേരണയില്‍ ബിജെപി സര്‍ക്കാരുകളും നടപ്പാക്കിയത്. അക്കാലത്ത് ഗരീബ് കല്യാണ്‍ യോജന മുതല്‍ വന്ദേഭാരത് മിഷന് വരെയുള്ള നമ്മുടെ സേവാ ഭാവം രാഷ്ട്രം അനുഭവിച്ചറിഞ്ഞു. അതുമാത്രമല്ല ഈ ആപത്തുകാലത്ത് നമ്മള് പുതിയ ഭാരതത്തിന്റെ അടിത്തറ പാകാനും തുടങ്ങി. ആത്മ നിര്‍ഭര്‍ ഭാരത് എന്ന പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ന് ആത്മ നിര്‍ഭര്‍ അഭിയാന് എന്നത് യുവാക്കള്‍, മഹിളകള്‍, പാവപ്പെട്ടവര്‍, മധ്യവര്‍ഗ്ഗം എന്നുവേണ്ട നമ്മളോരോരുത്തരുടെയും പ്രവര്‍ത്തനമായി മാറിയിരിക്കുന്നു.
ഇന്ന് ബിജെപിയോട് ഗ്രാമീണരും പാവപ്പെട്ടവരും അടുക്കുന്നതിന് കാരണം, ആദ്യമായി അവര്‍ അന്ത്യോദയ എന്നത് സഫലമായി കാണുന്നു എന്നതിനാലാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജനിച്ച യുവാക്കള്‍ ഇന്ന് ബിജെപിയോടും നമ്മുടെ നയങ്ങളോടും പ്രവര്‍ത്തനങ്ങളോടും ഒപ്പമാണ്.
തീരുമാനങ്ങളും പദ്ധതികളും സമൂഹത്തിലെ അവസാന വ്യക്തിയിലേക്കും എത്താന്‍ ഉതകുന്നതാകണമെന്ന് മഹാത്മാ ഗാന്ധിജി പറയുമായിരുന്നു. ഗാന്ധിജിയുടെ ആ സ്വപ്നം സാക്ഷാത്കരിക്കാന്‍ നമ്മള് വലിയ പരിശ്രമമാണ് നടത്തിയത്. രാജ്യത്തെ എല്ലാ പാവപ്പെട്ടവര്‍ക്കും ബാങ്ക് അക്കൗണ്ട്, വീട്, ശൗചാലയം, ഗ്യാസ് കണക്ഷന്, വൈദ്യുതി കണക്ഷന്, സൗജന്യ ചികിത്സയ്ക്കുള്ള സംവിധാനം എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത കാര്യങ്ങള്‍ നടപ്പാക്കാന്‍ ബിജെപിയുടെ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്കായി.
നാം ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചു കാണിച്ചു. നമ്മള് സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് നിരന്തരം ഇത്തരം കാര്യങ്ങള്‍ ചെയ്താണ് മുന്നോട്ടു പോയിരുന്നത്. അതുകൊണ്ടുതന്നെ സര്‍ക്കാരില്‍ വരുന്ന സമയത്തും കൂടുതല്‍ വേഗത്തില്‍ ഈ ദിശയില്‍ പ്രവര്‍ത്തിക്കാനും സാധിക്കുന്നു.
ആരുടെയും ഒന്നും കവര്‍ന്നെടുക്കാത്ത ഓരോരുത്തര്‍ക്കും അവരവരുടെ അവകാശം ലഭ്യമാക്കുക എന്നതാണ് നമ്മുടെ കാര്യശൈലി. നമ്മുടെ നാട്ടില്‍ 80 ശതമാനം -അതായത് പത്ത് കോടിയിലധികം ചെറുകിട കര്‍ഷകരുണ്ട്. മുന്‍ സര്‍ക്കാരുകള്‍ ഇവരുടെ ആവശ്യങ്ങള്‍ക്ക് ഒരിക്കലും മുന്‍ഗണന നല്‍കിയിരുന്നില്ല. നമ്മുടെ സര്‍ക്കാര്‍ പുതിയ കൃഷി നിയമം, കിസാന്‍ സമ്മാന്‍ നിധി, ഫസല്‍ ബീമാ യോജന, വിളകള്‍ക്ക് നഷ്ടപരിഹാരം, എല്ലാ വയലിലും വെള്ളം തുടങ്ങിയ നിരവധി പരിഷ്കാരങ്ങള്‍ കര്‍ഷകര്‍ക്കായി നടപ്പിലാക്കി.
നമ്മുടെ സര്‍ക്കാര്‍ എല്ലാ പദ്ധതികളിലും മഹിളകള്‍ക്ക് പ്രഥമ പരിഗണന നല്കി. അത് മുത്തലാഖ് വിഷയത്തില്‍ ആയാലും ഗര്‍ഭിണികള്‍ക്ക് ആറാഴ്ച അവധി നല്കുന്ന കാര്യത്തിലായാലും സ്വച്ഛഭാരത്, മുദ്ര പോലുള്ള പദ്ധതികളില്‍ ആയാലും നമുക്ക് കാണാന്‍ സാധിക്കും.
ബിജെപി തെരഞ്ഞെടുപ്പ് ജയിക്കാനുള്ള മെഷീന് ആണെന്ന് ചില ആളുകള്‍ പറയാറുണ്ട്. അത് പറയുന്നവര്‍ക്ക് രാജ്യത്തിന്റെ നാഡിമിടിപ്പ് മനസ്സിലാക്കാനുള്ള കഴിവില്ല. അവര്‍ക്ക് പൗരന്മാരുടെ സ്വപ്നങ്ങള്‍ ഒരിക്കലും മനസ്സിലാക്കാന്‍ സാധിക്കില്ല. ബിജെപി തെരഞ്ഞെടുപ്പ് ജയിക്കാനുള്ള മെഷീന് അല്ല മറിച്ച്, രാജ്യത്തിന്റെയും ജനങ്ങളുടെയും ഹൃദയം കീഴടക്കാനുള്ള വിശ്രമമില്ലാത്ത പ്രവര്‍ത്തനമാണ്.
നമ്മള് അഞ്ചുവര്‍ഷം സത്യസന്ധമായി ജനങ്ങളെ സേവിച്ചു. സര്‍ക്കാരില്‍ ആയാലും അല്ലെങ്കിലും നമ്മള് ജനങ്ങളോടൊപ്പമാണ്. നമ്മുടെ പാര്‍ട്ടി ജയിച്ചു എന്ന് നാം അഹങ്കരിക്കാറില്ല. രാജ്യത്തെ ജനങ്ങള്‍ നമ്മളെ വിജയിപ്പിച്ചു എന്ന് അഭിമാനിക്കാറാണ് പതിവ്.
മഞ്ഞുമലയുടെ അറ്റം എന്നൊരു പ്രയോഗമുണ്ട്. നമ്മുടെ പാര്‍ട്ടിയിലും അതുണ്ട്. ടിവിയിലും പത്രങ്ങളിലും. നിങ്ങള്‍ മഞ്ഞുമലയുടെ ഒരറ്റത്തെമാത്രമാണ് കാണുന്നത്. അവരുടെ സംഖ്യ ചെറുതാണ്. എന്നാല്‍ കാണാത്ത ഒരു വലിയ സംഘം ബിജെപി പ്രവര്‍ത്തകര്‍ ഭൂമിയില്‍ കാലുറപ്പിച്ച് നിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ ബിജെപിയെ ശക്തിപ്പെടുത്തുന്നു. ജനങ്ങള്‍ക്കിടയില്‍ നിന്നുകൊണ്ട് സംഘടനയെ ശക്തിപ്പെടുത്താന്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളാല്‍, സ്വന്തം ജീവിതം കൊണ്ട് അവര്‍ ജനങ്ങളുടെ ഹൃദയം കീഴടക്കുന്ന പ്രവര്‍ത്തി നിരന്തരം ചെയ്തു കൊണ്ടിരിക്കുന്നു. അവരുടെ പ്രയത്നത്താല്‍ ബിജെപി ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയാണ്. ഇന്ന് സാധാരണ ജനങ്ങള്‍ മനസ്സിലാക്കുന്നു, ബിജെപി സര്‍ക്കാര്‍ എന്നാല്‍ രാഷ്ട്ര നിര്‍മ്മാണത്തിനുള്ള ശരിയായ നയങ്ങള്‍, ശരിയായ ഉപദേശം, ശരിയായ തീരുമാനം എന്നാണെന്ന്.
ബിജെപി എന്നാല്‍ നേഷന്‍ ഫസ്റ്റ് , ബിജെപി എന്നാല്‍ ദേശഹിതത്തില് വിട്ടുവീഴ്ച ചെയ്യാത്ത, ദേശസുരക്ഷാ എല്ലാത്തിനും മീതെ, ബിജെപി എന്നാല്‍ വംശവാദം, കുടുംബവാഴ്ച എന്നിവയുടെ രാഷ്ട്രീയത്തില്‍ നിന്നും മുക്തി, ബിജെപി എന്നാല്‍ യോഗ്യതയ്ക്ക് അവസരം, ബിജെപി എന്നാല്‍ സുതാര്യത, സദ്ഭരണം, ബിജെപി എന്നാല്‍ എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം എല്ലാവരുടെയും വിശ്വാസം. ഇന്ന് പാവപ്പെട്ടവനും മധ്യവര്‍ഗവും ബിജെപിയോടൊപ്പമുണ്ട്. നമ്മള് ഗ്രാമങ്ങളിലും നഗരങ്ങളിലുമുണ്ട്. ഇന്ന് ബിജെപി രാഷ്ട്രഹിതത്തിന്റെ പാര്‍ട്ടിയാണ്. എന്നാല്‍ പ്രാദേശിക പ്രതീക്ഷകളുടെ പാര്‍ട്ടി കൂടിയാണ്. നമ്മുടെ സംസ്കാരത്തില്‍ രാഷ്ട്രീയ തൊട്ടുകൂടായ്മയ്ക്കു സ്ഥാനമില്ല. അതിനാല്‍ നമുക്ക് സര്‍ദാര്‍ പട്ടേലിനായി സമര്‍പ്പിക്കപ്പെട്ട സ്റ്റാച്യു ഓഫ് യൂണിറ്റി നിര്‍മിക്കുമ്പോള്‍ അഭിമാനം തോന്നുന്നു. ബാബാ സാഹിബ് അംബേദ്കറിനായി പഞ്ചതീര്‍ത്ഥ നിര്‍മ്മാണം നടത്തുമ്പോള്‍ അഭിമാനംകൊള്ളുന്നു.
നമ്മള് തുറന്ന മനസ്സോടെ ബിജെപിയുടെ ബദ്ധവിരോധികള്‍ ആയിരുന്ന വ്യക്തികളെപ്പോലും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു. ഭാരത രത്ന മുതല്‍ പത്മപുരസ്കാരങ്ങള്‍ വരെ അതിന്റെ ഉദാഹരണങ്ങളാണ്. പത്മ പുരസ്കാരങ്ങള്‍ക്ക് നമ്മള് വരുത്തിയ മാറ്റങ്ങള്‍ വളരെ വലുതാണ്. കാലില്‍ ചെരുപ്പ് പോലുമില്ലാത്ത ഒരു വൃദ്ധമാതാവ് രാഷ്ട്രപതിയില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്ന ചിത്രം ആര്‍ക്കാണ് മറക്കാനാവുക. നമുക്ക് അത് എങ്ങനെ ചെയ്യാന്‍ സാധിക്കുന്നു. അറിയപ്പെടാത്ത വ്യക്തികളുടെ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിഞ്ഞ് അവരെ ഇത്ര വലിയ ബഹുമതിയോടെ ചേര്‍ത്തു നിര്‍ത്താന്‍ നമുക്ക് സാധിക്കുന്നത് നമ്മള് വേരിനോടും മണ്ണിനോടും ചേര്‍ന്നുനിന്ന് പ്രവര്‍ത്തിക്കുന്നു എന്നതിനാലാണ്.
പ്രവര്‍ത്തകര്‍ തങ്ങളുടെ തന-മന- ധനമര്പ്പിച്ച് പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കുന്നത് ബിജെപിയില്‍ മാത്രമാണ്. നിരവധി പ്രവര്‍ത്തകര്‍ പാര്‍ട്ടിക്കായി ബലിദാനം ചെയ്തു. നിരവധി പ്രവര്‍ത്തകര്‍ ക്രൂരമായി കൊലചെയ്യപ്പെട്ടു. കേരളത്തിലെയും പശ്ചിമ ബംഗാളിലും പ്രവര്‍ത്തകര്‍ നിരന്തരം ആക്രമിക്കപ്പെടുന്നു. അവരുടെ കുടുംബങ്ങള്‍ നിരന്തരം വേട്ടയാടപ്പെടുന്നു. എന്നാല്‍ രാഷ്ട്രത്തിനായി ജീവിക്കുക മരിക്കുക, ഒരു ആശയത്തിനായി ഉറച്ചുനില്ക്കുക എന്നതാണ് ബിജെപി പ്രവര്‍ത്തകന്റെ സവിശേഷത.
മറുഭാഗത്ത് വംശ വാദത്തിന്റെയും കുടുംബ വാഴ്ചയുടെയും ചിത്രങ്ങള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഭാരതം കണ്ടുകൊണ്ടിരിക്കുന്നു. പ്രാദേശിക പാര്‍ട്ടികളും ഒരു കുടുംബത്തിന്റെയോ ഏതാനും വ്യക്തികളുടെയോ പാര്‍ട്ടികള്‍ ആയി മാറി. അതിന്റെ പരിണാമം ഇന്ന് വ്യക്തമാണ്. കപട മതേതരത്വത്തിന്റെ മൂടുപടമണിഞ്ഞ പാര്‍ട്ടികളുടെ മുഖംമൂടി അഴിഞ്ഞു വീഴാന്‍ തുടങ്ങിയിരിക്കുന്നു. മതേതരത്വമെന്നാല്‍ കുറച്ചുപേര്‍ക്ക് വേണ്ടി പദ്ധതികള്‍, വോട്ട് ബാങ്കിനായി നയങ്ങള്‍ എന്നിവയായി മാറി. നമ്മുടെ സര്‍ക്കാരിന്റെ എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം എല്ലാവരുടെയും വിശ്വാസം എന്ന മന്ത്രം ഈ പരിഭാഷ തിരുത്തിയെഴുതാന്‍ തുടങ്ങിയിരിക്കുന്നു.
മുഴുവന്‍ ബിജെപി പ്രവര്‍ത്തകരുടെയും ശ്രദ്ധ ഒരു വലിയ വെല്ലുവിളിയിലേക്ക് ആകര്‍ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ന് ഏത് കാര്യത്തിനും തെറ്റായ പരിഭാഷ ഉണ്ടാക്കിയെടുക്കുകയാണ്. സിഎഎ, പുതിയ കൃഷി നിയമം, തൊഴില്‍ നിയമം തുടങ്ങി ഏത് കാര്യത്തിലും അത് കാണാം. ഇതിന് പുറകില്‍ ഒരു വലിയ ഗൂഢാലോചനയും രാഷ്ട്രീയവുമുണ്ട്. രാജ്യത്ത് രാഷ്ട്രീയ അസ്ഥിരത ഉണ്ടാക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ഭരണഘടന തിരുത്തും, സംവരണം എടുത്തുകളയും, പൗരത്വം റദ്ദാക്കും, കര്‍ഷകരുടെ ഭൂമി തട്ടിയെടുക്കും തുടങ്ങിയ നുണപ്രചരണങ്ങളിലൂടെ ജനങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണ്. കുറച്ചു വ്യക്തികളും സംഘടനകളും ഈ നുണകള്‍ വലിയ വേഗത്തില്‍ പ്രചരിപ്പിക്കുന്നു. നമ്മള് ഈ വിഷയത്തില്‍ ജാഗ്രത പുലര്‍ത്തണം. കൃത്യമായ വിവരങ്ങളോടെ നമ്മള് ജനങ്ങള്‍ക്കിടയിലേക്ക് പോയി അവരെ നിരന്തരം ബോധവല്‍ക്കരിക്കേണ്ടിയിരിക്കുന്നു. ബിജെപിയുടെ ഓരോ പ്രവര്‍ത്തകനും ഇക്കൂട്ടരുടെ യഥാര്‍ത്ഥമുഖം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാണിക്കണം. എപ്പോഴും ജാഗരൂകരായിരിക്കണം.
ഫലം കായ്ക്കുമ്പോള്‍ അതിന്റെ ഭാരം കൊണ്ട് വൃക്ഷം തലതാഴ്ത്തുന്നു എന്ന പോലെ നമ്മുടെ സംഘടനയും പാര്‍ട്ടിയും അധികാരത്തിനൊപ്പം കൂടുതല്‍ നമ്രശിരസ്കരാകേണ്ടതുണ്ട്. നമുക്ക് വിജയം എന്നതിനര്‍ത്ഥം പുതിയ കാര്യങ്ങളുടെ തുടക്കം എന്നതാകണം. രാജ്യത്തിനായി എങ്ങനെ പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും എന്ന ദിശയില്‍ നിരന്തരം ചിന്തിക്കണം.
രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ നമ്മുടെ ഉത്തരവാദിത്തം വര്‍ദ്ധിക്കുന്നു. അമൃത മഹോത്സവത്തില്‍ നമുക്ക് ഓരോരുത്തരെയും കൂടെ കൂട്ടണം. അമൃത മഹോത്സവം അടുത്ത 25 വര്‍ഷത്തേക്കുള്ള രാജ്യത്തിന്റെ ലക്ഷ്യം തീരുമാനിക്കാനുള്ള അവസരമാണ്. രാഷ്ട്രത്തിന്റെ ഈ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള പ്രവര്‍ത്തനം ബിജെപിയുടെ കോടാനുകോടി പ്രവര്‍ത്തകര്‍ നിര്‍വ്വഹിക്കേണ്ടതുണ്ട്.
നമുക്കും നമ്മുടെ അടുത്ത 25 വര്‍ഷത്തേക്കുള്ള വ്യക്തിപരവും സംഘടനാപരവുമായ ലക്ഷ്യം തീരുമാനിക്കേണ്ടതുണ്ട്. നമ്മുടെ പാര്‍ട്ടിയുടെ ഭാവിക്കായി ഈ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കേണ്ട വലിയ കടമ നമ്മുടെ യുവ പ്രവര്‍ത്തകര്‍ക്കുണ്ട്.
ഭാരതത്തിന്റെ ഓരോ കണവും ജനങ്ങളും നമുക്ക് പവിത്രമാണ്. അവരുടെ സേവനം നമുക്ക് രാഷ്ട്രസേവനമാണ്. അധികാരം നമുക്ക് അതിനുള്ള മാധ്യമം മാത്രമാണ്. ഭാരവാഹിത്വം പ്രവര്‍ത്തിക്കാനുള്ള ഉത്തരവാദിത്തം മാത്രവും. നമുക്ക് ബിജെപി പ്രവര്ത്തകന് ആകുക എന്നത് കേവലം രണ്ടു വാക്ക് മാത്രമല്ല അത് ജീവിത വ്രതവും കൂടിയാണ്.
നിങ്ങള്‍ക്കെല്ലാവര്‍ക്കും സുഖവും സന്തോഷവും ആശംസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: