ശ്ലോകം 311
ദേഹാത്മനാ സംസ്ഥിത ഏവ കാമീ
വിലക്ഷണഃ കാമയിതാ കഥം സ്യാത്
അതോളര്ത്ഥ സന്ധാനപരത്വമേവ
ഭേദപ്രസക്ത്യാ ഭവബന്ധഹേതുഃ
ദേഹമാണ് താന്‍ എന്ന് കരുതുന്നയാള്‍ മാത്രമേ വിഷയസുഖങ്ങളെ ആഗ്രഹിക്കുകയുള്ളൂ. ദേഹാത്മബുദ്ധിയില്ലാത്തവന് എങ്ങനെ വിഷയങ്ങളെ കാമിക്കും. അതിനാല്‍ വിഷയ ചിന്താപരം തന്നെയാണ് ഭേദബുദ്ധിയുണ്ടാക്കി സംസാര ബന്ധത്തിന് കാരണമായിത്തീരുന്നത്. ദേഹത്തെ താന്‍ എന്ന് വിചാരിക്കുന്നത് അപകടത്തിലും ദേഹാത്മബുദ്ധി ഇല്ലാത്തത് നല്ലതിലേക്കും പോകും.
സദാ ആഗ്രഹങ്ങളെ വച്ചു പുലര്‍ത്തുന്നയാളാണ് കാമി. ഞാന്‍ ദേഹമാണ് എന്ന് കരുതി അതില്‍ മുഴുകി കഴിയുന്നവനാണ് കാമി എന്ന് പറയുന്നു. ദേഹമാണ് ഞാന്‍ എന്ന് ധാരണയുള്ള കാലത്തോളം ദേഹത്തിന്റെ ആവശ്യങ്ങള്‍ തന്റെ ആവശ്യങ്ങളായി തെറ്റിദ്ധരിച്ച് അതില്‍ മയങ്ങി വിഷയ സേവയില്‍ മുഴുകുന്നു. ദേഹത്തിന്റെ സുഖത്തിന് വേണ്ടി എത്ര ഭോഗങ്ങളില്‍ ഏര്‍പ്പെട്ടാലും മതിയാവുകയില്ല. കാമിയില്‍ നിന്നും തികച്ചും വേറിട്ടവനാണ് ആത്മസാക്ഷാത്കാരം നേടിയ മഹാത്മാവ്. കാമി ഇന്ദ്രിയാ രാമനായി വിഷയങ്ങള്‍ക്ക് പിന്നാലെ പായുന്നു. എന്നാല്‍ മഹാത്മാവ് വിഷയങ്ങളില്‍ നിന്ന് അകന്ന് തന്നില്‍ തന്നെ മുഴുകി ആത്മാരാമനായി നിലകൊള്ളുന്നു. ജ്ഞാനിയായ അദ്ദേഹത്തിന് ഭോഗേച്ഛയുണ്ടാകില്ല.
ഭോഗ്യവസ്തുക്കളുടെ നേര്‍ക്ക് മനസ്സ് കുതിക്കുന്നതാണ് കാമം. ചെറിയൊരു താല്പര്യം വന്നു പോയാല്‍ മനസ്സ് ഉടനെ അവിടെയെത്തും. എല്ലാ വിഷയങ്ങളില്‍ നിന്നും മനസ്സിനെ പിന്‍വലിച്ച് അവനവന്റെ ആത്മസ്വരൂപത്തില്‍ ഉറച്ചിരിക്കലാണ് പൂര്‍ണത്വം.
ഞാന്‍ പൂര്‍ണനാണ്, തൃപ്തനാണ് എന്ന ബോധം ഇല്ലാത്തതാണ് കുഴപ്പങ്ങള്‍ക്ക് കാരണം. ഈ അജ്ഞാനം മൂലമാണ് കാമം ഉണ്ടാകുന്നത്. അത് വിഷയ ചിന്തകള്‍ക്കും കാമ്യകര്മ്മങ്ങള്ക്കും ഭേദങ്ങള്‍ക്കും നാനാത്വ പ്രതീതിയ്ക്കും കാരണമാകും. അത് സംസാര ബന്ധനത്തിലേക്കും നയിക്കും.
ജ്ഞാനം വരുമ്പോള്‍ അജ്ഞാനം നീങ്ങുക തന്നെ ചെയ്യും. തുടര്‍ന്ന് അതുവരെയുണ്ടായിരുന്ന സകല അനര്‍ത്ഥങ്ങളും നീങ്ങും. താന്‍ ബ്രഹ്മം തന്നെയാണ് എന്ന് അറിഞ്ഞാല്‍, അനുഭവമായവര്‍ വേണ്ട സ്ഥലത്ത് തന്നെ എത്തിച്ചേരും. പിന്നെ ഭൗതിക സുഖഭോഗങ്ങള്‍ക്ക് ഒട്ടും പ്രസക്തിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: