കണ്ണൂര്‍: മുസ്ലിം ലീഗ് പ്രവര്ത്തകന് മന്‍സൂറിന്റെ കൊലപാതകത്തിന് പിന്നാലെ സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മകന് ജയിന് രാജ് ഇട്ട ഫേസ്ബുക്ക് കുറിപ്പ് വിവാദത്തില്‍. ബുധനാഴ്ച രാവിലെ പോസ്റ്റ് ചെയ്ത ഒറ്റവരി കുറിപ്പിനെതിരെയാണ് പ്രതിഷേധമുയരുന്നത്. ‘ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി’ എന്ന് പോസ്റ്റില്‍ പറയുന്നു. പോസ്റ്റിന് താഴെ കൊലപാതകത്തെ അനുകൂലിച്ചും എതിര്‍ത്തും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്.
കൂത്തുപറമ്പിലേത് ആസൂത്രിത കൊലപാതകമാണെന്നതിന്റെ തെളിവാണ് ഫെയ്സ് ബുക്ക് കുറിപ്പെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് ആരോപിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള സംഘര്‍ഷത്തിലാണ് പുല്ലൂക്കര പാറാല്‍ മന്‍സൂര്‍(22) കൊല്ലപ്പെട്ടത്. പ്രദേശത്ത് ലീഗ്- സിപിഎം സംഘര്‍ഷം നിലനിന്നിരുന്നു. കൊല്ലപ്പെട്ട മന്‍സൂറിന്റെ സഹോദരന് മുഹ്സിനും ആക്രമണത്തില്‍ സാരമായി പരിക്കേറ്റു.
ചൊവ്വാഴ്ച രാത്രിയിലാണ് ഇരുവര്‍ക്കും നേരെ ആക്രമണമുണ്ടായത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് അക്രമത്തില്‍ കലാശിച്ചത്. 149-150 എന്നീ രണ്ടു ബൂത്തുകള്‍ക്കിടയിലായിരുന്നു പ്രശ്നം. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സംഘര്‍ഷം രൂക്ഷമായി.149-ാം നമ്പര്‍ ബൂത്തിലേക്ക് ഓപ്പണ്‍ വോട്ട് ചെയ്യുന്നതിനായി വോട്ടര്‍മാരെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: