അമാന്‍: വീട്ടുതടങ്കലിലായതിന് രണ്ട് ദിവസത്തിന് ശേഷം, ഹംസ രാജകുമാരന്‍ ജോര്‍ദ്ദാന്‍ രാജാവിന് മാപ്പെഴുതി നല്‍കിയതോടെ ഇരുവരും തമ്മിലുള്ള തര്‍ക്കം രമ്യമായി പരിഹരിച്ചു. താന്‍ രാജ്യെത്ത ഭരണം അട്ടിമറിയ്‌ക്കാന്‍ ഗൂഢാലോചന നടത്തിയിട്ടില്ലെന്നും തനിക്ക് പഴയതുപോലെ തന്നെ ജോര്‍ദ്ദാന്‍ രാജഭരണത്തോട് നൂറ് ശതമാനം കൂറുണ്ടെന്നും ഹംസ രാജകുമാരന്‍ സമര്‍പ്പിച്ച കത്തില്‍ വ്യക്തമാക്കി. മാത്രമല്ല, ജോര്‍ദ്ദാനിലെ ഭരണഘടനയെ താന്‍ പൂര്‍ണ്ണമനസ്സോടെ അംഗീകരിക്കുമെന്നും ഹംസ രാജകുമാരന്‍ മാപ്പപേക്ഷാകത്തില്‍ പറയുന്നു.
അബ്ദുള്ള രാജാവിന്റെ അമ്മാവന്‍ ഹസ്സന്‍ രാജാവിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് പ്രശ്നങ്ങള്‍ രമ്യമായി ഒത്തുതീര്‍ന്നത്. ഇതോടെ ഭരണം അട്ടിമറിക്കാൻ ജോര്‍ദാന്‍ മുന്‍ കിരീടാവകാശി ഹംസ രാജകുമാരന്‍ ഗൂഢാലോചന നടത്തിയെന്ന വാര്‍ത്തയ്‌ക്ക് വിലക്കേര്‍പ്പെടുത്താനും ജോര്‍ദ്ദാന്‍ തീരുമാനിച്ചു. ഹംസ രാജകുമാരനും ജോര്‍ദ്ദാന്‍ ഭരണാധികാരി അബ്ദുള്ള(രണ്ടാമന്‍) രാജാവും തമ്മിലുള്ള വഴക്ക് ഒത്തുതീര്‍പ്പിലെത്തിയതോടെയാണ് ഇത്തരം വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍പ്പോലും പ്രസിദ്ധീകരിച്ചുകൂടെന്ന് ജോര്‍ദ്ദാന്‍ രാജാവ് വിലക്കിയത്.
ജോര്‍ദ്ദാന്‍ രാജകുമാര്‍ ഹംസയെ വീട്ടുതടങ്കലില്‍ നിന്നും നേരത്തെ വിട്ടയച്ചു. ഹംസ രാജകുമാരന്‍ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ വിദേശകക്ഷികളുമായി ഗൂഢാലോചന നടത്തിയെന്നു കണ്ടെത്തിയതിനെ തുടർന്നാണ് അദ്ദേഹത്തെ തടങ്കലിൽ ആക്കിയതെന്നു ജോര്‍ദാന്‍ ഉപ പ്രധാനമന്ത്രി അയ്‌മാന്‍ സഫാദി ആരോപിച്ചിരുന്നു. .
എന്നാല്‍ താന്‍ രാജ്യത്തിനെതിരെ കലാപം നടത്തിയില്ലെന്നും തന്റെ സ്വാതന്ത്ര്യം വെട്ടിക്കുറിച്ചതിനെച്ചൊല്ലി സൈനിക മേധാവിയുമായി വാക്കുതര്‍ക്കം ഉണ്ടാവുക മാത്രമാണ് സംഭവിച്ചതെന്നും ഹംസ രാജകുമാരന്‍ വിശദീകരിച്ചു. താന്‍ വീട്ടു തടങ്കലിലാണെന്ന് ജോര്‍ദ്ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്റെ അര്‍ധ സഹോദരനായ ഹംസ രാജകുമാരന്‍ വ്യക്തമാക്കിയിട്ടുണ്ട്. ശനിയാഴ്ച ഈ കാര്യം വെളിപ്പെടുത്തി ഹംസയുടെ വീഡിയോ പുറത്തുവന്നിരുന്നു. ഇതോടെയാണ് ജോര്‍ദ്ദാന്‍ രാജകുടുംബത്തിലെ വിള്ളല്‍ പുറംലോകം അറിയുന്നത്.
നിരവധി ഉന്നത വ്യക്തികളെയും കസ്റ്റഡിയിലെടുത്തിരുന്നു. ജോര്‍ദ്ദാനിലെ ഭരണകൂടം കഴിവില്ലാത്തവരും അഴിമതിക്കാരുമാണെന്നും പുറത്തുവിട്ട വീഡിയോയില്‍ ഹംസ ആരോപിച്ചിരുന്നു. രാജ്യത്തെ പട്ടാള മേധാവിയെ സന്ദര്‍ശിക്കാന്‍ ശ്രമിച്ചെങ്കിലും സമ്മതിച്ചില്ലെന്നും ജനങ്ങളെ കാണുന്നതില്‍നിന്നു തടയുകയാണെന്നും ഹംസ ആരോപിച്ചിരുന്നു.അതേ സമയം പ്രശ്നത്തില്‍ അയല്‍ രാജ്യമായ സൗദി അറേബ്യ ജോര്‍ദ്ദാന്‍ രാജാവിന് നൂറ് ശതമാനവും പിന്തുണ പ്രഖ്യാപിച്ചു.
അന്തരിച്ച ഹുസൈന്‍ രാജാവിന്റെയും യുഎസ് വംശജയായ നാലാമത്തെ പത്‌നി നൂര്‍ രാജ്ഞിയുടെയും മൂത്ത മകനാണ് ഹംസ. 2004ല്‍ അബ്ദുല്ല രണ്ടാമന്‍ അധികാരം ഏറ്റെടുത്തതോടെ ഹംസയുടെ രാജ കിരീടത്തിനുള്ള അവകാശം എടുത്തു കളഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: