ലക്‌നൗ : ബിഎസ്പി എംഎല്‍എ ആയി മാറിയ അധോലോക നായകന്‍ മുക്താര്‍ അന്‍സാരിയെ പഞ്ചാബിലെ രൂപ്‌നഗര്‍ ജയിലില്‍ നിന്നും ഉത്തര്‍പ്രദേശിലെ ബാന്ദ ജയിലില്‍ ചൊവ്വാഴ്ച എത്തിച്ചു.
ഉത്തര്‍പ്രദേശ് പൊലീസ് ഔദ്യോഗികമായി മുക്താര്‍ അന്‍സാരിയെ പഞ്ചാബിലെ ജയിലില്‍ നിന്നും യുപിയിലെ ജയിലിലേക്ക് മാറ്റിയതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. എണ്‍പത് പൊലീസുകാര്‍ അടങ്ങുന്ന സംഘമാണ് പഞ്ചാബിലേക്ക് ഗുണ്ടാനായകനെ യുപിയില്‍ എത്തിക്കാനായി തിരിച്ചത്. ചെറുപ്പക്കാരും അനുഭവജ്ഞരും ചുറുചുറുക്കുമുള്ള പൊലീസുകാരെയാണ് ഈ ദൗത്യം ഏല്‍പ്പിച്ചിരുന്നത്.
ഒരു ഡപ്യൂട്ടി എസ്പി, രണ്ട് ഇന്‍സ്‌പെക്ടര്‍മാര്‍, ആറ് സബ് ഇന്‍സ്‌പെക്ടര്‍മാര്‍, 20 ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍, 30 കോണ്‍സ്റ്റബിള്‍മാര്‍, ഒരു പിഎസി യൂണിറ്റ്, ഒരു ആംബുലന്‍സ് ഉള്‍പ്പെട്ടതായിരുന്നു യുപിയില്‍ നിന്നും യാത്രതിരിച്ച സംഘം. അത്യാധുനിക യന്ത്രത്തോക്കുകളും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും ഇവര്‍ക്ക് നല്‍കിയിരുന്നു. ജിപിഎസ് സംവിധാനം ഘടിപ്പിച്ച് വജ്രവാഹനത്തിലായിരുന്നു മുക്താര്‍ അന്‍സാരിയെ കൊണ്ടുവന്നത്. ലഹളയെ അതിജീവിക്കാന്‍ കഴിയുന്ന വാഹനമാണ് ഇത്. അതേ സമയത്ത് പൊലീസ് സംഘത്തില്‍ പൂര്‍വ്വാഞ്ചലില്‍ നിന്നുള്ളവരെ ഒഴിവാക്കി. മുക്താര്‍ അന്‍സാരിക്ക് ഏറെ സ്വാധീനമുള്ള ഇടമാണ് ഇത്. മിക്ക പൊലീസുകാരുടെയും മൊബൈല്‍ ഫോണുകളും എടുത്തുമാറ്റിയിരുന്നു. പഞ്ചാബിലെ രൂപാര്‍ ജയിലില്‍ എത്താന്‍ മൂന്ന് വ്യത്യസ്തമായ റൂട്ടുകളാണ് പരീക്ഷിച്ചത്.
ഉത്തര്‍പ്രദേശിലെ ബാന്ദ ജയിലില്‍ എത്തിച്ച മുക്താര്‍ അന്‍സാരിയെ മറ്റൊരു തടവുകാരനും എത്തിച്ചേരാന്‍ കഴിയാത്ത ബാരക് നമ്പര്‍ 15ലായിരിക്കും പാര്‍പ്പിക്കുക.
മുക്താര്‍ അന്‍സാരിയെ പഞ്ചാബിലെ രൂപ്‌നഗർ ജയിലില്‍ നിന്നും ഉത്തർപ്രദേശിലെ ജയിലിലേക്ക് മാറ്റാന്‍ മാര്‍ച്ച് 26ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഏപ്രില്‍ എട്ടിന് മുമ്പ് പഞ്ചാബിലെ ജയിലില്‍ നിന്നും ഇദ്ദേഹത്തെ മാറ്റണമെന്ന് പഞ്ചാബിലെ ആഭ്യന്തര വകുപ്പ് യുപി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശക്തനായ മാഫിയ തലവനെ കൊണ്ടുവരാന്‍ വന്‍പൊലീസ് സംഘം പോയത്.
2015 മുതല്‍ പഞ്ചാബിലെ രൂപ്‌നഗർ ജയിലിലായിരുന്നു മുക്താര്‍ അന്‍സാരി. ഉത്തർപ്രദേശ് സർക്കാർ നൽകിയ അപേക്ഷയിലായിരുന്ന സുപ്രീംകോടതിയുടെ വിധി. മുക്താർ അൻസാരിയ്‌ക്കെതിരെ 52 ഓളം ക്രിമിനൽ കേസുകളാണ് ഉത്തർപ്രദേശിൽ നിലനില്‍ക്കുന്നത്. ഈ കേസുകളില്‍ അന്വേഷണം പുരോഗമിക്കാന്‍ മുക്താർ അൻസാരിയെ യുപിയില്‍ എത്തിക്കേണ്ടത് അത്യാവശ്യമായതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയിൽ സർക്കാർ അപേക്ഷ നൽകിയത്.
നേരത്തെ സുപ്രീംകോടതിയില്‍ മുക്താർ അൻസാരിയുടെ അഭിഭാഷകന്‍ യുപി സര്‍ക്കാരിന്റെ നീക്കത്തെ എതിര്‍ത്തിരുന്നു. ഉത്തർപ്രദേശിലേക്ക് അയയ്‌ക്കുന്നത് അദ്ദേഹത്തിന്റെ ജീവന് ഭീഷണിയാകുമെന്ന് അഭിഭാഷകന്‍ വാദിച്ചു. എന്നാൽ യുപി സർക്കാരിന്റെ വാദം സുപ്രീംകോടതി അംഗീകരിച്ച് മുക്താർ അൻസാരിയെ ഉത്തർപ്രദേശിലേക്ക് മാറ്റാൻ ഉത്തരവിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: