ന്യൂദല്‍ഹി: തൃണമൂല്‍ നേതാവിന്റെ വീട്ടില്‍ നാല് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും നാല് പേപ്പര്‍ വോട്ടിംഗ് യന്ത്രങ്ങളും കണ്ടെത്തിയതായി പരാതി. ഇതേ തുടര്‍ന്ന് ഹൗറയിലെ ഒരു ഉദ്യോഗസ്ഥനെ തെരഞ്ഞെടുപ്പ് കമ്മീഷന് ചൊവ്വാഴ്ച സസ്പെന്റ് ചെയ്തു. പൊലീസ് കേസെടുത്തിട്ടുണ്ട്.
ഉലുബേറിയ ഉത്തര്‍ നിയോജകമണ്ഡലത്തിലെ തുള്‍സിബേറിയ ഗ്രാമത്തിലാണ് സംഭവം. തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിട്ട അന്വേഷണത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ അധികമായി കരുതിവെച്ചവയാണെന്ന് കണ്ടെത്തുകയും അത് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്നു തന്നെ മാറ്റുകയും ചെയ്തു.
ഇതേ കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കുറ്റക്കാരെ കര്‍ശനമായി ശിക്ഷിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞു. തപന്‍ സര്‍ക്കാര്‍ എന്ന തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥന് നാല് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രവും നാല് പേപ്പര്‍ വോട്ടിംഗ യന്ത്രങ്ങളുുമായി മൂന്നാം ഘട്ട പോളിംഗിന് തലേ രാത്രി ഒരൂ ബന്ധുവിന്റെ വീട്ടില്‍ തങ്ങിയതാണ് പ്രശ്നമായതെന്ന് പറയുന്നു. ഇദ്ദേഹത്തിന്റെ ബന്ധു ഗൗതം ഘോഷ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവാണ്.വോട്ടിംഗ് യന്ത്രങ്ങളും കൊണ്ട് ബന്ധുവിന്റെ വീട്ടില്‍ ഉറങ്ങാന്‍ പോയി തപന്‍ സര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. തപന്സര്ക്കാരിനെ സസ്പെന്‍ഡ് ചെ്യതിട്ടുണ്ട്. കൂടുതല്‍ കര്‍ശനമായ നിയമനടപടികള്‍ ഉണ്ടാകുമെന്നും കമ്മീഷന് അറിയിച്ചു.
ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേകര്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന് ചില നടപടികള്‍ എടുത്തിട്ടുണ്ട്. പക്ഷെ ഈ സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ജാവദേക്കര്‍ ആവശ്യപ്പെട്ടു. വോട്ടിംഗ് യന്ത്രങ്ങള്‍ ഒരു തൃണമൂല്‍ നേതാവിന്റെ വീട്ടില്‍ കണ്ടെത്തിയത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: