തൊടുപുഴ: മന്ത്രി എംഎം മണിയുടെ മണ്ഡലമായ ഉടുമ്പൻചോലയിൽ വ്യാപക കള്ളവോട്ട് നടന്നതായി ആരോപണം. കള്ള വോട്ട് ചെയ്യാനെത്തിയ തമിഴ് നാട്ടിൽ നിന്നുള്ള സംഘത്തെ നെടുംകണ്ടം കോമ്പയാറിൽ ബിജെപി പ്രവർത്തകർ പിടികൂടി. 14 പേരുള്ള സംഘത്തിന്റെ കൈയിൽ നിന്ന് മഷി മായ്ക്കുന്ന ദ്രാവകവും പഞ്ഞിയും കണ്ടെടുത്തു.
കള്ളവോട്ടിന് പോലീസും മറ്റ് ഉദ്യോഗസ്ഥരും ഒത്താശ ചെയുന്നതായി ആരോപിച്ച് കോൺഗ്രസ്സും ബിജെപിയും രംഗത്തെത്തി. കോമ്പയാറിലെ ഒരു പോളിംഗ് ബൂത്തിന് സമീപത്തു ജീപ്പ് നിർത്തി മഷി മായ്ക്കുമ്പോഴാണ് 14 അംഗ സംഘത്തെ ബിജെപി പ്രവർത്തകർ പിടികൂടിയത്. വിവരം പോലീസിൽ അറിയിച്ചെങ്കിലും ആദ്യം തിരിഞ്ഞുനോക്കിയില്ല. പിന്നീട് കള്ളവോട്ടിന് ശ്രമിച്ചവരെ യാതൊരു പരിശോധന പോലും നടത്താതെ വിട്ടയക്കാൻ തുടങ്ങിയതോടെ നാട്ടുകാർ തടയുകയായിരുന്നു. സംഭവത്തിൽ കോൺഗ്രസ് നേതാക്കളും പ്രതിഷേധവുമായി നെടുംകണ്ടം പോലീസ് സ്റ്റേഷനിൽ തടിച്ചുകൂടി.
ഉടുമ്പൻചോല മണ്ഡലത്തിൽ കള്ളവോട്ട് വ്യാപകമായി നടക്കുന്നതായി കോൺഗ്രസും ബിജെപിയും നേരത്തെ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. തുടർന്ന് കോടതി ഉത്തരവിന്റെ കൂടി അടിസ്ഥാനത്തിൽ വ്യാപക പരിശോധനയാണ് ഏർപ്പെടുത്തിയത്. എന്നാൽ പരിശോധന പ്രഹസനം മാത്രമാണെന്നാണ് ആരോപണം. ഉടുമ്പൻചോല മണ്ഡലത്തിൽ വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറിൽ തന്നെ വ്യാപകമായി കള്ളവോട്ട് നടന്നതായാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: