ലക്‌നൗ : മാഫിയ ഡോണും ബിഎസ്പി എംഎൽഎയുമായ മുക്താർ അൻസാരി ഇസ്ലാമിക തീവ്രവാദിയെന്ന് ഉത്തർപ്രദേശ് മന്ത്രി.
ഉത്തര്‍പ്രദേശിലെ പാർലമെന്‍ററികാര്യമന്ത്രി ആനന്ദ് സ്വരൂപ് ശുക്ലയാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. മതപ്രചാരണത്തിനായി അൻസാരി വിദേശത്തു നിന്നും ഫണ്ടുകൾ സ്വീകരിച്ചിരുന്നുവെന്നും ശുക്ല പറഞ്ഞു. മുസ്ലീം സംരക്ഷകനെന്ന് മേനി നടിക്കുന്ന അൻസാരി വിദേശത്തു നിന്നും മത പ്രചാരണത്തിനായി കോടികളുടെ ഫണ്ട് സമാഹരിച്ചിട്ടുണ്ട്. ഇതിനാലാണ് അൻസാരി യുപിയിലേക്ക് വരാൻ മടിക്കുന്നതെന്നും ശുക്ല പറഞ്ഞു.
മുസ്ലീങ്ങളുടെ രക്ഷകനെന്ന് സ്വയം നടിച്ചിരുന്നയാളാണ് അൻസാരി. മുൻപ് ഭരിച്ചിരുന്ന കോൺഗ്രസ്, എസ്പി, ബിഎസ്പി സർക്കാരുകൾ മുസ്ലീം വോട്ടുകൾ നേടുന്നതിനായി അൻസാരിയെ ഉപയോഗിച്ചു. അൻസാരിയ്‌ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. തല്‍ഫലമായി സംസ്ഥാനത്ത് ‘മാഫിയ രാജ്’ വളര്‍ന്നെന്നും ശുക്ല അഭിപ്രായപ്പെട്ടു. ഇപ്പോള്‍ കോണ്‍ഗ്രസാണ് അന്‍സാരിയെ രക്ഷിയ്‌ക്കാന്‍ ശ്രമിക്കുന്നത്. ഇസ്ലാം ഭീകരതയെയും സാമൂഹ്യവിരുദ്ധ ശക്തികളെയും പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുകയാണ് കോണ്‍ഗ്രസെന്നും അദ്ദേഹം ആരോപിച്ചു.
അൻസാരിയെപ്പോലുള്ളവരെ ശിക്ഷിക്കുന്നതിനായി യോഗി സർക്കാർ ശക്തമായ നടപടികളാണ് സ്വീകരിച്ചു പോരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുക്താർ അൻസാരിയെ പഞ്ചാബിലെ രൂപ്‌നഗർ ജയിലില്‍ നിന്നും ഉത്തർപ്രദേശിലേക്ക് കൊണ്ടുവരാന്‍ യുപിയില്‍ നിന്നും 80 പൊലീസുകാരടങ്ങുന്ന സംഘം തിങ്കളാഴ്ച യാത്ര തിരിച്ചു.
മുക്താര്‍ അന്‍സാരിയെ പഞ്ചാബിലെ രൂപ്‌നഗർ ജയിലില്‍ നിന്നും ഉത്തർപ്രദേശിലെ ജയിലിലേക്ക് മാറ്റാന്‍ മാര്‍ച്ച് 26ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഏപ്രില്‍ എട്ടിന് മുമ്പ് പഞ്ചാബിലെ ജയിലില്‍ നിന്നും ഇദ്ദേഹത്തെ മാറ്റണമെന്ന് പഞ്ചാബിലെ ആഭ്യന്തര വകുപ്പ് യുപി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശക്തനായ മാഫിയ തലവനെ കൊണ്ടുവരാന്‍ വന്‍സംഘം തന്നെ പോകുന്നത്.
മുക്താർ അൻസാരിയ്‌ക്കെതിരെ 30 ഓളം ക്രിമിനൽ കേസുകളാണ് ഉത്തർപ്രദേശിൽ നിലനില്‍ക്കുന്നത്. ഈ കേസുകളില്‍ അന്വേഷണം പുരോഗമിക്കാന്‍ മുക്താർ അൻസാരിയെ യുപിയില്‍ എത്തിക്കേണ്ടത് അത്യാവശ്യമായതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയിൽ സർക്കാർ അപേക്ഷ നൽകിയത്. ഉത്തര്‍പ്രദേശിലെ ബാന്ദ ജയിലില്‍ എത്തിക്കുന്ന മുക്താര്‍ അന്‍സാരിയെ മറ്റൊരു തടവുകാരനും എത്തിച്ചേരാന്‍ കഴിയാത്ത ബാരക് നമ്പര്‍ 15ലായിരിക്കും പാര്‍പ്പിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: