തിരുവനന്തപുരം: പ്രമുഖ ശാസ്ത്രജ്ഞന്‍ ഡോ. നമ്പിനാരായണനെ സന്ദര്‍ശിച്ച് തിരുവനന്തപുരം സെന്‍ട്രലിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍. നിശബ്ദപ്രചാരണത്തിന്റെ ദിനമായ ഇന്നലെയാണ് കൃഷ്ണകുമാര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. ചാരക്കേസിന്റെ പേരില്‍ ഏറെ പീഡിപ്പിക്കപ്പെട്ട നമ്പിനാരായണനെതിരെയുണ്ടായ നീക്കങ്ങളെകുറിച്ച് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെ ബിജെപി റാലിയില്‍ പരാമര്‍ശിച്ചിരുന്നു. രാജ്യത്തിന്റെ അഭിമാനമാകേണ്ട ശാസ്ത്രജ്ഞനെ ഇല്ലായ്മ ചെയ്തത് കോണ്‍ഗ്രസ്സിന്റെ വിഭാഗീയതയാണ്. കഠിനാധ്വാനികളായ എല്ലാവരേയും കോണ്‍ഗ്രസ് നശിപ്പിച്ചതായും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
താന്‍ അനുഭവിച്ച യാതനകള്‍ കൃഷ്ണകുമാറിനുമുന്നില്‍ നമ്പിനാരായണന്‍ ഓര്‍ത്തെടുത്തു. ഇത്തരമനുഭവം ഇനിയാര്‍ക്കും ഉണ്ടാകരുതെന്ന് അദ്ദേഹം പറഞ്ഞു. അതിന് കേരളത്തിലും മാറ്റമുണ്ടാകണം. കൃഷ്ണകുമാറിന് എല്ലാ വിജയാശംസകളും നേര്‍ന്നാണ് അദ്ദേഹം യാത്രയാക്കിയത്. എസ്പി ഫോര്‍ട്ട് ആശുപത്രി ഉടമ അശോകന്‍, മുന്‍ കോണ്‍ഗ്രസ്സ് നേതാവ് പി.ഡി.പിള്ള, കേണല്‍ എം.കെ.കെ.നായര്‍ എന്നിവരുമായും കൃഷ്ണകുമാര്‍ കൂടിക്കാഴ്ച നടത്തി. ബിജെപി മുന്‍ മണ്ഡലം അധ്യക്ഷനും സംസ്ഥാന സമിതി അംഗവുമായ കെ.രാജശേഖരനും സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു.
തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷത്തിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി.കൃഷ്ണകുമാര്‍ തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിന്റെ വിവിധ മേഖലകളിലെത്തി വോട്ടര്‍മാരെ കണ്ടു. ജഗതി കണ്ണേറ്റുമുക്കില്‍ നിന്നാണ് നിശബ്ദ പ്രചാരണത്തിന് തുടക്കമായത്. ബണ്ട് കോളനിയില്‍ ഹൃദ്യമായ വരവേല്‍പ്പാണ് പ്രദേശവാസികള്‍ നല്‍കിയത്. അവരുടെ സന്തോഷത്തിനും ആവേശത്തിനും അതിരില്ലായിരുന്നു. എന്നാല്‍ അവരുടെ ജീവിത സാഹചര്യങ്ങള്‍ കൃഷ്ണകുമാറിനെ വേദനിപ്പിച്ചു. എല്ലാത്തിനും മാറ്റം ഉണ്ടാകുമെന്ന് കൃഷ്ണകുമാര്‍ അവരോട് പറഞ്ഞു. തുടര്‍ന്ന് ശ്രീവരാഹം, ഫോര്‍ട്ട്, വഞ്ചിയൂര്‍, ഉപ്പളംറോഡ്, വലിയശാല ഗ്രാമം എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി. രണ്ടാം പുത്തന്‍തെരുവില്‍ ബിരുദാനന്തര ബിരുദം നേടിയ കാവ്യ എസ് മണിക്ക് മധുരം നല്‍കി അഭിനന്ദനം അറിയിച്ചു. വഞ്ചിയൂരില്‍ ട്രാന്‍സ്‌ജെന്റേഴ്‌സും കൃഷ്ണകുമാറിന് വോട്ട് ഉറപ്പ് നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: