ലണ്ടന്‍: കോവിഡ് വ്യാപനം വീണ്ടും അതിരൂക്ഷമായ സാഹചര്യത്തില്‍ രോഗപ്പകര്‍ച്ച കര്‍ശനമായി തടയാന്‍ ജനങ്ങള്‍ക്ക് ആഴ്ചയില്‍ രണ്ട് തവണ കോവിഡ് പരിശോധന വാഗ്ദാനം ചെയ്ത് ബ്രിട്ടീഷ് സര്‍ക്കാര്‍. സര്‍ക്കാരിന്റെ കോവിഡ് പരിശോധന പദ്ധതിയുടെ ഭാഗമായാണ് ഈ തീരുമാനം.
30 മിനിറ്റിനുള്ളില്‍ ഫലം നല്കുന്ന ലേറ്ററല്‍ ഫ്ളോ കിറ്റുകള്‍ ഉപയോഗിച്ചായിരിക്കും പരിശോധന നടത്തുക. ഇത്തരം കിറ്റുകള്‍ പ്രത്യേക കോവിഡ് പരിശോധനാ കേന്ദ്രങ്ങളിലും ഫാര്‍മസികളിലും ലഭ്യമാക്കും. ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കുമ്പോള്‍ പോലും രോഗവ്യാപനം തടയാന്‍ കൂടെക്കൂടെയുള്ള നിര്‍ബന്ധിത പരിശോധന സഹായകരമാകുമെന്ന് ബ്രിട്ടനിലെ ആരോഗ്യസെക്രട്ടറി പറഞ്ഞു.
എന്നാല്‍ ഇത് സര്‍ക്കാര്‍ പണം പാഴാക്കുന്നുവെന്ന അപകീര്‍ത്തിയുണ്ടാക്കുമെന്ന് സര്‍ക്കാര്‍ വിമര്‍ശകര്‍ വാദിക്കുന്നു. പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ചേരുന്ന മന്ത്രിസഭായോഗത്തിന് തൊട്ടുമുമ്പാണ് ആഴ്ചയില്‍ രണ്ട് തവണ കോവിഡ് പരിശോധന എന്ന തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ലോക്ഡൗണ്‍ ഇളവ് പ്രകാരം ഏപ്രില്‍ 12 മുതല്‍ പബ്ബുകളും റെസ്റ്റോറന്റുകളും തുറന്നുപ്രവര്‍ത്തിക്കും.
കൊറോണ വൈറസ് പാസ്പോര്‍ട്ടും പുറത്തിറക്കാന്‍ ബ്രിട്ടന് പദ്ധതിയുണ്ട്. കോവിഡ് വാക്സിന് എടുത്തിട്ടുണ്ടോ, അടുത്തിടെ നടത്തിയ കോവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നോ, പ്രകൃതിദത്തമായി രോഗപ്രതിരോധ ശേഷിയുണ്ടോ എന്നീ കാര്യങ്ങള്‍ ഈ പാസ്പോര്ട്ടില് രേഖപ്പെടുത്തുക വഴി ഒരാളുടെ കോവിഡ് സ്റ്റാറ്റസ് എളുപ്പം മനസ്സിലാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: