അമ്പലപ്പുഴ: അമ്പലപ്പുഴ എൽഡിഎഫ് സ്ഥാനാർത്ഥി എച്ച് സലാമിനെതിരെ പോലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം ലംഘിച്ച് ബൈക്ക് റാലി നടത്തിയതിനാലാണ് കേസെടുത്തത്. യുഡിഎഫിന്റെ പരാതിയിലാണ് എച്ച് സലാമിനെതിരെ കേസെടുത്തത്. ആലപ്പുഴ സൗത്ത് സൗത്ത് പോലീസിന്റെതാണ് നടപടി.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ശനിയാഴ്ച മുതൽ പോളിങ് ദിവസം വരെ രാഷ്ട്രീയപാർട്ടികളുടെ ബൈക്ക് റാലി പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് 72 മണിക്കൂർ മുൻപ് മാത്രമെ ഇത്തരം റാലികൾ നടത്താൻ പാടുള്ളൂ എന്നായിരുന്നു നിർദ്ദേശം.
ഇത് ലംഘിച്ചാണ് സലാം ബൈക്ക് റാലി സംഘടിപ്പിച്ചത്. ബൈക്ക് റാലികൾക്കിടെ സാമൂഹ്യവിരുദ്ധ പ്രവണതകൾ നടക്കുന്നത് ശ്രദ്ധയിൽപെട്ടതിന് പിന്നാലെയാണ് കമ്മീഷൻ നിരോധനം ഏർപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള കൊട്ടിക്കലാശത്തിനും വിലക്കുണ്ട്. കൊവിഡ് രോഗവ്യാപനവും ക്രമസമാധാന പ്രശ്നങ്ങളും കണക്കിലെടുത്തായിരുന്നു ഈ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: