ആലപ്പുഴ: വാളയാറില്‍ സഹോദരിമാര്‍ പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തിലെ പ്രതികള്‍ രക്ഷപ്പെട്ടത് കേരള മന:സാക്ഷിയെ ഞെട്ടിച്ചപ്പോള്‍, ചര്‍ച്ച ചെയ്യപ്പെടാതെ അമ്പലപ്പുഴയില്‍ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ പീഡനത്തിരയായി ജീവനൊടുക്കിയ കേസ്. വാളയാര്‍ കേസ് സിബിഐ ഏറ്റെടുത്തു. എന്നാല്‍ അമ്പലപ്പുഴയിലെ പീഡന കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ രണ്ടു വര്‍ഷം പിന്നിട്ടിട്ടും അപ്പീല്‍ പോലും നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടില്ല.
പെണ്‍കുട്ടികള്‍ ജീവനൊടുക്കിയത് വിഎസ് സര്‍ക്കാരിന്റെ കാലത്തായിരുന്നെങ്കില്‍ പ്രതികളെ വെറുതെ വിട്ടത് പിണറായി സര്‍ക്കാരിന്റെ ഭരണകാലത്താണ്. തുടക്കത്തില്‍ അന്വേഷണം അട്ടിമറിച്ച പോലീസുദ്യോഗസ്ഥരും, ഒത്താശ ചെയ്ത പാര്‍ട്ടി സഖാക്കളും ഇപ്പോഴും സുരക്ഷിതര്‍. മുസ്ലീം മതതീവ്രവാദികളും ഒരു വിഭാഗം സിപിഎമ്മുകാരുമായുള്ള ബന്ധം കേസ് അന്വേഷണത്തിന്റെ തുടക്കകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
അമ്പലപ്പുഴ ഗവ. മോഡല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മൂന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത കേസിലെ പ്രതികളെ തെളിവുകളുടെ അഭാവത്തിലാണ് വെറുതേ വിട്ടത്. ലോക്കല്‍ പോലീസ് ആദ്യഘട്ടത്തില്‍ നടത്തിയ അന്വേഷണത്തിലെ വീഴ്ചകളാണ് പ്രതികള്‍ക്ക് തുണയായതെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വ്യക്തമാക്കിയിരുന്നു. തെളിവുകള്‍ പലതും ശേഖരിക്കാന്‍ പോലും പോലീസിന് കഴിഞ്ഞില്ല. പീഡനരംഗം ചിത്രീകരിച്ചതായി സംശയിക്കുന്ന മൊബൈല്‍ ഫോണും കണ്ടെത്താന്‍ സാധിച്ചില്ല.
2019 ജനുവരി 31നാണ് പ്രതികളെ ആലപ്പുഴ അഡിഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ട് ഉത്തരവായത്. തുടക്കത്തില്‍ സിപിഎം നേതാക്കളുടെയും, ഒരു മന്ത്രിയുടെ ഓഫീസിന്റെയും ഇടപെടലും ഈ കേസിന്റെ അന്വേഷണത്തെ ബാധിച്ചതായി ആക്ഷേപം ഉയര്‍ന്നിരുന്നു. പ്രതികളെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയ, വിദ്യാര്‍ത്ഥിനികളുടെ സഹപാഠികളായ, ഷാനവാസ്, സൗഫര്‍ എന്നിവരെയാണ് കോടതി വെറുതേ വിട്ടത്.
2008 നവംബര്‍ 17നാണ് മൂന്ന് വിഎച്ച്എസ്ഇ വിദ്യാര്‍ത്ഥിനികളെ ക്ലാസ് മുറിക്കുള്ളില്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ആലപ്പുഴ ഡിവൈഎസ്പിയും അന്വേഷിച്ചെങ്കിലും പ്രതികളെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. ഇതോടെ കേസ് ക്രൈംബ്രാഞ്ച് ഡിറ്റാച്ച്മെന്റ് ബ്യൂറോയ്‌ക്ക് കൈമാറുകയായിരുന്നു.
പ്രതികളായ ഷാനവാസ്, സൗഫര്‍ എന്നിവര്‍ 2008 നവംബര്‍ ആറ്, ഏഴ് തീയതികളില്‍ ആലപ്പുഴ ബീച്ചിന് സമീപമുള്ള ആളൊഴിഞ്ഞ കെട്ടിടത്തില്‍ വിദ്യാര്‍ത്ഥിനികളെ കൂട്ടബലാല്‍സംഗം ചെയ്‌തെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ബലാത്സംഗ രംഗങ്ങള്‍ വിദ്യാര്‍ത്ഥികള്‍ മൊബൈലില്‍ പകര്‍ത്തിയെന്നും ഇതിന്റെ മനോവിഷമത്തിലാണ് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ പോലും ഈ വിഷയം ചര്‍ച്ചയാകാതിരിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങളാണ് നടന്നത്.
പി. ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: