കൊല്‍ക്കത്ത: നന്ദിഗ്രാമിലെ ജനങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കുക മാത്രമല്ല, ബംഗാളില്‍ നവോത്ഥാനത്തിന് വഴിയൊരുക്കുക കൂടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉലുബേരിയയിലെ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാളില്‍ ഇന്ന് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മത്സരിക്കുന്ന നന്ദിഗ്രാം ഉള്‍പ്പെടെ 30 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തി.
ദീദി പോകണമെന്ന് ബംഗാളിലെ ജനങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. നന്ദിഗ്രാമിലെ ജനങ്ങള്‍ ഈ സ്വപ്നം ഇന്ന് സാക്ഷാത്കരിച്ചു. ജനങ്ങള്‍ക്ക് അവരുടെ ഭാവിയും വ്യക്തിത്വവും സംരക്ഷിക്കാന്‍ ഇനി കാത്തിരിക്കാനാവില്ല. അവര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കുക മാത്രമല്ല, ബംഗാളില്‍ നവോത്ഥാനത്തിന് വഴിയൊരുക്കിക്കൊണ്ടിരിക്കുക കൂടിയാണെന്ന് മോദി ചൂണ്ടിക്കാട്ടി.
‘ചിലപ്പോഴൊക്കെ ദീദി എന്നെ വിനോദ സഞ്ചാരിയെന്ന് വിളിച്ചു. മറ്റ് ചിലപ്പോള്‍ പുറത്തുനിന്നുള്ള ആള് എന്നും. ദീദി, താങ്കള്‍ നുഴഞ്ഞുകയറ്റക്കാരെ സ്വന്തമെന്ന് പരിഗണിക്കുന്നു. പക്ഷെ ഭാരതമാതാവിന്റെ മക്കളെ പുറത്തുനിന്നുള്ളവര്‍ എന്ന് വിളിക്കുന്നു. ദീദി, ആളുകളെ വേര്‍തിരിക്കുന്നതും ജനങ്ങളെ പുറത്തുനിന്നുള്ളവരെന്ന് മുദ്രകുത്തി ഭരണഘടനയെ അപമാനിക്കുന്നതും അവസാനിപ്പിക്കുക’- പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
‘ദീദി, മറ്റൊരു നിയമസഭാ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോകുന്നുവെന്ന കിംവദന്തിയില്‍ എന്തെങ്കിലും സത്യമുണ്ടോ?. ആദ്യം താങ്കള്‍ അവിടെ(നന്ദിഗ്രാം) പോയി. ജനങ്ങള്‍ മറുപടി നല്കി. താങ്കള്‍ മറ്റെവിടെയെങ്കിലും പോയാല്‍ ബംഗാളിന്റെ ജനങ്ങള്‍ തയ്യാറാണ്’- മമത മറ്റൊരു മണ്ഡലത്തില്‍കൂടി നാമനിര്‍ദേശ പത്രിക നല്‍കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ചൂണ്ടിക്കാട്ടി മോദി പറഞ്ഞു.
സൗത്ത് 24 പര്‍ഗനാസ്, ബംഗുര, പഷിം മേദിനിപൂര്‍, പുര്‍ബ മേദിനിപൂര്‍ എന്നീ ജില്ലകളിലെ മണ്ഡലങ്ങളിലായിരുന്നു രണ്ടാംഘട്ട വോട്ടെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: