തിരുവനന്തപുരം: ”വെറുതേ വോട്ടു ചോദിച്ചാല്‍ പോരാ.. പ്രവര്‍ത്തിക്കണം. ഞങ്ങള്‍ക്കു വേണ്ടി എന്തേലും ചെയ്യുമോ ?…” ബാലനഗറിനു സമീപം ആള്‍സെയിന്റ്സ് റോഡിനരികെയുള്ള ചന്തയില്‍ മത്സ്യം വിറ്റുകൊണ്ടിരുന്ന ജൂലി വര്‍ഗീസിന്റെ ചോദ്യം. ”അമ്മേ… ഞാനിവിടാ താമസിക്കുന്നത്. നിങ്ങള്‍ക്കിടയിലേക്ക് ഇനിയും വരേïതല്ലേ ? നാലു പെണ്മക്കളുടെ അച്ഛനാ… ഞാന്‍ കള്ളം പറയില്ല… നിങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കും… പക്ഷേ നിങ്ങള്‍ അവസരം തരണം.” തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി ജി. കൃഷ്ണകുമാറിന്റെ മറുപടി. മുന്നില്‍ കാണുന്ന ഓരോ വോട്ടര്‍മാരോടും സ്നേഹത്തിന്റെ ഭാഷയില്‍ അഭ്യര്‍ഥന. എതിരഭിപ്രായം ഉള്ളവര്‍ പോലും കൈയടിക്കും. കൈ കൊടുക്കും.
മണ്ഡലത്തില്‍ ഹാട്രിക് തികയ്ക്കാനിറങ്ങിയ യുഡിഎഫിന്റെ വി.എസ്. ശിവകുമാറും എല്‍ഡിഎഫിനു വേണ്ടി മണ്ഡലം തിരിച്ചുപിടിക്കാനിറങ്ങിയ ആന്റണി രാജുവും പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ ആവേശഭരിതരായെങ്കിലും കൃഷ്ണകുമാറിന്റെ വരവോടെ ആശങ്കയിലായി. മണ്ഡലത്തിലുടനീളം യുവത്വത്തിന്റെ പ്രസരിപ്പുമായി, കുടുംബാംഗത്തെപ്പോലെ, കൃഷ്ണകുമാര്‍ താരപരിവേഷമില്ലാതെ നാട്ടുകാര്‍ക്കിടയില്‍ കടന്നുചെന്നതോടെ ഇരുമുന്നണികളും അങ്കലാപ്പിലായി. മൂന്നാമനായി കടന്നുവന്ന കൃഷ്ണകുമാര്‍ പുറത്തുവന്ന സര്‍വെ ഫലങ്ങളിലെല്ലാം ഒന്നാമനായി.
രാവിലെ 8 മണി. കൊച്ചുവേളി റെയില്‍വേ സ്റ്റേഷനു മുന്നില്‍ കൃഷ്ണകുമാറിന്റെ പ്രചാരണ വാഹനങ്ങളുടെ നീïനിര. ഏറെ താമസിയാതെ സ്ഥാനാര്‍ഥി എത്തി. ബിജെപി ഭാരവാഹികളായ കെ. രാജശേഖരന്, ശ്രീവരാഹം രമേശ്, കൗണ്‍സിലര്‍ മണക്കാട് സുരേഷ്, ഉണ്ണി ബാലകൃഷ്ണന്, ആര്.വി. ബിജു, ഉണ്ണി, ശേഖര്‍, രാജന്, ഷിനോജ്, ശോഭ എന്നിവര്‍ കാത്തു നില്ക്കുന്നുണ്ടായിരുന്നു. മാധവപുരത്തെ പ്രവര്ത്തകന് രാജീവിന്റെ വീട്ടില്‍ പ്രഭാതഭക്ഷണം. പര്യടനം ആരംഭിച്ചതു മുതല്‍ പ്രവര്‍ത്തകരുടെ വീട്ടില്‍ നിന്നാണ് പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവുമെല്ലാം. ഭക്ഷണം കഴിഞ്ഞെത്തിയ ഉടന്‍ ബൂത്ത് ഓഫീസിനുള്ളില്‍ കയറി നിലവിളക്ക് തെളിച്ച് പര്യടനത്തിന് തുടക്കം. പര്യടനവാഹനത്തില്‍ മാധവപുരത്തേക്ക്. വീടുകളില്‍ നിന്നും സ്ത്രീകളും കുട്ടികളും ഒന്നടങ്കം പ്രിയ താരത്തെ കാണാന്‍ ഓടിയെത്തി. ഓരോ വീട്ടുകാരോടും കൈകാണിച്ചും കുശലാന്വേഷണം നടത്തിയും മുന്നോട്ട്. അല്‍പ്പനേരം മുന്നോട്ടു പോയപ്പോള്‍ കൃഷ്ണകുമാര്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. തന്നെ കാണാന്‍ ക്രച്ചസിന്റെ സഹായത്തോടെ ഇറങ്ങി വരാന്‍ ബുദ്ധിമുട്ടുന്ന യുവാവിനെ കാണാനായിരുന്നു അത്. വാഹനം നിര്‍ത്തി. സ്ഥാനാര്‍ഥിയുടെ അടുത്തേക്ക് ക്രച്ചസില്‍ നടന്നെത്തിയ യുവാവിന്റെ പേരും കൃഷ്ണകുമാര്‍. വാഹനാപകടത്തില്‍ പരിക്കേറ്റ കൃഷ്ണകുമാര്‍ സ്ഥാനാര്‍ഥിയെ ഒരുനോക്കു കാണാനാണ് ഇറങ്ങി വന്നത്. കൈകൊടുത്ത് യാത്ര പറച്ചില്.
പര്യടനം പൊഴിക്കരയിലേക്ക്. മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖല. ഓടിയെത്തിയ അശോകനും കുമാരി ഉഷയും പറഞ്ഞതിങ്ങനെ: ”ഇടതിനെയും വലതിനെയും മാറിമാറി പരീക്ഷിച്ചില്ലേ…ഇത്തവണ മാറ്റം വരട്ടെ…”. ”നിങ്ങള്‍ക്ക് എന്തെങ്കിലും പുരോഗതിയുണ്ടായോ… കേന്ദ്രപദ്ധതികള്‍ നിങ്ങളിലെത്തിയോ… നിങ്ങളുടെ കുട്ടികളുടെ ഭാവി ഇങ്ങനെ മതിയോ, നിങ്ങള്‍ ചിന്തിക്കൂ…” കൃഷ്ണകുമാറിന്റെ വാക്കുകള്‍. നിറഞ്ഞ കൈയ്യടി.
പൊഴിക്കരയില്‍ നിന്ന് കൊച്ചുവേളിയിലേക്ക്. കൊച്ചുവേളി പള്ളിയിലിറങ്ങി പ്രാര്‍ഥിച്ച ശേഷം വെട്ടുകാടിലേക്ക്. വെട്ടുകാട് പള്ളിയില്‍ ക്രിസ്തു രൂപത്തിനു മുന്നില്‍ പ്രാര്‍ഥിച്ച് മെഴുകുതിരി കത്തിച്ച ശേഷം ബാലനഗറിലേക്ക്. നൂറുകണക്കിന് ആളുകളുടെ സ്വീകരണം. അവിടെ നിന്ന് ജി.വി. രാജ വഴി രാജീവ് നഗറില്‍. രാജീവ് നഗര്‍ നിവാസികള്‍ ഒന്നടങ്കം കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് കണ്ണാന്തുറയിലേക്ക്. കടലിന്റെ തീരത്തുകൂടിയുള്ള റോഡില്‍ പതിവിനു വിപരീതമായി കടലമ്മയുടെ മക്കളുടെ തിക്കുംതിരക്കും. കണ്ണാന്തുറ പള്ളിയുടെ പുറകുവശം പിന്നിട്ടെത്തിയപ്പോള്‍ അടുത്തിടെ സിപിഐയില്‍ നിന്നും വന്ന് ബിജെപിയുടെ സ്ഥാനാര്‍ഥിയായി തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഷാനിയുടെ നേതൃത്വത്തില്‍ സ്വീകരണം. തൊട്ടപ്പുറത്ത് വന്‍ജനാവലി. ബൂത്ത് പ്രസിഡന്റ് ക്ലീറ്റസിന്റെ നേതൃത്വത്തില്‍ നൂറുകണക്കിനാളുകള്‍ നില്ക്കുന്നു. കോണ്‍ഗ്രസിന്റെ മുന്‍ ബൂത്ത് പ്രസിഡന്റായിരുന്ന ക്ലീറ്റസ് അടുത്തിടെയാണ് ബിജെപിയിലെത്തിയത്. അവിടെ സ്ഥാനാര്‍ഥിയെ കാത്ത് ഒരു പരിചിത മുഖമുണ്ടായിരുന്നു. ലില്ലി. ആദ്യം ലില്ലി ”പരിചയമുണ്ടോ…” എന്നു ചോദിച്ചപ്പോള്‍ സ്ഥാനാര്‍ത്ഥി ഒന്നമ്പരന്നു. ”നല്ല പരിചിത മുഖം…”. ”സാറിന്റെ വീട്ടില്‍ ഞാന്‍ മീന്‍ കൊണ്ടുവന്നിട്ടുണ്ട്. ആളെ ഉടന്‍ കൃഷ്ണകുമാര്‍ തിരിച്ചറിഞ്ഞു. ഭാര്യ സിന്ധുവിനോട് പറയാമെന്നു പറഞ്ഞ് കൈകൊടുത്ത് യാത്ര പറഞ്ഞു.
ശംഖുംമുഖം പിന്നിട്ട് ബീമാപള്ളി വഴി പൂന്തുറയിലേക്ക്. തീരപ്രദേശങ്ങള്‍ മുഴുവന്‍ കൃഷ്ണകുമാറിന്റെ വരവിനായി കാത്തു നില്ക്കുന്നതു പോലെ. കത്തിക്കാളുന്ന വെയിലില്‍ ഓരോ ജംഗ്ഷനിലും പുഷ്പവൃഷ്ടി. ഷാളിനൊപ്പം കരിക്കിന്‍വെള്ളവും ശീതള പാനീയങ്ങളും. വീട്ടിലെ ഒരംഗം കടന്നു വരുന്നതുപോലെയുള്ള ഹൃദ്യമായ വരവേല്‍പ്പ്.
പര്യടനം മുട്ടത്തറ പെരുനെല്ലിയില്‍ എത്തിയപ്പോള്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് എത്തിച്ചേര്‍ന്നു. കൃഷ്ണകുമാറുമൊത്തുള്ള റോഡ് ഷോയ്ക്ക് വേണ്ടിയായിരുന്നു ആ വരവ്. റോഡ് ഷോയ്ക്കായി വാഹനത്തില്‍ കയറിയ സ്ഥാനാര്‍ഥിയെയും കെ. സുരേന്ദ്രനെയും അമ്മമാര്‍ ദീപമുഴിഞ്ഞ് സ്വീകരിച്ചു. പ്രവര്‍ത്തകര്‍ തലപ്പാവ് അണയിച്ചു. മുട്ടത്തറയെ ഇളക്കി മറിച്ച് റോഡ് ഷോ. അരമണിക്കൂര്‍ നീ റോഡ് ഷോ മുട്ടത്തറ ബൈപ്പാസ് റോഡില്‍ എത്തിയപ്പോള്‍ കെ. സുരേന്ദ്രന് അടുത്ത മണ്ഡലത്തിലേക്ക് യാത്രയായി.
പര്യടനം മുന്നോട്ട് നീങ്ങവെ ബൈപ്പാസില്‍ സ്ഥാനാര്‍ഥിയുടെ കണ്മുന്നില് വച്ച് ബൈക്കുകള്‍ കൂട്ടിയിടിച്ച് ദമ്പതികള്‍ റോഡിലേക്ക് തെറിച്ചു വീണു. സര്‍വീസ് റോഡില്‍ നിന്നും പര്യടനം നിര്‍ത്തി കൃഷ്ണകുമാര്‍ നടുറോഡിലേക്ക് ഓടിയെത്തി. നിലത്തുവീണു കിടന്ന കുമാര്‍റീന ദമ്പതികളെ റോഡരികിലേക്ക് മാറ്റി. ഉടന്‍ പര്യടനത്തില്‍ ഒപ്പമുണ്ടായിരുന്ന വാഹനം വിളിച്ചു വരുത്തി ഇരുവരെയും വാഹനത്തില്‍ കയറ്റി തൊട്ടടുത്ത ആശുപത്രിയിലെത്തിക്കാന്‍ നിര്‍ദേശം നല്കി. ഇതിനു ശേഷം തുടര്‍ന്ന പര്യടനം കല്ലുംമൂട്ടിലെത്തിയപ്പോള്‍ മൂന്നു മണി കഴിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: