ആലപ്പുഴ : സംസ്ഥാനത്ത് എല്‍ഡിഎഫിനും യുഡിഎഫിനും വികസനമല്ല മുഖ്യം ഭിന്നിപ്പിക്കുന്നതിലും കൊള്ളയിലുമാണ് പ്രാധാന്യം നല്‍കിയിരിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേരളത്തില്‍ സ്വജന പക്ഷപാതമാണ്. ന്യൂനപക്ഷ പ്രീണനമാണ് ഇരുമുന്നണികളുടേയും മുഖമുദ്രയെന്നും യോഗി ആദിത്യനാഥ് അറിയിച്ചു. ഹരിപ്പാട് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് സ്വജന പക്ഷപാതമുയര്‍ത്തിയുള്ള ഭരണത്തില്‍ സ്വന്തം ആളുകള്‍ക്ക് മാത്രമാണ് ഗുണം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇഷ്ടക്കാര്‍ക്ക് മാത്രമാണ് തൊഴില്‍ നല്‍കുന്നത്. പാര്‍ട്ടി ആഭിമുഖ്യം നോക്കി ആണ് ഇവിടെ തൊഴില്‍ നല്‍കുന്നത്. കേരളത്തില്‍ പാവപ്പെട്ട ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ഇല്ലെന്നും യോഗി കുറ്റപ്പെടുത്തി. കേന്ദ്രവിഹിതം ജനങ്ങളിലേക്ക് എത്തിക്കാതിരിക്കാന്‍ ശ്രമിക്കുന്നു. പദ്ധതികളുടെ പേര് മാറ്റിയും വകമാറ്റിയും നല്‍കുകയാണ്. ജനങ്ങള്‍ ഇതൊക്കെ കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്.
സ്വര്‍ണ കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും ഉള്‍പ്പെട്ടത് ഏറെ ലജ്ജാകരമാണ്. സര്‍ക്കാര്‍ കര്‍ഷകരെയും മത്സ്യ തൊഴിലാളികളെയും പറ്റിച്ചു. കുടുംബാധിപത്യവും അഴിമതിയും വര്‍ഗ്ഗീതയുമാണ് പ്രോത്സാഹിപ്പിക്കുന്നത്. ഇന്ന് അഴിമതി വഴി കേരളത്തിന്റെ വികസനം വഴിമുട്ടി നില്‍ക്കുന്നു. ഭരണം താറുമാറാണെന്നതിന് നല്ല ഉദാഹരണമാണ് കൊറോണ പ്രതിരോധത്തില്‍ സംഭവിച്ച വീഴ്ച.
കോവിഡ് പ്രതിരോധത്തില്‍ കേന്ദ്രം മികച്ച പ്രവര്‍ത്തനം നടത്തി. പാവപ്പെട്ട ജനങ്ങള്‍ക്ക് സഹായം എത്തിച്ചു. ആത്മാ നിര്‍ഭര്‍ ഭാരത് പോലെ നിരവധി പദ്ധതികള്‍ അതിന് ഉദാഹരണമാണ്. കശ്മീരില്‍ ഭീകരവാദം അവസാനിപ്പിച്ചതും വികസനം കൊണ്ടുവന്നതു മോദി സര്‍ക്കാരാണ്.
അതേസമയം കേരളത്തില്‍ വിശ്വാസ സംരക്ഷണമല്ല നടക്കുന്നത്. മറിച്ച് വിശ്വാസ വഞ്ചനയാണ്. കോണ്‍ഗ്രസ്സ് മുസ്ലിം ലീഗുമായും കമ്യൂണിസ്റ്റുകള്‍ എസ്ഡിപിഐ ഭീകരതയോടും കൂട്ടുകൂടുന്നു. അവര്‍ക്ക് എല്ലാ സഹായവും നല്‍കുന്നു. ഇവരെങ്ങനെ ലവ് ജിഹാദിനെ നേരിടും. ഉത്തര്‍പ്രദേശ് ലൗ ജിഹാദിനെതിരെ നിയമം പാസാക്കിയെന്നത് അഭിമാനിക്കുന്നു. കേരളത്തിലെ ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിട്ടും ഇരു മുന്നണികളും പ്രീണനത്തിന്റെ വോട്ട്ബാങ്ക് രാഷ്‌ട്രീയമാണ് കളിക്കുന്നത്. അതില്‍ ഒരു അന്വേഷണവും ഇവിടെ നടത്തുന്നില്ല.
കേരള മണ്ണിലാണ് സനാതനധര്‍മ്മ സ്ഥാപനത്തിനായി ദേശം മുഴുവന്‍ സഞ്ചരിച്ച ആദി ശങ്കരാചാര്യന്‍ ജനിച്ചത്. നാരായണഗുരു കേരളത്തിലെ സമൂഹ്യപരിവര്‍ ത്തനമുണ്ടാക്കിയ ആചാര്യനാണ്. എന്നാല്‍ ഇരുമുന്നണികളും ഇവിടെ സമൂഹ്യസംഘര്‍ഷമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. രാഷ്‌ട്രീയ എതിരാളികളെ അവര്‍ കൊന്നൊടുക്കുന്നു. അതിശക്തമായ സംഘര്‍ഷങ്ങളെ നേരിട്ടാണ് കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ മുന്നേറുന്നത്. ഇതില്‍ അഭിമാനിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: