ബെംഗളൂരു: ബെംഗളൂരു സ്‌ഫോടന പരമ്പരക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനിയുടെ വിചാരണ വൈകും. എസ്ഡിപിഐക്കാരനായ അഭിഭാഷകന്‍ നടത്തിയ നീക്കം തിരിച്ചടിച്ചതാണ് കാരണം. സംസ്ഥാനത്ത് തീര്‍പ്പുകല്‍പ്പിക്കാത്ത 56 യുഎപിഎ കേസുകള്‍ ബെംഗളൂരുവിലെ പ്രത്യേക കോടതിക്ക് കൈമാറണമെന്ന് കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് വിചാരണ വൈകുന്നത്. ഇതിനിടെ ഹൈക്കോടതി വിധിക്കെതിരെ മദനി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.
കര്‍ണാടകത്തിലെ യുഎപിഎ കേസുകള്‍ ഒറ്റക്കോടതിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ അംഗവും, അഭിഭാഷകനുമായ താഹിര്‍ നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിച്ച് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓഖ, ജസ്റ്റിസ് സൂരജ് ഗോവിന്ദരാജ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കുറ്റാരോപിതരുടെ അവകാശങ്ങള്‍ കൂടി കണക്കിലെടുത്ത്, തീര്‍പ്പുകല്‍പ്പിക്കാത്ത എല്ലാ യുഎപിഎ കേസുകള്‍ക്കും ഉടന്‍ പരിഹാരം കാണാനാണ് ഡിവിഷന്‍ ബെഞ്ച് ഇത്തരമൊരു തീരുമാനമെടുത്തത്. അമ്പതിലധികം യുഎപിഎ കേസുകള്‍ പുതിയ കോടതിയിലേക്ക് മാറ്റുമ്പോള്‍ നിലവിലുള്ള തന്റെ കേസിനെ ബാധിക്കുമെന്നും, അതിനാല്‍ ഇവയില്‍ നിന്ന് ഒഴിവാക്കണമെന്നും മദനി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അഭിഭാഷകന്‍ താഹിര്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നാണ് മദനി ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാല്‍, കോടതി നിശ്ചയിക്കാനുള്ള അധികാരം കുറ്റാരോപിതനായ വ്യക്തിക്കില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
2008 ജൂലൈ 25നു നഗരത്തിലെ ഒമ്പത് വ്യത്യസ്തയിടങ്ങളില്‍ നടന്ന സ്‌ഫോടന പരമ്പരയില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് കേസെറ്റെടുത്ത കര്‍ണാടക പോലീസിന്റെ പ്രത്യേകാന്വേഷണ സംഘം 2010 ആഗസ്റ്റ് 17നു കരുനാഗപ്പള്ളിയിലെ അന്‍വാര്‍ശ്ശേരിയില്‍ നിന്ന് മദനിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സ്‌ഫോടനക്കേസില്‍ ബന്ധപ്പെട്ട് നഗരത്തിലെ മഡിവാള പോലീസ് സ്റ്റേഷനില്‍ 483/08 ക്രൈം നമ്പറിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ അറസ്റ്റിലായ ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരന്‍ തടിയന്റവിട നസീര്‍, ഷംസുദ്ദീന്‍ തുടങ്ങിയ പ്രതികളുടെ മൊഴിയും മദനിക്ക് വിനയായി. ബെംഗളൂരു സിറ്റി സിവില്‍ കോടതിക്ക് കീഴിലെ പ്രത്യേക കോടതിയിലാണ് നിലവില്‍ കേസിന്റെ വിചാരണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: