ന്യൂദല്‍ഹി: പശ്ചിമ ബംഗാളിലെ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്. മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ മുന്‍ തൃണമൂല്‍ നേതാവും മന്ത്രിയുമായിരുന്ന സുവേന്ദു അധികാരി മത്സരിക്കുന്ന നന്ദിഗ്രാം അടക്കമുള്ള തെക്കന്‍ ബംഗാളിലെ 30 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ്. സൗത്ത് 24 പര്‍ഗനാസ്, ബങ്കുറ, പൂര്‍വ്വ മേദിനിപൂര്‍, പശ്ചിമ മേദിനിപ്പൂര്‍ എന്നീ ജില്ലകളിലെ മണ്ഡലങ്ങളാണ് രണ്ടാംഘട്ടത്തിലുള്ളത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തമായ സ്വാധീന കേന്ദ്രങ്ങളായി അറിയപ്പെട്ട ഇവിടങ്ങളിലെല്ലാം മാറ്റത്തിന്റെ കാറ്റാണ് വീശുന്നത്. നന്ദിഗ്രാമില്‍ പരാജയ ഭീതിയിലായ മമത സഹായം തേടി എല്ലാ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെയും സമീപിച്ചത് തൃണമൂലിന്റെ ദയനീയതയുടെ ഉദാഹരണമായി.
എല്ലാവരും തനിക്കൊപ്പം നില്‍ക്കണമെന്നും ബിജെപി രാജ്യത്ത് ഒറ്റപാര്‍ട്ടി ഭരണം കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്നും മമത ഇന്നലെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കയച്ച കത്തില്‍ അഭ്യര്‍ത്ഥിച്ചു. ബംഗാളില്‍ തനിക്കാരുടേയും സഹായം ആവശ്യമില്ലെന്ന മുന്‍ നിലപാട് ഉപേക്ഷിച്ച മമതയുടെ സഹായ അഭ്യര്‍ത്ഥ തെരഞ്ഞെടുപ്പ് പരാജയം മുന്‍കൂട്ടി കണ്ടാണെന്നാണ് ബിജെപിയുടെ മറുപടി. സോണിയ മുതല്‍ ബംഗാളില്‍ യാതൊരു സ്വാധീനവുമില്ലാത്ത ശരദ് പവാര്‍, അരവിന്ദ് കേജ്രിവാള് തുടങ്ങിയവര്‍ക്ക് വരെ മമത കത്തയച്ചിട്ടുണ്ട്.
പരാജയഭീതിയില്‍ തൃണമൂലുകാര്‍ നന്ദിഗ്രാമില്‍ സംഘര്ഷമഴിച്ചുവിടാനുള്ള സാധ്യത തിരിച്ചറിഞ്ഞ് നിരോധനാജ്ഞ പുറപ്പെടുവിച്ചു. മണ്ഡലത്തിന് പുറത്തുനിന്നുള്ള ആളുകളെ പിടികൂടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്കി. വന്‍തോതില്‍ തൃണമൂലുകാര്‍ മണ്ഡലത്തില്‍ തമ്പടിച്ചിട്ടുണ്ടെന്നും കള്ളവോട്ടിനാണ് നീക്കമെന്നും ബിജെപി പരാതിപ്പെട്ടിരുന്നു. നന്ദിഗ്രാം ഉള്‍പ്പെടുന്ന പൂര്‍ബ ജില്ലയിലാകെ 144 പ്രഖ്യാപിച്ചു. നന്ദിഗ്രാമിലെ 355 പോളിങ് ബൂത്തുകളുടേയും സുരക്ഷ കേന്ദ്രസേനയ്ക്ക് കീഴിലാക്കി. പോളിങ് സ്റ്റേഷനുകളില്‍ 75 ശതമാനവും വീഡിയോ ചിത്രീകരണ സംവിധാനത്തിനും കീഴിലാക്കി.
സുവേന്ദു അധികാരിയുടെ കോട്ടയാണ് നന്ദിഗ്രാം. ബംഗാളിലെ ഇടതു സര്‍ക്കാരിന്റെ ഭൂമിയേറ്റെടുക്കല്‍ നയത്തിനെതിരെ രൂപീകരിച്ച ഭൂമി ഉച്ഛത് പ്രതിരോധ് സമിതിയുടെ നേതാവായി 2007ല്‍ ശ്രദ്ധിക്കപ്പെട്ട സുവേന്ദു അധികാരി, 2016ല്‍ നന്ദിഗ്രാമില്‍ നിന്ന് വിജയിച്ചത് ആകെ പോള്‍ ചെയ്ത വോട്ടുകളുടെ 67 ശതമാനം നേടിയാണ്. മമതയ്ക്കെതിരെ 50,000 വോട്ടിന്റെ വിജയം സുനിശ്ചിതമാണെന്നാണ് സുവേന്ദു അധികാരിയുടെ പ്രഖ്യാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: