കാസര്‍കോട്: തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നുവെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി എം.പി ജോസഫ്. മണ്ഡലത്തിലെ സിപിഎം ശക്തികേന്ദ്രങ്ങളായ പിലിക്കോട്, കയ്യൂര്‍ ചീമേനി തുടങ്ങിയ ഭാഗങ്ങളിലെ 74 പോളിങ് ബൂത്തുകളില്‍ 85 ശതമാനം പോളിങ് രേഖപ്പെടുത്തുന്നുവെന്നും ഇത് കള്ളവോട്ടാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
പാര്‍ട്ടി ഗ്രാമങ്ങളില്‍ സിപിഎം ഭരണഘടന നടപ്പിലാക്കുകയാണെന്നും ഇന്ത്യന്‍ പരമാധികാരത്തെ വെല്ലുവിളിക്കുകയാണെന്നും കാണിച്ച് രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, കേരള ഗവര്‍ണര്‍ എന്നിവര്‍ക്ക് എം.പി ജോസഫ് പരാതി നല്കി. തെരഞ്ഞെടുപ്പ് കമ്മിഷനും പരാതിയുടെ അയച്ചിട്ടുണ്ട്.
ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ഭരണകൂടം അടിതൊട്ട് മുടിവരെ സിപിഎമ്മിന് വഴങ്ങിയിരിക്കുന്നു. ബിഎല്‍ഒ മുതല്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ വരെ സിപിഎം അനുഭാവികളാണ്. ജില്ലയിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരാണ് മൈക്രോ ഒബ്സര്‍വര്‍മാര്‍. ഇവരും സിപിഎം അനുഭാവികളാണ്. ഈ സിപിഎം അനുഭാവികളാണ് ബൂത്തുകളിലെ വെബ്ക്യാമറ പരിശോധിച്ച് പ്രശ്നങ്ങളുണ്ടെങ്കില്‍ കണ്ടെത്തേണ്ടത്. അതുകൊണ്ട് വെബ്കാസ്റ്റിങ് ലിങ്ക് സ്ഥാനാര്‍ഥിക്കും പ്രതിനിധികള്‍ക്കും നല്‍കണം.
മണ്ഡലത്തിലെ പ്രശ്നബാധിത ബൂത്തുകളില്‍ സായുധരായ കേന്ദ്രസേനയെ വിന്യസിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: