ഹനുമാന്, സാധകരുടെ കുമതി (ചീത്തബുദ്ധി) മാറ്റി സുമതി (നല്ല ബുദ്ധി) നല്കുന്നു. ഒരു സത്സംഗം തന്നെയാണ് ഹനുമാന് എന്നു പറയാം. നല്ല ബുദ്ധിക്ക് ആവശ്യം സത്സംഗമാണ്. ലങ്കാലക്ഷ്മിയുടെ കഥ ഇതിന് ഉദാഹരിക്കാം. ഒറ്റ അടിയോടെ ലങ്കാലക്ഷ്മിക്ക് നല്ല ബുദ്ധി വന്നു എന്ന് മനസ്സിലാക്കാം. ലോകത്തിലെ നശ്വരസുഖങ്ങള്ക്ക് വേണ്ടാത്ത വില നല്കുന്ന നമ്മുടെ ബുദ്ധിക്കും ഇതുപോലൊരു അടി കിട്ടണം. ആ അടിയില്‍ കുമതി തെളിഞ്ഞ് സുമതിയാകണം. സത്സംഗത്തില്‍ നിന്നും വൈരാഗ്യം ഉണ്ടാകും. വൈരാഗ്യം തീവ്രമായാല്‍ നമ്മില്‍ മോഹമില്ലായ്മ ഉണ്ടാക്കും. അത് നമ്മുടെ പ്രജ്ഞയ്ക്ക് സ്ഥിരത നല്‍കും. ഈ സ്ഥിരത നമ്മെ മുക്തിയിലേക്ക് നയിക്കും. ഹനുമാനോടുള്ള ഭക്തി നമ്മെ മുക്തിയിലേക്ക് നയിക്കുമെന്ന് സാരം.
കഞ്ചന ബരന്‍ ബിരാജ് സുബേസാ
കാനന കുണ്ഡല കുഞ്ചിത കേസാ
(അര്‍ഥം: തങ്ക നിറമാര്‍ന്ന രൂപം, കാതില്‍ കുണ്ഡലങ്ങള്‍, ചുരുണ്ട തലമുടി എന്നിവയാല്‍ ശോഭനമാണ് അങ്ങയുടെ ശരീരം).
ഹനുമാന്റെ സൗന്ദര്യമാണ് ഈ ചൗപ്പായിയില് വര്‍ണിക്കുന്നത്. ശാരീരിക സൗന്ദര്യം മാത്രമല്ല, അദ്ദേഹത്തിന്റെ വ്യക്തിത്വവും സുന്ദരമാണല്ലോ?
ഭക്തി എന്നത് ഉന്നതമായതിനോടുള്ള സ്നേഹമാണ്. ഒരു ഭക്തന് ഭഗവാനോടുള്ള സ്നേഹമാണ് ഭക്തി. തന്റെയുള്ളിലെ സ്നേഹത്തിലൂടെ എന്തിനെ നോക്കിയാലും അതിന് അപാര ഭംഗിയാണ്. അതിന്റെ അര്‍ഥം ഹനുമാന് സുന്ദരനല്ലെന്നല്ല. നാം സാധാരണ ചിന്തിക്കുന്നതുപോലെ ഈ ശ്ലോകത്തെ ശാരീരിക സൗന്ദര്യ വര്‍ണനയില്‍ പരിമിതപ്പെടുത്തേണ്ടതില്ല.
ഹനുമാന്റെ സ്വര്‍ണനിറത്തിന് കാരണമായ ഒരു കഥയുണ്ട്. ഇന്ദ്രന്റെ വജ്രമേറ്റപ്പോള് ബോധം നഷ്ടപ്പെട്ട ഹനുമാനെ വായുഭഗവാന്റെ അപേക്ഷയില്‍ മഹാവിഷ്ണു തന്റെ തൃക്കൈകളാല്‍ ഉഴിഞ്ഞു എന്നും അങ്ങനെയാണ് സ്വര്‍ണനിറം കൈവന്നതെന്നുമാണ് കഥ. ആ തിളക്കം സാധനയുടെ ഫലമായുണ്ടാകുന്നതാണ്. ഈ സ്വര്‍ണവര്‍ണം ഹനുമാന്റെ ശോഭയേയും ഐശ്വര്യത്തേയും സൂചിപ്പിക്കുന്നു.
ബ്രഹ്മചാരി സുധീര്‍ ചൈതന്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക: