മലമ്പുഴ: 2001 മുതല്‍ തുടര്‍ച്ചയായി വിഎസ് അച്യുതാനന്ദന്‍ ജയിച്ചുകയറിയ മലമ്പുഴയില്‍ ഇക്കുറി ബിജെപിയ്‌ക്ക് അട്ടിമറി വിജയം നേടിക്കൊടുക്കുക എന്നതില്‍ കുറഞ്ഞ ഒരു ലക്ഷ്യവും സി. കൃഷ്ണകുമാര്‍ എന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥിയ്‌ക്കില്ല.
വിഎസ് മത്സരിക്കാനില്ലാത്ത മലമ്പുഴയില്‍, വിഎസിന്റെ വലിപ്പമുള്ള ഒരു സ്ഥാനാര്‍ത്ഥി ഇടതുപക്ഷത്തിനില്ല. യുഡിഎഫാകട്ടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതലേ വഴക്കൊഴിഞ്ഞ നേരമില്ല. വിഎസ് ഏറ്റവുമൊടുവില്‍ 2016ല്‍ ഇവിടെ 27,142 വോട്ടുകള്‍ക്ക് ജയിച്ചപ്പോള്‍ അവിടെ രണ്ടാം സ്ഥാനത്തെത്തിയത് ബിജെപിയാണ്. കൃഷ്ണകുമാര്‍ ആ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയതോടെ മലമ്പുഴയെ കോണ്‍ഗ്രസ് ഏതാണ് ഉപേക്ഷിച്ച മട്ടായിരുന്നു.
മണ്ഡലം രൂപീകൃതമായതുമുതല്‍ ഇടത് സ്ഥാനാര്‍ഥികള്‍ മാത്രം വിജയിച്ച ചരിത്രമുള്ള മലമ്പുഴ നിയമസഭാ മണ്ഡലം ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഉരുക്കുകോട്ടകളിലൊന്നാണ്. വിഎസ് അച്യുതാനന്ദന്റെ സാന്നിധ്യം കൊണ്ട് തെരഞ്ഞെടുപ്പ് വാർത്തകളിൽ എന്നും നിറഞ്ഞ് നിന്നിരുന്നു ഈ മണ്ഡലം. പാലക്കാട് താലൂക്കിലെ അകത്തേത്തറ, എലപ്പുള്ളി, കൊടുമ്പ്, മലമ്പുഴ, മരുതറോഡ്, മുണ്ടൂർ, പുതുശേരി, പുതുപ്പരിയാരം എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാ മണ്ഡലമാണ് മലമ്പുഴ.
2001 മുതൽ മലമ്പുഴ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് വിഎസ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 73,299 വോട്ടുകൾ നേടിയായിരുന്നു അദ്ദേഹത്തിന്റെ വിജയം. ബിജെപി സ്ഥാനാർഥി സി കൃഷ്‌ണകുമാർ 46,157 വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസ് സ്ഥാനാർഥി വിഎസ് ജോയിക്ക് 35,333 വോട്ടുകൾ മാത്രമാണ് നേടാനായത്. 2011ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി ലതികാ സുഭാഷ് 54,312 വോട്ടുകള്‍ നേടിയ സ്ഥാനത്താണ് അഞ്ച് വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിന്റെ ഈ അപചയമെന്നോര്‍ക്കണം. ചോര്‍ന്ന യുഡിഎഫ് വോട്ടുകള്‍ ബിജെപിയില്‍ എത്തി എന്നാണ് വിലയിരുത്തല്‍.
പ്രഭാകരന്‍- വിഎസിന്റെ പിന്‍ഗാമി
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എ പ്രഭാകരൻ ആണ് സിപിഎം സ്ഥാനാർഥി. വിഎസിന്റെ ശിഷ്യനാണ്, മണ്ഡലത്തില്‍ സുപരിചിതനുമാണ്. എങ്കിലും വിഎസിന്റെ പെരുമ പ്രഭാകരനില്ല. പാലക്കാട് ജില്ലയിലും മലമ്പുഴ മണ്ഡലത്തിലും ബിജെപി വോട്ട് വിഹിതം വർധിപ്പിച്ചത് കോൺഗ്രസിനെയും സിപിഎമ്മിനെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നുണ്ട്. എങ്കിലും സിപിഎമ്മിന്റെ വോട്ടുകളല്ല ബിജെപി പിടിച്ചതെന്നാണ് പ്രഭാകരന്റെ വാദം. മാത്രമല്ല, മലമ്പുഴയില്‍ അഞ്ച് വര്‍ഷത്തില്‍ വികസനമേറെ എല്‍ഡിഎഫ് നടത്തിയിട്ടുണ്ടെന്നും പ്രഭാകരന്‍ വാദിക്കുന്നു.
എന്നാല്‍ സിഐടിയു നേതാവായ പ്രഭാകരനെതിരെ മലബാര്‍ സിമന്‍റ്സിലെ സമരവുമായി ബന്ധപ്പെട്ട ചില ആരോപണങ്ങള്‍ നിലനില്‍ക്കുന്നു. സമരത്തില്‍ പങ്കെടുത്ത 348 കുടുംബങ്ങളെ വഴിയാധാരമാക്കി എന്ന പോസ്റ്ററുകള്‍ പലയിടത്തും കാണാം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയസമയത്ത് ഇടത് അനുഭാവികള്‍ പ്രഭാകരനെതിരെ സംസ്ഥാന നേതൃത്വത്തിനെതിരെ കത്തയച്ചതായുള്ള വാര്‍ത്തയും നിലനില്‍ക്കുന്നു. എങ്കിലും പ്രഭാകരന്‍ പഞ്ചായത്തുകള്‍ കയറിയിറങ്ങി അതിവേഗം വോട്ടര്‍മാര്‍ക്കിടയില്‍ കുതിക്കുന്നു. അകത്തേത്തറ, മലമ്പുഴ പഞ്ചായത്തുകളിലൊഴികെ ബിജെപിയ്‌ക്ക് നേട്ടമുണ്ടാക്കാന്‍ കഴിയില്ലെന്നും പ്രഭാകരന്‍ വാദിക്കുന്നു.
യുഡിഎഫില്‍ തര്‍ക്കമൊഴിഞ്ഞ നേരമില്ല
മുന്നണിയിലെ സീറ്റ് വിഭജനം പൂര്‍ത്തിയായപ്പോള്‍ തന്നെ യുഡിഎഫില്‍ മലമ്പുഴയെ ചൊല്ലി തര്‍ക്കം രൂക്ഷമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയ മലമ്പുഴ മണ്ഡലം ഇത്തവണ ഘടകക്ഷിയായ ഭാരതീയ നാഷണല്‍ ജനതാദള്‍ എന്ന പാര്‍ട്ടിയ്‌ക്കാണ് കോണ്‍ഗ്രസ് കൈമാറിയിരിക്കുന്നത്. എസ്‌കെ അനന്തകൃഷ്‌ണൻ ആണ് യുഡിഎഫ് സ്ഥാനാർഥി. ഇതിനെതരിെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ബിജെപിയ്‌ക്ക് അട്ടിമറി വിജയം നേടാന്‍ കൃഷ്ണകുമാര്‍
മണ്ഡലത്തിലെ അടിസ്ഥാന ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തിയാണ് കൃഷ്ണകുമാര്‍ ജനങ്ങളിലേക്കെത്തുന്നത്. 55 വര്‍ഷമായി സിപിഎം ജയിക്കുന്ന മണ്ഡലത്തില്‍ കുടിവെള്ളം പോലുമില്ലെന്ന പരാതിയാണ് കൃഷ്ണകുമാര്‍ ഏറ്റവും വലുതായി ഉയര്‍ത്തിക്കാട്ടുന്നത്. മലമ്പുഴയിലെ അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കാന്‍ സിപിഎമ്മിന് കഴിഞ്ഞില്ലെന്നും കൃഷ്ണകുമാര്‍ വാദിക്കുന്നു. മണ്ഡലത്തിലെ കര്‍ഷകര്‍ പ്രതിസന്ധിയിലാണെന്നും അദ്ദേഹം.രണ്ടു മുഖ്യമന്ത്രിമാരെയും പ്രതിപക്ഷ നേതാവിനെയും ഭരണപരിഷ്‌കാര കമ്മീഷനെയും അടക്കം പ്രഗത്ഭരായവര്‍ പ്രതിനിധീകരിച്ച മണ്ഡലത്തിന്റെ അവസ്ഥയാണിതെന്നും അദ്ദേഹം വോട്ടര്‍മാരെ ബോധ്യപ്പെടുത്തുന്നു.
കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ ജനങ്ങളുടെ കൂടെനിന്ന് സമരം ചെയ്യാന്‍ കൃഷ്ണകുമാര്‍ ഉണ്ടായിരുന്നു. ‘കുടിവെള്ളത്തിന് ഫണ്ട് നീക്കിവെച്ചതായാണ് ഇപ്പോള്‍ പറയുന്നത്. അതുതന്നെ നിരന്തരമായ ബിജെപിയുടെ ജനകീയ ഇടപെടലിന്റെയും പ്രതിഷേധത്തിന്‍രെയും ഫലമാണ്. 2016 ല്‍ മത്സരിക്കാനിറങ്ങിയപ്പോള്‍ കേട്ട പ്രശ്‌നങ്ങളില്‍ ഭൂരിഭാഗവും അഞ്ചു വര്‍ഷം കഴിഞ്ഞും പരിഹരിക്കാതെ കിടക്കുകയാണ്. ഒരു പരിഹാരവും ഉണ്ടാവാത്ത ഏക മണ്ഡലം മലമ്പുഴയാണെന്ന് പറയേണ്ടിവരും. വാരണിപാലം പ്രളയത്തില്‍ തകര്‍ന്നിട്ട് മൂന്നു വര്‍ഷമായി. കൊയ്‌ത്ത് യന്ത്രം കൊണ്ടുവരാന്‍ പോലും വഴിയില്ലാതെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. വന്യമൃഗശല്യം മൂലം ഏക്കര്‍ കണക്കിന് ഭൂമി തരിശിട്ടിരിക്കയാണ്. കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചു പോകുന്നു. ഇവിടെ റെയില്‍ ഫെന്‍സിങ് നടത്താന്‍ പോലും നടപടിയില്ല.കഞ്ചിക്കോട് വ്യവസായ മേഖലയില്‍ വന്‍കിട സ്ഥാപനങ്ങളൊന്നും വന്നില്ല. ഉണ്ടായിരുന്നവതന്നെ പൂട്ടിപ്പോയി. ‘- ജനകീയ പ്രശ്നങ്ങള്‍ ഒന്നൊന്നായി ഉയര്‍ത്തി കൃഷ്ണകുമാർ പറയുന്നു.
കുടിവെള്ളം, വന്യമൃഗശല്യം, റോഡ്, വീട് തുടങ്ങി ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളും ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുമെന്നും കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടുന്നു.
ഇക്കുറി തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ വന്‍മുന്നേറ്റം നടത്തിയതിന്റെ ആത്മവിശ്വാസവും ബിജെപിയ്‌ക്കുണ്ട്. പാലക്കാട് താലൂക്കിൽ മലമ്പുഴ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്താണ് മലമ്പുഴ. മലമ്പുഴ ഒന്ന്, മലമ്പുഴ രണ്ട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പഞ്ചായത്താണ് മലമ്പുഴ. 2020ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി നേട്ടമുണ്ടാക്കിയിട്ടുണ്ടെങ്കിലും ബിജെപി വോട്ട് ശതമാനം പല വാർഡുകളിലും വർധിച്ചിട്ടുണ്ട്. പാലക്കാട് നഗരസഭ വീണ്ടും പിടിച്ചെടുക്കുക വഴി ജില്ലയില്‍ ഒരു ബിജെപി മുന്നേറ്റത്തിന്റെ ഓളം സൃഷ്ടിക്കാനും ബിജെപിയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. ഇതെല്ലാം വോട്ടായി മാറിയാല്‍ അട്ടിമറി വിജയം അസാധ്യമല്ലെന്ന് കൃഷ്ണകുമാര്‍ വിശ്വസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: