കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ഉന്നത വ്യക്തികളുടെ പേരു പുറത്തു വന്നതോടെയാണ് ഇ ഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തതെന്ന് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ പേരുപറയാന്‍ സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ഇ ഡിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാന്‍ നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കി രാധാകൃഷ്ണന്‍ മറുപടി സത്യവാങ്മൂലം നല്‍കിയത്. ഇ ഡിക്കെതിരായ കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ഇ ഡിക്കെതിരായ കേസ് റദ്ദാക്കണമെന്ന രാധാകൃഷ്ണന്റെ ഹര്‍ജി ദുരുദ്ദേശ്യപരമാണെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറി വിശദീകരണം നല്‍കിയിരുന്നു. ഇതിനു മറുപടിയായാണ് ഇന്നലെ ഹര്‍ജിക്കാരന്‍ സത്യവാങ്മൂലം നല്‍കിയത്.
വ്യക്തിയെന്ന നിലയിലല്ല, അന്വേഷണ ഉദ്യോഗസ്ഥന്‍ എന്ന നിലയ്‌ക്കാണ് ഹര്‍ജി നല്‍കിയത്. ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ദുരുദ്ദേശ്യത്തോടെ കേസെടുത്തതു ചോദ്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥനെന്ന നിലയില്‍ അവകാശമുണ്ട്. ഇ ഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്‌നയടക്കമുള്ള പ്രതികളാരും കോടതിയില്‍ പരാതി നല്‍കിയിട്ടില്ല.
ഇ ഡിക്കെതിരെ കേസ് എടുത്തത് നിയമവാഴ്ചയെ അട്ടിമറിക്കുമെന്നും അന്വേഷണത്തെ തടസപ്പെടുത്തുമെന്നും മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു. ഇ ഡി കസ്റ്റഡിയില്‍ ചോദ്യം ചെയ്യുമ്പോള്‍ വനിതാ ഉദ്യോഗസ്ഥരുണ്ടായിരുന്നില്ലെന്ന് സ്വപ്‌ന പറഞ്ഞത് കോടതി രേഖപ്പെടുത്തിയിരുന്നു. 2020 ആഗസ്റ്റ് 12നും 13നും ഇ ഡി ഉദ്യോഗസ്ഥര്‍ സ്വപ്‌നയെ ഭീഷണിപ്പെടുത്തിയെന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴി കളവാണ്. എം. ശിവശങ്കര്‍ ജാമ്യത്തിലിറങ്ങിയശേഷം കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ കേസെടുത്തത് യാദൃച്ഛികമല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ഇന്നലെ ഹര്‍ജിയെടുത്തപ്പോള്‍ ഇ ഡിക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അസൗകര്യം വ്യക്തമാക്കി ഹര്‍ജി മാറ്റണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് സിംഗിള്‍ബെഞ്ച് ഹര്‍ജി ഇന്നത്തേക്ക് മാറ്റിയത്. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ പാടില്ലെന്ന് കോടതി നിര്‍ദേശിച്ചെങ്കിലും അന്വേഷണം തുടരുകയാണെന്നും ഇതനുവദിക്കരുതെന്നും തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. കേന്ദ്ര അന്വേഷണ ഏജന്‍സിയും സംസ്ഥാനത്തെ ഒരു അന്വേഷണ ഏജന്‍സിയും തമ്മിലുള്ള കേസാണ്. ഇരുകൂട്ടരും നീതിപൂര്‍വമായി പെരുമാറണമെന്നും തുഷാര്‍ മേത്ത അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: