കേരളാ കോണ്‍ഗ്രസ്സ് മാണി വിഭാഗം നേതാവ് ജോസ് കെ.മാണി ലൗജിഹാദിനെക്കുറിച്ച് നടത്തിയ പരാമര്‍ശം ഇടതുമുന്നണിയെ വെട്ടിലാക്കിയിരിക്കുന്നു. ലൗജിഹാദില്‍ യാഥാര്‍ത്ഥ്യമുണ്ടോയെന്ന് പരിശോധിക്കണമെന്നും, അതിനെക്കുറിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കണമെന്നും ജോസ് കെ.മാണി പറഞ്ഞതിനെ കേരള കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ്-കെസിബിസി പൂര്‍ണമായി പിന്തുണച്ചത് സ്ഥിതിഗതികളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. ലൗജിഹാദ് പച്ചയായ യാഥാര്‍ത്ഥ്യമാണെന്നും, സിപിഎമ്മും മറ്റ് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട കെസിബിസി, ലൗജിഹാദ് ഇല്ലെന്ന് മുഖ്യമന്ത്രി പറയുന്നത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമായിട്ടാകാമെന്നും വ്യക്തമാക്കിയിരിക്കുകയാണ്. ലൗജിഹാദിന്റെ കാര്യത്തില്‍ സഭയ്ക്കും പൊതുസമൂഹത്തിനും ആശങ്കയുണ്ടെന്നും, അത് ദൂരീകരിക്കേണ്ടത് സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളുമാണെന്നുമുള്ള കെസിബിസിയുടെ നിലപാട് സ്വാഗതം ചെയ്യപ്പെടേണ്ടതുണ്ട്. തെരഞ്ഞെടുപ്പിന്റെ മധ്യത്തിലാണ് കെസിബിസി ഈ അഭിപ്രായ പ്രകടനം നടത്തിയിട്ടുള്ളതെങ്കിലും അത് രാഷ്ട്രീയ പ്രേരിതമല്ല. കാരണം ഇതിനു മുന്‍പ് പലതവണ ലൗജിഹാദിന്റെ കാര്യത്തില്‍ കത്തോലിക്കാ സഭയില്‍പ്പെട്ടവര്‍ ആശങ്ക രേഖപ്പെടുത്തുകയും, ഇതുസംബന്ധിച്ച വസ്തുതകള്‍ വെളിപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്. അപ്പോഴൊക്കെ സിപിഎമ്മും കോണ്‍ഗ്രസ്സും ഇടതു-വലതു മുന്നണികളും ലൗജിഹാദിനെ നിരാകരിക്കുകയോ നിശ്ശബ്ദത പാലിക്കുകയോ ആണ് ചെയ്തത്.
ലൗജിഹാദ് കേരളത്തില്‍ ഒരു യാഥാര്‍ത്ഥ്യമാണ്. ചില തീവ്രവാദ സംഘടനകളുടെ പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണയോടെ നടക്കുന്ന ഇതിന് നിരവധി ഹിന്ദു-ക്രൈസ്തവ പെണ്‍കുട്ടികള്‍ ഇരകളായിട്ടുണ്ട്. ലൗജിഹാദിന്റെ കെണിയില്‍ നിന്ന് രക്ഷപ്പെട്ട പല പെണ്‍കുട്ടികളും അവരനുഭവിച്ച മതപരമായ പീഡനങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന കഥകള്‍ വെളിപ്പെടുത്തിയിട്ടുള്ളതാണ്. തിരുവനന്തപുരം സ്വദേശിയായ നിമിഷയടക്കം നിരവധി പെണ്‍കുട്ടികള്‍ ലൗജിഹാദിന്റെ കെണിയില്‍പ്പെട്ട് മതംമാറി ജിഹാദിനിറങ്ങുകയും, അഫ്ഗാനിസ്ഥാനിലും സിറിയയിലും മറ്റും എത്തിച്ചേര്‍ന്ന് അവിടങ്ങളില്‍ കുടുങ്ങിക്കിടക്കുകയുമാണ്. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ നിരന്തരം മാധ്യമങ്ങളില്‍ വന്നിട്ടും ഇസ്ലാമിക മതമൗലിക വാദികളും തീവ്രവാദികളുമായി അവിശുദ്ധ സഖ്യം പുലര്‍ത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളും സാംസ്കാരിക നായകന്മാരും കണ്ണടച്ച് ഇരുട്ടാക്കുന്ന സമീപനമാണ് സ്വീകരിച്ചത്. അതേസമയം, ഉത്തര്‍പ്രദേശും മധ്യപ്രദേശും ഗുജറാത്തും ലൗജിഹാദിനെതിരെ ജനാധിപത്യപരമായ രീതിയില്‍ നിയമനിര്‍മാണം നടത്തിയപ്പോള്‍ ഇക്കൂട്ടര്‍ അതിനെതിരെ ആക്രോശവുമായി രംഗത്തുവന്നു! യുവതീയുവാക്കളുടെ പ്രണയ വിവാഹങ്ങളെ അവര്‍ ഏത് മതത്തില്‍പ്പെട്ടവരായാലും ഈ നിയമങ്ങള്‍ എതിര്‍ക്കുന്നില്ല. അതിന്റെ പേരിലുള്ള മതംമാറ്റത്തെയും പീഡനങ്ങളെയുമാണ് എതിര്‍ക്കുന്നത്.
രണ്ട് വര്‍ഷമായി കാണാതായിരിക്കുന്ന പത്തനംതിട്ടക്കാരിയായ ജെസ്ന എന്ന പെണ്‍കുട്ടിയെ ചില മതതീവ്രവാദ സംഘടനകള്‍ സിറിയയില്‍ എത്തിച്ചതായാണ് വിവരമെന്ന് കേസ് ഏറ്റെടുത്ത സിബിഐ ഹൈക്കോടതിയെ അറിയിച്ചതായാണ് ഏറ്റവും ഒടുവിലത്തെ വാര്‍ത്ത. വൈക്കത്തെ അഖില എന്ന പെണ്‍കുട്ടി പ്രണയത്തിലകപ്പെട്ട് ഇസ്ലാംമതം സ്വീകരിച്ചപ്പോള്‍ പിന്തുണയുമായി രംഗത്തെത്തിയവര്‍ ജെസ്നയുടെ കാര്യത്തില്‍ ഒരക്ഷരംപോലും മിണ്ടുന്നില്ല. പരസ്പരം എതിര്‍ക്കുന്നു എന്നു പറയുന്ന ഇടതുമുന്നണിയും വലതുമുന്നണിയും തങ്ങളുടെ രാഷ്ട്രീയ സ്വാതന്ത്ര്യം ഇസ്ലാമിക തീവ്രവാദികള്‍ക്ക് അടിയറവച്ചിരിക്കുകയാണ്. അതുകൊണ്ടാണ് ലൗജിഹാദിനെക്കുറിച്ചു മാത്രം മിണ്ടിപ്പോകരുത് എന്നൊരു നിലപാട് അവര്‍ എടുത്തിട്ടുള്ളത്. ലൗജിഹാദിനെതിരെ നിയമനിര്‍മാണം നടത്തുമെന്ന് എന്‍ഡിഎ പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചപ്പോള്‍ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രകടന പത്രികകള്‍ ഇക്കാര്യത്തില്‍ മൗനം പാലിച്ചത് ഇതിന് തെളിവാണ്. ലൗജിഹാദിന്റെ യാഥാര്‍ത്ഥ്യം പരിശോധിക്കണമെന്ന ജോസ് കെ. മാണിയുടെ പ്രതികരണം ഇടതുമുന്നണിയെ മാത്രമല്ല ഐക്യമുന്നണിയെയും പ്രതിക്കൂട്ടിലാക്കിയിരിക്കുന്നു. ലൗജിഹാദ് മതേതരത്വത്തിനും മതസൗഹാര്‍ദ്ദത്തിനും എതിരാണ്. പൗരന് ഭരണഘടന ഉറപ്പു നല്കുന്ന മനുഷ്യാവകാശങ്ങളെ ഹൈജാക്ക് ചെയ്യലാണ്. ഈ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ജനവിധിയെ നിര്‍ണയിക്കുന്നതില്‍ ഒരു പ്രധാന ഘടകമായിരിക്കും ലൗജിഹാദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: