തിരുവനന്തപുരം: ഇടതുമുന്നണിക്കാരായ പൊലീസ് അസോസിയേഷന് നേതാക്കള്‍ പൊലീസുകാരുടെ തപാല്‍ വോട്ടുകള്‍ പിടിക്കാന്‍ സാദാ പൊലീസുകാരെ വിരട്ടുന്നുവെന്ന ആരോപണം ശക്തമാകുന്നു.
ഡിജിപി ലോക്നാഥ് ബെഹ്റയും ജില്ലാ പൊലീസ് മേധാവികളും താക്കീത് നല്‍കിയിട്ടും അത് വകവെയ്ക്കാതെയാണ് പൊലീസ് അസോസിയേഷന് നേതാക്കള്‍ ഇടതുമുന്നണിയ്ക്കായി പൊലീസുകാരെ ഭീഷണിപ്പെടുത്തി തപാല്‍ വോട്ട് സംഘടിപ്പിക്കാന്‍ നോക്കുന്നത്.
പൊലീസ് അസോസിയേഷന് നേതാക്കള്‍ ലീവെടുത്ത് ഇടതുസ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പൊലീസുകാരുടെ തപാല്‍ വോട്ട് പിടിക്കാന്‍ ഇറങ്ങിയിരിക്കുന്നതായി സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നതായും പറയപ്പെടുന്നു. എന്നാല്‍ ഈ റിപ്പോര്ട്ടിന്മേല് ഒരു നടപടിയും ഉണ്ടായിട്ടില്ല. ഈ റിപ്പോര്‍ട്ട് ഡിജിപിയും കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക സമിതിയും വെളിച്ചം കാണിച്ചിട്ടില്ലെന്ന് പരാതി ഉയരുന്നുണ്ട്. ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടെന്ന് പൊലീസിനുവേണ്ടി തപാല്‍ വോട്ടുകള്‍ കൈകാര്യം ചെയ്യുന്ന നോഡല്‍ ഓഫീസറായ എഐജിയ്ക്ക് മുകളില്‍ നിന്നും ഉപദേശം ലഭിച്ചിട്ടുണ്ടെന്നും അറിയുന്നു.
എന്ത് മാര്‍ഗ്ഗം ഉപയോഗിച്ച് ഓരോ വോട്ടും പെട്ടിയിലാക്കാന്‍ ശക്തമായ സമ്മര്‍ദ്ദമാണ് നേതാക്കളുടെ മേല്‍ ഇടതുമുന്നണി ചെലുത്തുന്നത്. പൊലീസുകാരെ ഭീഷണിപ്പെടുത്തുന്ന പൊലീസ് അസോസിയേഷന് നേതാക്കളെ തപാല്‍ വോട്ടു ചെയ്യുന്ന ബൂത്തുകള്‍ക്ക് മുന്നില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന് രമേശ് ചെന്നിത്തലും ഉമ്മന്‍ചാണ്ടിയും ഡിജിപി ലോക്നാഥ് ബെഹ്റയോട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം ഉടനെ ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും ആരോപണമുണ്ട്. പുതിയ പൊലീസുകാര്‍ തപാല്‍ വോട്ട് ചെയ്യുമ്പോള്‍ ഇടതുസ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കണമെന്നും വോട്ട് ചെയ്തതിന്റെ ചിത്രം മൊബൈലില്‍ ഫോട്ടോയെടുത്ത് കാണിക്കണമെന്നും ഇടതുമുന്നണിക്കാരായ അസോസിയേഷന് നേതാക്കള്‍ നിര്‍ദേശം നല്‍കുന്നതായി അറിയുന്നു.
ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ തപാല്‍ വോട്ടുകള്‍ നിര്‍ണ്ണായകമാകും. നിയമം സംരക്ഷിക്കേണ്ട ബാധ്യതയുള്ള പൊലീസ് സേനയിലെ ഉദ്യോഗസ്ഥര്‍ തന്നെ തപാല്‍വോട്ട് അട്ടിമറിയ്ക്ക് കൂട്ടുനില്ക്കുന്നതില് പ്രതിഷേധം ശക്തമാണ്. സ്ഥലംമാറ്റത്തിലും അച്ചടക്കനടപടിയിലും സ്ഥാനക്കയറ്റത്തിലും വരെ അസോസിയേഷന് ഇടപെടുമെന്നതിനാലാണ് അവരുടെ വിരട്ടലുകള്‍ക്ക് സാധാരണ പൊലീസുകാര്‍ വഴങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: