യംഗൂണ്‍: മ്യാന്മറിലെ പട്ടാള നടപടികള്‍ ഭയന്ന് ജനങ്ങള്‍ അയല്‍രാജ്യമായ തായ്ലന്ഡിലേക്ക് പലായനം ചെയ്യുന്നു. കരേന്‍ വംശജര്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ പട്ടാളം കഴിഞ്ഞ രാത്രിയില്‍ മൂന്നു വ്യോമാക്രമണങ്ങളാണ് നടത്തിയത്. ആരും മരിച്ചില്ലെങ്കിലും ഇനിയും ഇത്തരം ആക്രമണങ്ങള്‍ ഉണ്ടായേക്കുമെന്ന ഭയപ്പാടിലാണ് കരേന്‍ വംശജര്‍. ആയിരങ്ങള്‍ ഇതിനകം തായ്ലന്ഡിലേക്ക് ഓടിപ്പോയി. ഇനിയും വന്‍തോതില്‍ പലായനം ഉണ്ടാകുമെന്നു കണ്ട് തായ്ലന്ഡും കരുതലിലാണ്.
കഴിഞ്ഞ രാത്രി സൈന്യം വിമാനത്തില്‍ നിന്ന് മൂന്നു തവണയാണ് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ ആക്രമണം നടത്തിയത്. ഭയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഒരു കുട്ടിക്ക് ഗുരുതര പരിക്കേറ്റു. ഞങ്ങളുടെ രാജ്യത്തേക്ക് വന്‍തോതിലുള്ള കുടിയേറ്റം അനുവദിക്കാനാവില്ല. അതേസമയം, മനുഷ്യാവകാശം കണ്ടില്ലെന്ന് നടിക്കാനുമാവില്ല, തായ് പ്രധാനമന്ത്രി പ്രയുത് ചാന് ഓച്ച പറഞ്ഞു. അഭയാര്‍ഥികള്‍ക്കു വേണ്ടി ചില സ്ഥലങ്ങള്‍ ഒരുക്കിയിട്ടിട്ടുണ്ട്. സല്വീന് നദി കടന്ന് മൂവായിരത്തോളം പേര് ഇതിനകം തായ്ലന്‍ഡിലെത്തി. കരേനില്‍ പതിനായിരത്തോളം പേര്‍ക്ക് വീടും ജോലിയും നഷ്ടമായി. സൈനിക അട്ടിമറിക്കെതിരെ പൊരുതുന്ന കരേന്‍ നാഷണല്‍ ലിബറേഷന്‍ ആര്‍മിയെന്ന സംഘടന ശനിയാഴ്ച ഒരു സൈനിക പോസ്റ്റ് പിടിച്ചിരുന്നു. ഇതിന് തിരിച്ചടിയെന്ന നിലയ്ക്കാണ് സൈന്യം വ്യോമാക്രമണം നടത്തിയത്.
സൈനിക ഭരണകൂടത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്കു നേരെ ശനിയാഴ്ച രാജ്യമൊട്ടാകെ നടത്തിയ വെടിവയ്പ്പുകളില്‍ 116 പേരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ നിരവധി കുട്ടികളും പെടുന്നു. ഫെബ്രുവരില്‍ ഒന്നിനാണ് ആങ്സാന്‍ സൂച്ചിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അട്ടിമറിച്ച് നേതാക്കളെ തടവിലാക്കി പട്ടാളം മ്യാമറിന്റെ ഭരണം പിടിച്ചത്. പട്ടാള അട്ടിമറിക്കെതിരെ അന്നു മുതല്‍ രാജ്യത്തെങ്ങളും പ്രക്ഷോഭമാണ്. സൈന്യം നടത്തിയ വെടിവയ്പ്പുകളില്‍ അഞ്ഞൂറോളം പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: