ശ്ലോകം 303
യാവദ്‌വാ യത്കിഞ്ചിദ്
വിഷദോഷ സ്ഫൂര്‍ത്തിരസ്തി ചേദ്ദഹേ കഥമാരോഗ്യായ ഭവേത്
തദ്വദഹന്താപി യോഗിനോ മുക്തൈ്യ
വിഷത്തിന്റെ ചെറിയൊരംശമെങ്കിലും ദേഹത്തിലുളളിടത്തോളം കാലം ഒരാള്‍ക്ക് പൂര്‍ണ ആരോഗ്യം എങ്ങനെയുണ്ടാകും? അതുപോലെയാണ് അഹന്തയുടെ ചെറുകണികയെങ്കിലുമുള്ള യോഗിക്ക് മുക്തിയെ കിട്ടുന്നതും.
ശരീരത്തിനകത്ത് വിഷാംശം വന്നു പെട്ടാല്‍ പിന്നെ ആരോഗ്യം തകരാറിലാകും. ചെറിയ വിഷം പോലും ശാരീരിക പ്രശ്‌നങ്ങളെ ബാധിക്കും. അഹന്തയാകുന്ന വിഷം സാധകരെ ശരിക്കും തളര്‍ത്തികളയും. സാധകനില്‍ തങ്ങിനില്‍ക്കുന്ന വിഷമാണ് അഹങ്കാരം. അത് ഉള്ളിലുള്ള കാലത്തോളം മുക്തി സിദ്ധിക്കില്ല. അതുകൊണ്ട് അഹങ്കാരത്തെ വേരോടെ നശിപ്പിക്കണം.
എല്ലാതരത്തിലുള്ള ബന്ധനങ്ങള്‍ക്കും കാരണമായതിനാല്‍ അഹങ്കാരമുള്ള കാലത്തോളം ഭക്തിയുണ്ടാകില്ല. എല്ലാ അനര്‍ത്ഥങ്ങളേയും ഉണ്ടാക്കുന്നതാണ് അഹങ്കാരം. അഹന്തയുണ്ടെങ്കില്‍ മുക്തനല്ല.
ശ്ലോകം 304
അഹമോളത്യന്തനിവൃത്യാ തത്കൃത-
നാനാവില്പസംഹൃത്യാ
പ്രത്യക് തത്ത്വവിവേകാദയമഹ
മസ്മീതി വിന്ദതേ തത്ത്വം
അഹങ്കാരത്തേയും അതുണ്ടാക്കുന്നതായ നാനാവികല്‍പ്പങ്ങളേയും നിശ്ശേഷം ഇല്ലായ്മ ചെയ്ത് പ്രത്യക് തത്ത്വവിചാരം കൊണ്ട് ‘ഈ ബ്രഹ്മം തന്നെ ഞാന്‍’ എന്ന പരമാര്‍ത്ഥാനുഭവമുണ്ടാകുന്നു. വീണ്ടും ഉണ്ടാകാത്ത തരത്തില്‍ അഹങ്കാരവും അതേ തുടര്‍ന്നുള്ള കല്‍പ്പനകളും നശിച്ചാല്‍ ആത്മതത്ത്വം അനുഭവിക്കാം. ഞാന്‍ ബ്രഹ്മം തന്നെയെന്ന അപരോക്ഷ ജ്ഞാനത്തെ നേടാം.
അഹങ്കാരത്തിന്റെ നിലവാരത്തില്‍ ജീവിക്കുമ്പോള്‍ കുടുംബം, വംശം, നാമം, രൂപം, ധനം, ജ്ഞാനം തുടങ്ങിയവയെപ്പറ്റി പലതരം വിക്ഷേപങ്ങള്‍ മനസ്സില്‍ ഉണ്ടായികൊണ്ടിരിക്കും. അഹങ്കാരം നശിച്ചാല്‍ അതില്‍ നിന്നുള്ള അഭിമാനവും നശിക്കും.
അഹങ്കാരം തുടങ്ങി എല്ലാതരത്തിലുള്ള ഭ്രാന്തികളേയും തള്ളിക്കളയുമ്പോള്‍, ഒടുക്കുമ്പോള്‍ ആത്മ ദര്‍ശനമുണ്ടാകും.
അഹങ്കാര നാശം തന്നെയാണ് ആത്മസാക്ഷാത്കാരം. ഞാന്‍ ഈ ബ്രഹ്മം തന്നെയാണ് എന്ന് അനുഭവമാകലാണ് ആത്മസാക്ഷാത്കാരം. അത് തന്നില്‍ നിന്നും വേറിട്ട ഒന്നല്ല. അപരോക്ഷ അനുഭൂതിയാണ്. തന്റെ യഥാര്‍ത്ഥ സ്വരൂപത്തെ തന്നില്‍ താന്‍ തന്നെയായി അറിയലാണ് ആത്മ ദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: