വഡവൂര്, ദേവപത്തനം മുതലായ രണ്ടുമൂന്നു കോട്ടകള്‍ കൂടി അവിടെ ജയിച്ചു. തിരുവാഡിയുദ്ധത്തില് ശിവാജിക്ക് അയ്യായിരം കുതിരകളെ കിട്ടിയിരുന്നു. ഇതോടുകൂടി ദക്ഷിണത്തിലെ പ്രധാനപ്പെട്ട വിരോധികളെല്ലാം കീഴടങ്ങിക്കഴിഞ്ഞു.
അതിനുശേഷം ശിവാജി അനുജനായ വെങ്കോജിയെ കാണാനായി തഞ്ചാവൂര്‍ക്ക് പുറപ്പെട്ടു. പരാക്രമിയും ധര്‍മരക്ഷകനും മഹാരാഷ്ട്രയുടെ ഛത്രപതിയുമായ തന്റെ ജ്യേഷ്ഠന് വരുന്ന വിവരം അറിഞ്ഞ വെങ്കോജി സ്വയം വന്നു ജ്യേഷ്ഠനെ സ്വീകരിക്കേണ്ടതായിരുന്നു. അങ്ങനെ ചെയ്തില്ലെന്നു തന്നെയല്ല അദ്ദേഹത്തിന്റെ വരവ് അറിഞ്ഞില്ലെന്ന മട്ടില്‍ ഉപേക്ഷ കാണിച്ചു. ദക്ഷിണ വിജയയാത്ര പുറപ്പെടുന്നതിനു മുന്‍പു തന്നെ ഛത്രപതി വെങ്കോജിക്ക് ഭാവപൂര്ണമായ ഒരു പത്രം എഴുതിയിരുന്നു. എഴുത്തില്‍ തന്റെ ജീവനോദ്ദേശ്യം സ്പഷ്ടമായി വിവരിച്ചിട്ടുണ്ടായിരുന്നു. അക്കാര്യത്തില്‍ സഹയോഗിയാകൂ എന്ന് നിവേദനവും ചെയ്തിരുന്നു. നിര്‍ഭാഗ്യം എന്നു പറയട്ടെ ജ്യേഷ്ഠന്റെ ഗുണങ്ങള്‍ അനുജനില്‍ ഉണ്ടായിരുന്നില്ല. അനുജന് സ്വാതന്ത്ര്യത്തെക്കാള്‍ ദാസ്യപ്രവൃത്തിയിലായിരുന്നു കൂടുതല്‍ സന്തോഷം. ‘ക്ഷീരമുള്ളോരകിട്ടിന് ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം’ എന്നു പറഞ്ഞതുപോലെ വെങ്കോജി ശിവാജി അയച്ച കത്തില്‍ ശ്രദ്ധിച്ചതേയില്ല.
ശിവാജിയുടെ മനസ്സില്‍ എന്തുചെയ്യണമെന്ന ശങ്ക ജനിച്ചു. അനുജനോട് എങ്ങനെ യുദ്ധം ചെയ്യും? യുദ്ധം ചെയ്തില്ലെങ്കില്‍, ഞാന്‍ ബീജാപ്പൂരിന്റെ അധീനതയില്‍നിന്നും മോചിപ്പിച്ച സ്ഥലങ്ങള്‍ നാളെ വെങ്കോജി ജയിച്ച് വീണ്ടും ബീജാപ്പൂരിന്റെ അധീനതയിലാക്കും. അവസാനം ഛത്രപതി ഒരു ഉറച്ച തീരുമാനമെടുത്തു. ജീവിതത്തില്‍ ഇതുപോലെ പല അവസരങ്ങളും ഉണ്ടായിട്ടുണ്ട്. ആ അവസരങ്ങളിലെല്ലാം ധ്യേയദൃഷ്ടി അദ്ദേഹത്തിന് ദീപസ്തംഭംപോലെ വഴികാട്ടി. ഹൈന്ദവിസ്വരാജ്യത്തിന്റെ ഹിതം മാത്രം അദ്ദേഹം തിരഞ്ഞെടുത്തു.
തഞ്ചാവൂരിനും കാവേരീ നദിക്കും ഇടയിലുള്ള തിരുമലവാഡിയില്‍ നിന്നുകൊണ്ട് ശിവാജി വെങ്കോജിയുടെ പ്രമുഖരായ ഏതാനും മന്ത്രിമാരെ വിളിപ്പിച്ചു. അവരുടെ മുന്നില്‍ എല്ലാ വിഷയങ്ങളും വിവരിച്ചു. ഈ വിഷയത്തില്‍ വെങ്കോജിയുടെ അംഗീകാരം വാങ്ങൂ എന്ന് നിവേദനം നടത്തി. അവര്‍ അതുപോലെ ചെയ്തു. എന്നാല്‍ വെങ്കോജിയുടെ മാനസികാവസ്ഥയില്‍ യാതൊരു മാറ്റവുമുണ്ടായില്ല.
നേരിട്ട് സംസാരിച്ചാല്‍ എന്തെങ്കിലും മാറ്റം ഉണ്ടാകുമെന്ന് കരുതി ശിവാജി വെങ്കോജിക്ക് എഴുത്തുമായി ദൂതനെ അയച്ച് കൂടിക്കാഴ്ചയ്ക്ക് വിൡപ്പിച്ചു. അതനുസരിച്ച് വെങ്കോജി വന്നു. തിരുമലവാഡിയില്‍ മഹാരാജാവിന്റെ കൂടെ എട്ട് ദിവസം താമസിക്കുകയും ചെയ്തു. ഛത്രപതി ശിവാജി വെങ്കോജിയുമായി പല വിഷയങ്ങളും സംസാരിച്ചു. എന്നാല്‍ ഒന്നിനും ഒരു മറുപടിയും പറഞ്ഞില്ല. മൗനമായി കേട്ടിരുന്ന അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു പരിവര്‍ത്തനവും ഉണ്ടായില്ല.
അവസാനം ശിവാജി ആവശ്യപ്പെട്ടു ‘ആദരണീയ പിതാശ്രീ കര്‍ണാടകത്തില്‍ ജയിച്ച രാജ്യം മുഴുവന്‍ താനൊറ്റയ്ക്ക് അനുഭവിക്കുകയാണ്. വാസ്തവത്തില്‍ ശഹാജിയുടെ മരണാനന്തരം എന്റെ ഭാഗം എനിക്കു തരേണ്ടതായിരുന്നു.
പോട്ടെ, അതിരിക്കട്ടെ, ഇനിയെങ്കിലും ന്യായമായി സഹോദരഭാവത്തോടെ പ്രശ്നം പരിഹരിക്കാം.’ എന്നാല്‍ മുന്‍പ് ശിവാജി വെങ്കോജിക്കയച്ച കത്തില്‍ സ്വത്തിന്റെ വിഭജനം ആഗ്രഹിക്കുന്നില്ല എന്നാണെഴുതിയിരുന്നത്. എന്നാല്‍ സ്വരാജ്യ വികസനത്തിന്റെ കാര്യത്തില്‍ വെങ്കോജിക്ക് തീരെ താല്പ്പര്യല്മില്ലാത്തതിനാലാണ്, മറ്റുപായങ്ങളില്ലാതെ സ്വത്ത് വിഭജിക്കണം എന്ന ആവശ്യം ഉന്നയിച്ചത്. അതിനും ഒരു മറുപടിയും വെങ്കോജി കൊടുത്തില്ല. എന്നുതന്നെയല്ല ഒരു രാത്രി രഹസ്യമായി ശിവാജിയുടെ ശിബിരത്തില്‍നിന്നും ഒളിച്ചു കടന്നുകളഞ്ഞു. തഞ്ചാവൂരില്‍ പ്രവേശിച്ചു.
പിറ്റേ ദിവസം വിവരമറിഞ്ഞ ശിവാജിക്ക് വളരെ ദുഃഖമുണ്ടായി. വെങ്കോജിയുടെ ബാലബുദ്ധി ഇതുവരെ ഉറച്ചില്ലല്ലോ എന്ന ദുഃഖം.
അതിനെതുടര്‍ന്ന് ശിവാജി കോളരന് നദിയുടെ വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന വെങ്കോജിയുടെ രാജ്യം കീഴടക്കാന്‍ പുറപ്പെട്ടു. ഈ അവസരത്തില്‍ വെങ്കോജിയുടെ ഇളയ സഹോദരനായ സന്താജി ശിവാജിയുടെ പക്ഷം ചേര്‍ന്നു. സന്താജിയെ ശിവാജി ആയിരം സൈനികരുടെ നായകനായി നിയമിച്ചു. കാവേരീപത്തനം, ഭദ്രാചലം, ചിദംബരം മുതലായ പ്രദേശങ്ങള്‍ കീഴടക്കി ബേംഗളൂര്‍, ഹോസകോടേ, കോലാര്‍, ശിരാ മുതലായവയും സ്വതന്ത്ര ഹിന്ദുരാജ്യത്തോട് ചേര്‍ത്തുകൊണ്ട് ഛത്രപതി വായുവേഗത്തില്‍ ദിഗ്വിജയം തുടര്‍ന്നു.ഇത്രയുമായപ്പോഴേക്കും വെറുതെ ഇരിക്കാന്‍ സാധിക്കാതെ വെങ്കോജി മധുരയിലേയും മൈസൂരിലേയും ഭരണാധികാരികളെ ശിവാജിക്കെതിരെ അണിനിരത്താന്‍ ശ്രമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: