തിരുവനന്തപുരം: വോട്ടിംഗിന്റെ രഹസ്യാത്മകത ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്ക് പരാതി നല്കി ബിജെപി. ബൂത്തിലെത്തി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ വോട്ടു രേഖപ്പെടുത്താനാകാത്തവര്ക്കു വേണ്ടി വീടുകളിലെത്തി ബാലറ്റില്‍ വോട്ടു രേഖപ്പെടുത്തി ശേഖരിക്കുന്ന പ്രക്രിയയുടെ രഹസ്യാത്മകത ലംഘിക്കുന്നുവെന്നാണ് ബിജെപി ആരോപിക്കുന്നത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനാണ് പരാതിയുമായി ചീഫ് ഇലക്ട്രല്‍ ഓഫീസറെ സമീപിച്ചിരിക്കുന്നത്.
ഉദ്യോഗസ്ഥന്മാര് സ്ഥാനാര്‍ഥികളുടെ ഏജന്റുമാരെ വിവരം അറിയിച്ച് അവരുടെ കൂടി സാന്നിധ്യത്തില്‍ വേണം വോട്ടര്‍മാരെ കൊണ്ട് വോട്ടുചെയ്യിച്ച് ബാലറ്റുകള്‍ ശേഖരിക്കാന്‍. എന്നാല്‍ ഇതിനായി പോകുന്ന ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധനകള്‍ പൂര്‍ണമായും പാലിക്കുന്നില്ലെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. ഇതിനായി പോകുന്ന ജീവനക്കാര്‍ ഒട്ടുമിക്കപേരും സിപിഎം പോഷകസംഘടനയില്പെട്ടവരാണ്. ഇവരോടൊപ്പം സിപിഎമ്മിന്റെ ഒന്നില്‍ കൂടുതല്‍ പ്രതിനിധികളും വോട്ടര്‍മാരുടെ വീടുകളിലെത്തുന്നു. അതേസമയം മറ്റു പാര്‍ട്ടികളുടെ ഏജന്റുമാരെ വിവരം അറിയിക്കാറുമില്ലെന്ന് പരാതിയില്‍ ആരോപിക്കുന്നു.
മറ്റ് പാര്‍ട്ടിക്കാരെ ആരെയും അറിയിക്കാതെ അവര്‍ സിപിഎമ്മുകാരുമായി നേരിട്ട് വോട്ടറെ സമീപിച്ച് വോട്ടു രേഖപ്പെടുത്തി ബാലറ്റ് ശേഖരിച്ച് മടങ്ങുകയാണ്. ഇത് മാനദണ്ഡങ്ങളുടെ കടുത്ത ലംഘനമാണ്. ഇത്തരത്തില്‍ വോട്ടു ചെയ്യിക്കുമ്പോള്‍ അട്ടിമറി സാധ്യത വളരെ കൂടുതലാണ്. ഇത് ജനാധിപത്യത്തിന്റെ മര്യാദയും മഹത്ത്വവും നഷ്ടപ്പെടുത്തുന്നതാണെന്നും ജോര്‍ജ് കുര്യന് പരാതിയില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: