കോന്നി: കോന്നി നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ഏപ്രില്‍ രണ്ടിന് പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയം മൈതാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന വിജയ് റാലിയില്‍ ഒരു ലക്ഷം പേര് പങ്കെടുക്കും. ഒമ്പത് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ വേദിയില്‍ അണിനിരക്കും. കെ. സുരേന്ദ്രന് പുറമെ പത്തനംതിട്ട ജില്ലയിലെ മറ്റു നാല് മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളും, ചെങ്ങന്നൂര്‍, മാവേലിക്കര, പത്തനാപുരം, കൊട്ടാരക്കര എന്നീ മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളും വിജയ് റാലിയില്‍ അണിചേരും.
വിജയ് റാലിക്ക് രാവിലെ 11.30ന് മുമ്പായി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയം മൈതാനിയില്‍ പ്രവര്‍ത്തകര്‍ പ്രവേശിക്കണം. 11.45 യോടെ പരിപാടി ആരംഭിക്കും. 11 മുതലാണ് പ്രവേശനം അനുവദിക്കുക. മത, സാമുദായിക നേതാക്കള്‍ പ്രത്യേകം ക്ഷണിതാക്കളായെത്തും. പ്രധാനമന്ത്രി ആദ്യമായാണ് പത്തനംതിട്ട ജില്ലയില്‍ സന്ദര്‍ശനം നടത്തുന്നത്. അതിനാല്‍ എല്ലാ ബൂത്തുകളില്‍ നിന്നും പ്രവര്‍ത്തകരെത്തും. കോന്നി നിയോജക മണ്ഡലത്തില്‍ നിന്ന് മാത്രം 30,000 പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ മുന്നൊരുക്കങ്ങള്‍ ഏകോപിപ്പിക്കുന്ന ബിജെപി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ് പറഞ്ഞു.
കെ. സുരേന്ദ്രന് പതിനായിരത്തിലേറെ ഭൂരിപക്ഷത്തിനു വിജയിക്കും. കഴിഞ്ഞ ദിവസം നടത്തിയ മഹാസമ്പര്‍ക്കത്തില്‍ അത്ഭുതമുളവാക്കുന്ന പിന്തുണയാണ് ജനങ്ങളില്‍ നിന്ന് ലഭിച്ചത്. നിലവിലെ സാഹചര്യത്തില്‍ കോന്നിയില്‍ എന്‍ഡിഎ മുന്നണിക്കാണ് മേല്‍ക്കൈ. പ്രധാനമന്ത്രി കൂടി എത്തുന്നതോടെ ഭൂരിപക്ഷം കുതിച്ചുയരുമെന്നും രഘുനാഥ് പറഞ്ഞു. ശബരിമലയില്‍ നടന്ന സംഭവങ്ങളില്‍ കോന്നിയിലെ വിശ്വാസികള്‍ ഇന്നും മനസ്സ് മുറിപ്പെട്ടു കഴിയുകയാണ്. നരേന്ദ്ര മോദി ആവിഷ്കരിച്ചു നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളും വികസനങ്ങളും ജനങ്ങളെ സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന വക്താവ് അഡ്വ. നാരായണന് നമ്പൂതിരി, നിയോജക മണ്ഡലം പ്രസിഡന്റ് ജി. മനോജ്, ജില്ലാ സെക്രട്ടറി വിഷ്ണുമോഹന്, എന്‍ഡിഎ തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് ബാബു വെളിയത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: