വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പരാജയഭീതി പൂണ്ട സിപിഎം അക്രമത്തിലേക്ക് തിരിഞ്ഞിരിക്കുന്നു. കഴക്കൂട്ടത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ റാലിയെ ആക്രമിച്ച ഡിവൈഎഫ്ഐക്കാര്‍ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ ഒളിക്കുകയായിരുന്നു. കനത്ത പ്രതിഷേധമുയര്‍ന്നതോടെ അക്രമികളില്‍ രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തെങ്കിലും പലരേയും ഒഴിവാക്കി. പാലക്കാട് മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി മെട്രോമാന് ഇ. ശ്രീധരന്റെ പ്രചാരണ സാമഗ്രികളും സിപിഎമ്മുകാര്‍ നശിപ്പിച്ചു. പേരാവൂര്‍ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി സ്മിത ജയമോഹന്റെ പ്രചാരണ വാഹനം മുടക്കോഴിമലയില്‍ തടഞ്ഞു. തങ്ങളുടെ ശക്തികേന്ദ്രമായ ഇവിടെ ബിജെപിയുടെ പ്രചാരണം അനുവദിക്കില്ലെന്ന് അക്രമികള്‍ ഭീഷണി മുഴക്കിയത് സിപിഎമ്മിന്റെ പതിവ് ധാര്‍ഷ്ട്യമാണ്. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെ നേരിടുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.കെ. പത്മനാഭന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും സിപിഎമ്മുകാര്‍ ആക്രമിച്ചു നശിപ്പിച്ചിരുന്നു. സംഘടിതവും ആസൂത്രിതവുമാണ് ഈ ആക്രമണമെന്നും, സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് ഇത് അരങ്ങേറുന്നതെന്നും വ്യക്തമാണ്. സിപിഎം നേതൃത്വം അക്രമങ്ങളെ തള്ളിപ്പറഞ്ഞിട്ടില്ലെന്നു മാത്രമല്ല, മന്ത്രി കടകംപള്ളി സുരേന്ദ്രനെപ്പോലെ അതിനെ ന്യായീകരിക്കുകയുമാണ്. കഴക്കൂട്ടം മണ്ഡലത്തിലെ അണിയൂരില്‍ നടന്നത് ഏകപക്ഷീയമായ ആക്രമണമാണെന്ന് ദൃശ്യങ്ങള്‍ തന്നെ തെളിയിക്കുന്നു. എന്നിട്ടും അക്രമികള്‍ക്കൊപ്പം നില്‍ക്കുകയാണ് പരാജയം മണക്കുന്ന കടകംപള്ളി ചെയ്തത്.
എല്ലായിടങ്ങളിലും ബിജെപി-എന്‍ഡിഎ സ്ഥാനാര്‍ത്ഥികളാണ് ആക്രമിക്കപ്പെടുന്നത്. സമാധാനാന്തരീക്ഷം തകര്‍ത്ത് ബിജെപിയുടെ മുന്നേറ്റം തടയുകയെന്നതാണ് ഇതിനു പിന്നിലെ സിപിഎം തന്ത്രം. സൗഹൃദ മത്സരം നടത്തുന്ന കോണ്‍ഗ്രസ്സിനെ ഒഴിവാക്കി എതിര്‍പ്പിന്റെ കുന്തമുന ബിജെപിക്കെതിരെ തിരിച്ചുപിടിക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത് പരാജയഭീതി തന്നെയാണ്. വാക്കിലും പ്രവൃത്തിയിലും ജനാധിപത്യത്തെ അംഗീകരിക്കാത്ത പാര്‍ട്ടിയാണല്ലോ സിപിഎം. പഞ്ചായത്തു തെരഞ്ഞെടുപ്പിലേതുപോലെ പാര്‍ട്ടി ചാവേറുകളായ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വ്യാപകമായി കള്ളവോട്ടു ചെയ്യാനുള്ള പദ്ധതി സിപിഎം ആസൂത്രണം ചെയ്തിരുന്നു. ലക്ഷക്കണക്കിന് ഇരട്ട വോട്ടുകള്‍ കണ്ടുപിടിച്ചതിലൂടെ ഈ അട്ടിമറി പൂര്‍ണതോതില്‍ നടപ്പാക്കാന്‍ കഴിയാതെ വന്നിരിക്കുന്നു. അപ്പോഴും കൊവിഡ് തപാല്‍ വോട്ടുകളില്‍ വ്യാപകമായി കൃത്രിമം നടത്തുകയാണ്. ഇങ്ങനെയൊക്കെ ചെയ്തിട്ടും തുടര്‍ഭരണ സാധ്യത മങ്ങിയിരിക്കുന്നു എന്നു മനസ്സിലാക്കിയാണ് പല മണ്ഡലങ്ങളിലും സിപിഎം അക്രമം അഴിച്ചുവിടുന്നത്. പാര്‍ട്ടി നേതൃത്വത്തിന്റെ നിരാശയും അമര്‍ഷവും ഇതില്‍ പ്രകടമാണ്. ഇപ്പോഴത്തെ അക്രമപ്രവര്‍ത്തനങ്ങള്‍ ഒരു തുടക്കം മാത്രമാണ്. പോളിങ് ദിവസം അടുക്കുന്നതോടെ അത് വര്‍ധിക്കാനാണ് എല്ലാ സാധ്യതയും. സമാധാനാന്തരീക്ഷം തകര്‍ത്ത് സാധാരണ വോട്ടര്‍മാരെ അകറ്റി നിര്‍ത്തുക. ഈ അവസരം ഉപയോഗിച്ച് കള്ളവോട്ടുള്‍പ്പെടെ പാര്‍ട്ടി വോട്ടുകള്‍ പരമാവധി പോള്‍ ചെയ്യിക്കുകയെന്നതാണ് സിപിഎം തന്ത്രം. ഇതിനെതിരെ പ്രതിപക്ഷവും ജനങ്ങളും തികഞ്ഞ ജാഗ്രത പാലിക്കണം. പരാതികള്‍ ഉയര്‍ന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെയും പോലീസിന്റെയും ഭാഗത്തുനിന്ന് സത്വരമായ നടപടികളുണ്ടാവണം. ഇങ്ങനെ സംഭവിക്കുന്നില്ലെങ്കില്‍ ജനവിധി അട്ടിമറിക്കപ്പെടുമെന്ന് ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: